5ജി, സാറ്റ്കോം, ബിഎസ്എൻഎൽ 4ജി; 2022ലെ ഇന്ത്യൻ പ്രതീക്ഷകൾ
രാജ്യത്തിന്റെ ടെലിക്കോം മേഖലയിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന വർഷമായിരിക്കും 2022. ടെലിക്കോം മേഖലയിൽ മാത്രമല്ല, സാങ്കേതികവിദ്യ മേഖലയിലും സമാനതയില്ലാത്ത മാറ്റങ്ങൾ കാണാൻ കഴിയുന്ന വർഷമായിരിക്കും 2022. സമാർട്ട്ഫോൺ മേഖലയിൽ ഫോൾഡബിൾ ഡിവൈസുകളുടെ മുന്നേറ്റം, വെയറബിൾ ഡിവൈസുകൾ സാർവത്രികമാകുന്നത്, സ്മാർട്ട്ഗ്ലാസുകൾ പോലെയുള്ള വെർച്വൽ ഡിവൈസുകളുടെ പുതിയ രൂപങ്ങളും മെറ്റാവേഴ്സ് ഡെവലപ്പ്മെന്റ്, അങ്ങനെ തുടങ്ങി 2022 സാങ്കേതിക മേഖലയുടെ ഉടച്ച് വാർക്കലിന് തന്നെ കാരണമാകും. എങ്കിലും ടെലിക്കോം മേഖലയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ തന്നെ തന്നെയാകും നമ്മുടെ രാജ്യത്തെ സംബന്ധിച്ച് പ്രധാനം ആകുക. പ്രത്യേകിച്ചും 5ജി റോൾ ഔട്ട്, ബിഎസ്എൻഎൽ 4ജി, സാറ്റലൈറ്റ് ഇന്റർനെറ്റ് മേഖലയിലേക്കുള്ള സ്റ്റാർലിങ്കിന്റെ കടന്ന് വരവ് എന്നിവയെല്ലാം നിർണായകമാകും.

5ജിയ്ക്കായി കാത്തിരിപ്പ് തുടരുന്നു
5ജി സേവനങ്ങൾക്കായി ഇന്ത്യക്കാരുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്. 5ജി സ്മാർട്ട്ഫോണുകളും ഗാഡ്ജറ്റുകളും എല്ലാം വിപണിയിൽ എത്തിയിട്ടും 5ജി സേവനങ്ങൾ മാത്രം ഇന്നും കിട്ടാക്കനിയാണ്. 2022 എപ്രിൽ മെയ് മാസങ്ങളിൽ എങ്കിലും സ്പെക്ട്രം ലേലം നടക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ലേലം പൂർത്തിയായാൽ പിന്നെ അതിവേഗം സേവനങ്ങൾ ലഭ്യമാക്കാനാണ് ടെലിക്കോം കമ്പനികളുടെ തീരുമാനം. നിലവിൽ ജിയോ, എയർടെൽ എന്നീ മുൻനിര ടെലിക്കോം കമ്പനികൾ 5ജി നെറ്റ്വർക്ക് പരീക്ഷിക്കുന്നുണ്ട്. 5ജി നെറ്റ്വർക്ക് രാജ്യത്ത് എല്ലാ മേഖലകളിലും എത്തിയാൽ സിനിമകൾ പോലും സെക്കന്റുകൾ കൊണ്ട് ഡൌൺലോഡ് ചെയ്യാൻ കഴിയും.

ആദ്യ ഘട്ടത്തിൽ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലാകും സേവനം ലഭ്യമാക്കുക. ഇത് സംബന്ധിച്ച്. ടെലിക്കോം സേവനദാതാക്കളുമായി സർക്കാർ ചർച്ച തുടങ്ങിക്കഴിഞ്ഞു. എപ്രിൽ മെയ് സമയത്ത് ലേലം പൂർത്തിയാക്കി സ്വാതന്ത്ര്യ ദിനത്തോടെ പ്രഖ്യാപനം നടത്താനാവും നീക്കം. ഡിവൈസുകളും മറ്റും രാജ്യത്ത് എത്തിച്ച ശേഷം 6 ആഴ്ചയെങ്കിലും നെറ്റ്വർക്ക് വിന്യസിക്കാൻ വേണ്ടി വരുമെന്നാണ് കമ്പനികളുടെ നിലപാട്. അതേ സമയം ചിപ്പ് ക്ഷാമം 5ജി റോൾഔട്ടിനെ ദോഷകരമായി ബാധിച്ചേക്കാമെന്നും കമ്പനികൾ ആശങ്ക പ്രകടിപ്പിക്കുന്നു.

ബിഎസ്എൻഎൽ 4ജി
എത്രയൊക്കെ അവസരം ലഭിച്ചാലും സ്വയം നന്നാകാൻ താത്പര്യമില്ലാത്ത കുട്ടിയെപ്പോലെയാണ് ബിഎസ്എൻഎൽ. ലോകം 6ജിയെപ്പറ്റി ചർച്ച നടത്തുമ്പോൾ ഇന്ത്യയിൽ ഇപ്പോഴും 5ജി സേവനങ്ങൾ ലഭ്യമായിട്ടില്ല. ബിഎസ്എൻഎൽ പക്ഷെ എല്ലായിടത്തും 4ജി പോലും എത്തിക്കാൻ കഴിയാതെ ഏറെ പിന്നിലുമാണ്. ബിഎസ്എൻഎൽ 4ജി രാജ്യമാകെ ലഭ്യമാകാൻ കാത്തിരിപ്പ് തുടരുമെന്നാണ് സൂചനകൾ തെളിയിക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ 4ജി പരീക്ഷണം പോലും ജനുവരി പകുതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബിഎസ്എൻഎല്ലിന് 4ജി സാങ്കേതിക വിദ്യ ലഭ്യമാക്കാമെന്ന് അറിയിച്ച ടിസിഎസുമായുള്ള സാങ്കേതിക പ്രശ്നങ്ങൾ പോലും ഇത് വരെ പരിഹരിച്ചിട്ടില്ല. 2022 അവസാനം വരെയെങ്കിലും ബിഎസ്എൻഎൽ 4ജിയ്ക്കായി കാത്തിരിക്കേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പാണ്.

രാജ്യത്തെ 50,000 കേന്ദ്രങ്ങളിലാവും ആദ്യഘട്ടത്തിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാക്കുക. രണ്ടാം ഘട്ടത്തിൽ 40,000 ഇടങ്ങളിൽക്കൂടി 4ജി ലഭ്യമാക്കും. സേവനങ്ങൾ ലഭ്യമാക്കുന്നതിന് ടെലിക്കോം വകുപ്പിൽ നിന്ന് കൂടുതൽ സാമ്പത്തിക പിന്തുണയും ബിഎസ്എൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൂർണമായി ഇന്ത്യൻ നിർമിത സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് സജ്ജമാക്കുന്നത്. കുറഞ്ഞ നിരക്കിൽ 4ജി സേവനം എങ്കിലും ലഭ്യമാക്കിയില്ലെങ്കിൽ ബിഎസ്എൻഎൽ അധിക നാൾ പിടിച്ചു നിൽക്കില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു.

സ്റ്റാർലിങ്കും സാറ്റലൈറ്റ് ഇന്റർനെറ്റും
അഫോർഡബിൾ ഇന്റർനെറ്റ് സേവനം വാഗ്ദാനം ചെയ്താണ് സ്റ്റാർലിങ്ക് തങ്ങളുടെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്. അനുമതിയില്ലാതെ ബുക്കിങ് ആരംഭിച്ചതിനാൽ കേന്ദ്ര സർക്കാരുമായി ഉണ്ടായ തർക്കങ്ങൾ പരിഹരിച്ച് സ്റ്റാർലിങ്ക് ലൈസൻസിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എല്ലാം പ്ലാൻ അനുസരിച്ച് നടന്നാൽ, 2022 ഏപ്രിലിൽ വാണിജ്യ സേവനങ്ങൾ ആരംഭിക്കുമെന്നാണ് സ്റ്റാർലിങ്ക് അറിയിച്ചിരിക്കുന്നത്. എന്തെങ്കിലും കാലതാമസം ഉണ്ടായാൽ, ലോഞ്ച് മുന്നോട്ട് മാറ്റിയേക്കാനും സാധ്യതയുണ്ട്. അന്താരാഷ്ട്ര വിപണികളെക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് സ്റ്റാർലിങ്ക് പ്രഖ്യാപിച്ചിരുന്നത്. ഗ്രാമപ്രദേശങ്ങളിലടക്കം പരീക്ഷണ ഘട്ടത്തിൽ പോലും 100 മുതൽ 150 എംബിപിഎസ് ഡാറ്റ വേഗം ലഭ്യമാക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നതും.

അതേ സമയം ടെലിക്കോം സ്പെക്ട്രം അനുവദിക്കുന്നതിന് ഉയർന്ന തുക ഏർപ്പെടുത്തരുതെന്ന് സ്റ്റാർലിങ്ക് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെക്ട്രത്തിന് വില കൂടിയാൽ ഉപഗ്രഹ ഇന്റർനെറ്റ് ചാർജ് വലിയ തോതിൽ വർധിപ്പിക്കാൻ നിർബന്ധിതമാകുമെന്നും സ്റ്റാർലിങ്ക് ടെലികോം റഗുലേറ്ററി അതോറിറ്റിയെ (ട്രായ്) അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ഭൂതല ഇന്റർനെറ്റ് സംവിധാനങ്ങളെ അപേക്ഷിച്ച് ഉപഗ്രഹ ഇന്റർനെറ്റിന് 8 മുതൽ 9 മടങ്ങ് വരെ ചാർജ് കൂടാമെന്നാണ് നേരത്തെ തന്നെ സ്റ്റാർലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാർഗവ പറഞ്ഞത്.

ഫോൾഡബിൾ സ്‌മാർട്ട്‌ഫോണുകൾ ധാരാളമായി വിപണികളിലേക്ക് എത്തുകയാണ്. സാംസങ്, ഓപ്പോ, ഹുവാവെ, മോട്ടറോള, ഷവോമി എന്നീ കമ്പനികളെല്ലാം ഇതിനകം തന്നെ അവരുടെ ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഹോണർ, ആപ്പിൾ, വിവോ തുടങ്ങിയ കൂടുതൽ കമ്പനികളും 2022ൽ ഇത്തരം ഡിവൈസുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല 2022ൽ ഇത് എന്നത്തേക്കാളും സാധാരണമായി മാറിയേക്കാം. ഇൻറർനെറ്റും ബ്രോഡ്‌ബാൻഡ് സെക്ടറും 2022ൽ ഗണ്യമായി വളരും. മേഖലയിലെ പെട്ടെന്നുള്ള പരിഷ്കരണത്തിന് കേന്ദ്ര സർക്കാരിനും താൽപ്പര്യമുണ്ട്. രാജ്യത്തുടനീളം വേഗത്തിലുള്ള ബ്രോഡ്‌ബാൻഡ് റോളൗട്ടിനായി റൈറ്റ് ഓഫ് വേ (റോഡബ്ല്യു) അനുമതി പ്രക്രിയ സർക്കാർ വേഗത്തിലാക്കിയിട്ടുമുണ്ട്.

കൂടുതൽ ആൻഡ്രോയിഡ് യൂസേഴ്സ് ആപ്പിൾ ഡിവൈസുകളിലേക്ക് മാറാനും 2022 കാരണമായേക്കും. പ്രത്യേകിച്ചും ഐഫോൺ എസ്ഈയുടെ അവതരണത്തോടെ. താങ്ങാനാകുന്ന വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപയോക്താക്കളെ ആകർഷിച്ചേക്കും. ആപ്പിൾ എക്കാലത്തും ആഡംബരത്തിന്റെയും സമൂഹത്തിലെ ഉന്നത പദവിയുടെയും പ്രതീകമാണ്. താങ്ങാനാകുന്ന വിലയിൽ 5ജി അടക്കമുള്ള സൌകര്യങ്ങളുമായി ആപ്പിൾ ഫോണുകളെത്തുന്നത് കാര്യങ്ങൾ മാറ്റി മറിയ്ക്കും.


Click it and Unblock the Notifications








