ആരോഗ്യരംഗം, സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ, വി.ആർ തുടങ്ങി അനവധി മേഖലകളുടെ അച്ചുതണ്ടായി 5G

|

5G-യെ കുറിച്ചും അത് എങ്ങനെ ലോകത്തെ മാറ്റിമറിക്കുവാൻ പോകുന്നുവെന്നതിനെ കുറിച്ചും നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പുതുതലമുറ വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കാണ് 5G. മുന്‍ഗാമി 4G-യെക്കാള്‍ 20 മടങ്ങ് വേഗതയുള്ള നെറ്റ്‌വര്‍ക്ക്. 5G മൊബൈല്‍ ബ്രോഡ്ബാന്‍ഡിന്റെ വേഗത പലമടങ്ങ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അത്യന്താധുനിക സാങ്കേതിക സമൂഹത്തിന് വിത്തുപാവുകയും ചെയ്യും.

3G-യില്‍ നിന്ന് 4G-യിലേക്കുള്ള മുന്നേറ്റം കൊണ്ടുവന്ന മാറ്റങ്ങള്‍ പരിശോധിച്ചാല്‍ ഇതിലൊരു അതിശയോക്തിയുമില്ലെന്ന് ബോദ്ധ്യപ്പെടും. മുന്‍കാല സാങ്കേതിക വിദ്യകളുടെ തുടര്‍ച്ചയല്ല 5G എന്നത് പുത്തന്‍ സാങ്കേതികവിദ്യ തന്നെയാണ്. ടൈപ്‌റൈറ്ററില്‍ നിന്ന് കമ്പ്യൂട്ടറിലേക്കുള്ള മാറ്റത്തിന് സമാനമായിരിക്കുമിതെന്ന് എംഐടി റിവ്യൂ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യരംഗം, സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ, വി.ആർ തുടങ്ങി അനവധി മേഖലകളുടെ അച

 

5G വരുന്നതോടെ ഡൗണ്‍ലോഡ് വേഗത കൂടും, തടസ്സങ്ങളില്ലാതെ വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ കഴിയും, എന്നാല്‍ ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല 5G സാങ്കേതികവിദ്യ. ഓട്ടോമൊബൈല്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി, എഐ, വിആര്‍) തുടങ്ങിയ മേഖലകളെയും ഇത് അടിമുടി മാറ്റിമറിക്കും.

5G-യും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സും
 

5G-യും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സും

നിശ്ചിത സമയപരിധിക്കുള്ളില്‍ തത്സമയ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന വിധത്തില്‍ വിവിധ ഉപകരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനെയാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) എന്ന് വിളിക്കുന്നത്. ഇതിന് നെറ്റ്‌വര്‍ക്കും ബാറ്ററി ചാര്‍ജ്ജും അമിതമായി ഉപയോഗിക്കേണ്ടിവരും. ഉപകരണങ്ങളെ പരസ്പരം ബന്ധിക്കാന്‍ കഴിയാത്തതാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് സര്‍വ്വസാധാരണമാകാതിരിക്കാന്‍ ഒരു കാരണം.

5G സാങ്കേതികവിദ്യ വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഇതുവഴി ഡാറ്റാ കൈമാറ്റത്തിന്റെ വേഗത കൂടുമെന്ന് മാത്രമല്ല നെറ്റ്‌വര്‍ക്ക് ഊര്‍ജ്ജ ഉപയോഗം 90 ശതമാനം വരെ കുറയ്ക്കാനുമാകും. ഇതോടെ ഐഒടി ഉപകരണങ്ങളുടെ ആയുസ്സ് 10 വര്‍ഷം വരെ നീളും. കാര്യങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രകാരം മുന്നോട്ട് നീങ്ങിയാൽ 5G നമ്മുടെ ജീവിതത്തിൻറെ ഒരു അവിഭാജ്യഘടകമായി മാറും. 5G സേവനം വാണിജ്യാടിസ്ഥാനത്തില്‍ നിലവില്‍ വരുന്നതോടെ ഐഒടി-യുടെ വ്യാപനം വേഗത്തിലാകുമെന്ന് സീഗേറ്റ് ഗ്ലോബല്‍ സെയില്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബി. എസ്. തേഹ് ഗിസ്‌ബോട്ടിനോട് പറഞ്ഞു.

'ഡാറ്റ കൈമാറ്റത്തിന്റെ വേഗത വര്‍ദ്ധിക്കുകയും കൂടുതല്‍ കണക്ഷനുകള്‍ സാധ്യമാകുകയും ചെയ്യുന്നതോടെ ഐഒടി വന്‍കുതിപ്പ് നടത്തും. സീഗേറ്റിന്റെ പിന്തുണയോടെ ഐ.ഡി.സി നടത്തിയ ഡാറ്റ ഏജ് 2025 പഠനം അനുസരിച്ച്, 2025-ല്‍ ഐഒടി 90ZB ഡാറ്റ സൃഷ്ടിക്കും. ഇത് ആഗോള ഡാറ്റാസ്ഫിയറിന്റെ ഏതാണ്ട് പകുതി വരും', അദ്ദേഹം വ്യക്തമാക്കി. പുതിയ നെറ്റ്‌വര്‍ക്ക് നിലവില്‍ വരുന്നതോടെ നെറ്റ്‌വര്‍ക്ക് തിരക്കിനെ കുറിച്ച് ആശങ്കപ്പെടാതെ തന്നെ കൂടുതല്‍ ഡാറ്റ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന സ്ഥിതി വരും. ചിന്തിക്കാന്‍ കഴിയാത്ത കാര്യങ്ങളായിരിക്കും ഐഒടി-യിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് എന്ന് സാരം.

5G-യുടെ സഹായത്തോടെ സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്ക് സെന്‍സറുകള്‍ ഉപയോഗിച്ച് കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കിലോമീറ്ററുകള്‍ അകലേക്ക് ഡാറ്റ അയക്കാന്‍ സാധിക്കും. ഇത് സ്മാര്‍ട്ട് സിറ്റികളുടെ വികസനത്തിന് സഹായിക്കുമെന്ന് അഭിപ്രായമുണ്ട്. ജലവിതരണം, മാലിന്യ സംസ്‌കരണം, ഗതാഗത നിയന്ത്രണം, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഐഒടിക്ക് കഴിയുമെന്ന് നിസ്സംശയം പറയാം.

'ഭാവി സാങ്കേതികവിദ്യകളെ ഐഒടി ശക്തിപ്പെടുത്തും. അങ്ങനെ വരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഡാറ്റയുടെ 30 ശതമാനം റിയല്‍ടൈം ഡാറ്റയായിരിക്കും. വളരെ പെട്ടെന്ന് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ഇതിലൂടെ കഴിയും.' തേഹ് അഭിപ്രായപ്പെട്ടു. നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വന്‍തോതില്‍ സെന്‍സറുകള്‍ സ്ഥാപിക്കുന്നതിനും അതുവഴി വന്‍തോതില്‍ ഡാറ്റ കൈകാര്യം ചെയ്യുന്നതിനും 5G സഹായിക്കും.

സമൂഹവും ഇന്റലിജന്റ് സിസ്റ്റങ്ങളും ഒരുമിച്ച് ചേര്‍ക്കുന്നതിലേക്കായിരിക്കും ഇത് നയിക്കുക. വിദൂര സ്ഥലങ്ങളിലും ആഴമേറിയ ഭൂഗര്‍ഭപാതകളിൽ പോലും ഇതിന് എത്തിച്ചേരാനാകുമെന്ന പ്രത്യേകതയുമുണ്ട്. സ്മാര്‍ട്ട്‌ഫോണുകളിലൂടെ ഉപഭോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കാനും അവരുടെ അനുഭവം രൂപപ്പെടുത്താനും കഴിയുമെന്നതിനാല്‍ ഐഒടി ചില്ലറ വില്‍പ്പന മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരും. വില്‍പ്പനക്കാരുമായി വേഗത്തില്‍ ആയശവിനിമയം നടത്താന്‍ നെറ്റ്‌വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുകയും ചെയ്യും.

'ഈ അവസരം കൃത്യമായി പ്രയോജനപ്പെടുത്തുന്നതിന് വ്യവസായങ്ങള്‍ കോര്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടാക്കണം. മാത്രമല്ല പ്രോസസ്സ് ചെയ്യുന്നതിനും കൂടുതല്‍ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ക്ക് രൂപംനല്‍കുകയും വേണം.' തേഹ് വ്യക്തമാക്കി. ഐഒടിയില്‍ നിക്ഷേപിക്കുന്ന വ്യവസായങ്ങള്‍ക്ക് 5G നെറ്റ്‌വര്‍ക്ക് വലിയ നേട്ടം സമ്മാനിക്കും. ഐഒടിയുടെ വളര്‍ച്ചയിലെ പ്രധാന രാസത്വരകമായിരിക്കും 5G.

ആരോഗ്യമേഖലയില്‍ എന്തുകൊണ്ട് 5G ആവശ്യമാണ്?

ആരോഗ്യമേഖലയില്‍ എന്തുകൊണ്ട് 5G ആവശ്യമാണ്?

ആരോഗ്യമേഖലയെ 5G പലതരത്തില്‍ സഹായിക്കും. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ ലളിതമാക്കി മാറ്റുന്നത് പോലുള്ള നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. 5G-യുടെ സഹായത്തോടെ ആരോഗ്യ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ 2026-ഓടെ 76 ബില്യണ്‍ ഡോളറിന്റെ വരുമാനം കൊണ്ടുവരുമെന്നാണ് ഏറിക്‌സണിന്റെ പ്രവചനം. ഉയര്‍ന്ന ശേഷിയുള്ളതിനാല്‍ 5G ഉപയോഗിച്ച് വിദൂരമായി രോഗികളെ പരിശോധിക്കുകയും തത്സമയം ലഭിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തില്‍ മികച്ച ചികിത്സ നല്‍കാനാവുകയും ചെയ്യും.

'നമ്മുടെ നാട്ടില്‍ ആയിരം ആളുകള്‍ക്ക് ഒരു ഡോക്ടര്‍ വീതമാണുള്ളത്. അതില്‍ പരമ്പരാഗത ചികിത്സകള്‍ നടത്തുന്ന ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. തുടക്കത്തില്‍ ഇത് ടെലിമെഡിസിനെ സഹായിക്കുമെങ്കില്‍ കാലക്രമേണ വിദൂര രോഗനിര്‍ണ്ണയത്തിലേക്ക് നയിക്കും. രോഗികള്‍ക്ക് ധരിക്കാവുന്ന ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായതും വേഗത്തിലുള്ളതുമായ ചികിത്സ ഉറപ്പാക്കാനും കഴിയും.' കണ്‍സള്‍ട്ടന്‍സി കമ്പനിയായ ടെക്ആര്‍ക്കിന്റെ സ്ഥാപകന്‍ ഫൈസല്‍ കവൂസ പറയുന്നു.

5G നെറ്റ് വര്‍ക്കിന്റെ സഹായത്തോടെ രോഗികള്‍ക്ക് മെഡിക്കല്‍ റെക്കോഡുകളുടെ സെന്‍ട്രല്‍ റെപ്പോസിറ്ററി ഓണ്‍ലൈനായി ഉപയോഗിക്കാം. ലഭിക്കുന്ന ചികിത്സയുടെ ഗുണമേന്മയും കാര്യക്ഷമതയും അറിയാന്‍ ഇത് സഹായിക്കും. ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ഇതിന് കഴിയുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 5G നെറ്റ്‌വര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ എംആര്‍ഐ, പി.ഇ.ടി സ്‌കാന്‍ മുതലായവ അനായാസം വിദഗ്ദ്ധ ഡോക്ടര്‍മാര്‍ക്ക് അയച്ച് അവരുടെ ഉപദേശം തേടാന്‍ രോഗിക്ക് അവസരം ലഭിക്കും.

'സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് 5G നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് വീഡിയോ കോളിലൂടെ ചികിത്സ തേടാന്‍ സാധിക്കും. ഡോക്ടര്‍ക്ക് കൃത്യമായി രോഗനിര്‍ണ്ണം നടത്തി ചികിത്സ നിര്‍ദ്ദേശിക്കാനും അത് അവസരം നല്‍കും. ചുരുക്കത്തില്‍ രോഗിക്കും ഡോക്ടര്‍ക്കുമിടയിലുള്ള ആശയവിനിമയത്തിന്റെ വേഗത വര്‍ദ്ധിക്കും.' ഓപ്പണ്‍ സിഗ്നല്‍ സിഇഒ ബ്രെന്‍ഡന്‍ ഗില്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തിൻറെ പല ഭാഗങ്ങളിലും റോബോട്ടുകളെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. റോബോട്ടുകളാണെങ്കിലും അവയ്ക്ക് ചെറിയ ചില സഹായങ്ങള്‍ അനിവാര്യമാണ്.

5G നെറ്റ്‌വര്‍ക്ക് വരുന്നതോടെ ശസ്ത്രക്രിയകള്‍ കൂടുതല്‍ കാര്യക്ഷമമായി ചെയ്യാന്‍ കഴിയുമെന്ന് മാത്രമല്ല അപകട സാധ്യത കുറയ്ക്കാനുമാകും. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാന്‍ പല ആശുപത്രികളും തയ്യാറെടുത്തുകഴിഞ്ഞു. 5G നെറ്റ്‌വര്‍ക്കിലേക്ക് മാറുന്നതോടെ ശസ്ത്രക്രിയക്ക് ശേഷം ഉണ്ടായേക്കാവുന്ന സങ്കീര്‍ണ്ണതകള്‍ മുന്‍കൂട്ടി കണ്ട് അവയ്ക്ക് പരിഹാരം കാണാന്‍ ഡോക്ടര്‍മാര്‍ക്കാകും.

നിലവില്‍ രോഗനിര്‍ണ്ണയത്തിന് ഡോക്ടറുടെ സാന്നിധ്യം ആവശ്യമാണ്. എന്നാല്‍ 5G സൗകര്യത്തോട് കൂടിയ സൂപ്പര്‍ ആംബുലന്‍സുകള്‍ ഹൈ ഡെഫനിഷന്‍ വീഡിയോയിലൂടെ രോഗനിര്‍ണ്ണയത്തിന് വഴിയൊരുക്കും. ഇസിജി, വീഡിയോ, സിടി സ്‌കാന്‍ മുതലായ പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് അയക്കാന്‍ ഇത്തരം ആംബുലന്‍സുകള്‍ക്ക് സാധിക്കും.

സ്വയം ഓടുന്ന കാറുകളുടെ ലോകം വികസിപ്പിച്ച് 5G

സ്വയം ഓടുന്ന കാറുകളുടെ ലോകം വികസിപ്പിച്ച് 5G

5G കടന്നുചെന്ന ആദ്യമേഖലകളില്‍ ഒന്നാണ് ഓട്ടോമൊബൈല്‍ രംഗം. പ്രമുഖ കമ്പനികളെല്ലാം ഓട്ടോണമസ് വാഹനങ്ങളില്‍ പുതിയ നെറ്റ്‌വര്‍ക്ക് പരീക്ഷിച്ചുകഴിഞ്ഞു. ഇതിനായി സ്വയം ഓടുന്ന വാഹനങ്ങള്‍ മറ്റ് വാഹനങ്ങളുമായും മറ്റും ബന്ധിപ്പിക്കേണ്ടതുണ്ട്. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് പര്യാപത്മായിരുന്നില്ല 4G നെറ്റ്‌വര്‍ക്ക്. 5G പ്രയോജനപ്പെടുത്തുന്നതോടെ സ്വയം ഓടുന്ന വാഹനങ്ങള്‍ നിശ്ചിത അകലം പാലിച്ച് യാത്ര ചെയ്യും. ഓ.എഫ്‌.ഡി.എം എന്‍കോഡിംഗ് ഉപയോഗിച്ചാണ് 5G പ്രവര്‍ത്തിക്കുന്നത്. ഇതിൻറെ ആവൃത്തി 6GHz-ല്‍ താഴെയോ മുകളിലോ ആയിരിക്കും.

വാഹനത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാലും അതിവേഗതയില്‍ വിദൂരമായി നിയന്ത്രിക്കാന്‍ കഴിയുമെന്നതിനാലും പുതിയ നെറ്റ്‌വര്‍ക്ക് ഡ്രൈവര്‍മാര്‍ക്കും വാഹന നിര്‍മ്മാതാക്കള്‍ക്കും ഒരുപോലെ നേട്ടമാകും. വിവിധ ഫ്രീക്വന്‍സി ബാന്‍ഡുകള്‍ പ്രയോജനപ്പെടുത്തിയാണ് പുതിയ ടെക്‌നോളജി പ്രവര്‍ത്തിക്കുന്നത്. 5G സംവിധാനത്തിന് മുന്‍കൂട്ടി വരാന്‍ പോകുന്ന ട്രാഫിക് ലൈറ്റ് സംബന്ധിച്ച നിര്‍ദ്ദേശം ഡ്രൈവര്‍ക്ക് നല്‍കാനാകുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ വേഗത ക്രമീകരിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാം.

അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ് (ADAS) 5G കൊണ്ടുവരാന്‍ പോകുന്ന മറ്റൊരു പുതിയ സൗകര്യം. നിലവില്‍ സ്വയം ഓടുന്ന വാഹനങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ പ്രയാസമാണ്. അവ അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 5G വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ്, ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സിസ്റ്റംസ് എന്നിവയെ പരിഷ്‌കരിക്കാന്‍ കഴിയുന്ന വിധത്തില്‍ ഒരു വാഹന നിയന്ത്രണ സംവിധാനം സംയുക്തമായി വികസിപ്പിക്കുന്നതിന് എൽ.ടി.ഇ, 5G എന്നിവ പ്രയോജനപ്പെടുത്താന്‍ ഡെന്‍സോ കോര്‍പ്, എന്‍ടിടി ഡോകോമോ എന്നീ കമ്പനികള്‍ 2016 ഫെബ്രുവരിയില്‍ തീരുമാനിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷം ഫികോസ 5G ഓട്ടോമോട്ടീവ് അസോസിയേഷനില്‍ ചേര്‍ന്നു.

2017 മാര്‍ച്ചില്‍ സാംസങ് ഇലക്ട്രോണിക്‌സ് കണക്ടഡ് കാര്‍സ് പ്ലാറ്റ്‌ഫോം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹര്‍മാന്‍ ഏറ്റെടുത്തു. തുടര്‍ന്ന് സാംസങ് 5G ഓട്ടോമോട്ടീവ് അസോസിയേഷന്റെ ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഗതാഗത ശൃംഖലകളില്‍ സുരക്ഷിതത്വവും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിനായി ആശയവിനിമയ സംവിധാനങ്ങളുടെ വാണിജ്യവത്കരണം ത്വരിതപ്പെടുത്തുകയാണ് 5G ഓട്ടോമോട്ടീവ് അസോസിയേഷന്റെ പ്രധാന ലക്ഷ്യം.

സിഇഎസ് 2018-ല്‍ സാംസങ് നെറ്റ്‌വര്‍ക്‌സ് 5G ഇന്‍ഫ്രാസ്ട്രക്ചറില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂചുറിസ്റ്റിക് മൊബിലിറ്റി കണ്‍സപ്റ്റ് വെഹിക്കിളിലെ ഹൈ സ്പീഡ് കണക്ടിവിറ്റി ഹര്‍മാനും സാംസങും പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നാലെ സ്വയം ഓടുന്ന വാഹന്ങളിലെ 5G-യുടെ പ്രദര്‍ശനം ടെലിഫോണിക്കയും ഹുവായിയും സ്‌പെയിനില്‍ നടത്തി.

അടുത്ത തലത്തിലേക്കുയരുന്ന വെര്‍ച്വല്‍- ഓഗ്മെന്റഡ് റിയാലിറ്റികള്‍

അടുത്ത തലത്തിലേക്കുയരുന്ന വെര്‍ച്വല്‍- ഓഗ്മെന്റഡ് റിയാലിറ്റികള്‍

പൂര്‍ണ്ണമായും ലയിച്ചുചേരുന്ന 3D കമ്പ്യൂട്ടര്‍ സിമുലേറ്റഡ് ലോകം സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയാണ് വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍). പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഹെഡ്‌സെറ്റുകളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റിയില്‍ (എആര്‍) യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിന് പകരം യഥാര്‍ത്ഥ ലോകത്ത് വെര്‍ച്വല്‍ ഘടകങ്ങള്‍ കൊണ്ടുവരുന്നു.

വന്‍തോതില്‍ 5G-യെ ആശ്രയിക്കുന്ന വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളാണ് ഇവ രണ്ടും. ഓട്ടോമൊബൈല്‍ രംഗത്ത് ഇവയുടെ പ്രയോഗസാധ്യകള്‍ വര്‍ദ്ധിച്ചുവരുന്നു. 5G സൗകര്യത്തോട് കൂടിയ ഇത്തരം ഉപകരണങ്ങള്‍ക്ക് ക്ലൗഡിലേക്ക് വളരെയധികം വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയും. വിആര്‍, എആര്‍ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ 5G പുറത്തുകൊണ്ടുവരുമെന്ന് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നു. ഈ രണ്ട് സാങ്കേതിവിദ്യകള്‍ക്കും ചെലവ് കുറഞ്ഞ വിശ്വസിക്കാന്‍ കഴിയുന്ന നെറ്റ്‌വര്‍ക്ക് ആവശ്യമാണെന്ന് 2018 ഒക്ടോബറില്‍ ക്വാല്‍കോം വ്യക്തമാക്കിയിരുന്നു. ചുരുക്കത്തില്‍ രണ്ട് സാങ്കേതികവിദ്യകള്‍ക്കും 5G ആവശ്യമാണ്.

സങ്കീര്‍ണ്ണവും വലിയ രീതിയിലുള്ള ഡാറ്റാ പ്രോസസ്സിംഗ് ആവശ്യപ്പെടുന്നതുമാണ് വിആറിന്റെയും എആറിന്റെയും പ്രവര്‍ത്തനം. ലോക്കല്‍ ആപ്ലിക്കേഷനുകളില്‍ ഇവ നന്നായി പ്രവര്‍ത്തിക്കും. എന്നാല്‍ ഇത്തരം ഡാറ്റ വിദൂരമായി നല്‍കുന്നത് നെറ്റ്‌വര്‍ക്കിന്റെ ഭാരം വര്‍ദ്ധിപ്പിക്കും. വേഗം കുറഞ്ഞ നെറ്റ്‌വര്‍ക്കുകളില്‍ വിആര്‍ ഫലപ്രമായി പ്രവര്‍ത്തിക്കുകയില്ല. ഇത് ഉപയോക്താവിന്റെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.

എബിഐ റിസര്‍ച്ച് അനുസരിച്ച് 5G നെറ്റ്‌വര്‍ക്ക് മൊത്തത്തില്‍ ഇതിന്റെ കാര്യക്ഷമത 10 മടങ്ങ് വര്‍ദ്ധിപ്പിക്കും. 4G-യെ അപേക്ഷിച്ച് ലേറ്റന്‍സിയില്‍ 10 മടങ്ങിന്റെ കുറവ് വരുത്തും. ട്രാഫിക് ശേഷിയിലും നെറ്റ്‌വര്‍ക്കിന്റെ കാര്യക്ഷമതയിലും 100 മടങ്ങ് വര്‍ദ്ധനവും കൊണ്ടുവരും.

വളരെയധികം ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്നവയാണ് എആര്‍, വിആര്‍ ആപ്ലിക്കേഷനുകള്‍. നിലവിലുള്ള നെറ്റ്‌വര്‍ക്കുകള്‍ ഇതിന് തീരെ അനുയോജ്യമല്ല. വരും നാളുകളില്‍ എച്ച്.ഡി.ആർ, 90fps-നും അതിന് മുകളിലുമുള്ള ഫ്രെ.യിം റേറ്റ് എന്നിവ സര്‍വ്വസാധാരണമായി മാറും. 360 ഡിഗ്രി വീഡിയോകള്‍ 8K-ക്കും അതിന് മുകളിലുമുള്ള റെസല്യൂഷനുകളിലേക്ക് ഉയരും. സ്റ്റീരിയോസ്‌കോപിക് ഫോര്‍മാറ്റിന് കൂടുതല്‍ ബാന്‍ഡ് വിഡ്ത്തും ആവശ്യമാണ്. ഇതെല്ലാം 4G നെറ്റ്‌വര്‍ക്കിന് താങ്ങാവുന്നതിലും അധികമായിരിക്കും.

ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയുന്ന എആര്‍ ഉപകരണങ്ങളായിരിക്കും ഇനി വിപണിയിലെത്തുക. ഇവ എല്ലായ്‌പ്പോഴും ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യേണ്ടിയും വരും. 2021-ഓടെ ഉപയോഗത്തിലുള്ള എആര്‍ സ്മാര്‍ട്ട് ഗ്ലാസുകളുടെ എണ്ണം 48 മില്യണായി വര്‍ദ്ധിക്കുമെന്ന് എബിഐ റിസര്‍ച്ച് കണക്കുകൂട്ടുന്നു.

5G ഇന്ത്യയില്‍ എന്നുവരും?

5G ഇന്ത്യയില്‍ എന്നുവരും?

രാജ്യത്തെ ബഹുഭൂരിപക്ഷവും 4G-യിലേക്ക് മാറിയിട്ടില്ലെങ്കിലും 5G നെറ്റ്‌വര്‍ക്ക് ഇന്ത്യയില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 5G നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കേന്ദ്ര ടെലികോം വകുപ്പ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സൈസ് ക്വാണ്ടം, വില തുടങ്ങിയ കാര്യങ്ങളില്‍ കമ്മിറ്റി ശുപാര്‍ശ സമര്‍പ്പിക്കും. ഇതിന് പുറമെ ടെലികോം വകുപ്പ് ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് നയത്തിനും രൂപം നല്‍കിയിട്ടുണ്ട്. 2022-ഓടെ ഈ മേഖലയില്‍ 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിക്കുകയാണ് നയത്തിന്റെ പ്രധാന ഉദ്ദേശ്യം. സെക്കന്റില്‍ 50 മെഗാബിറ്റ് വേഗയില്‍ ബ്രോഡ്ബാന്‍ഡും, 5G സേവനവും എല്ലാവര്‍ക്കും ലഭ്യമാക്കാനും ഇത് ലക്ഷ്യമിടുന്നു.

ട്രായ് നിര്‍ദ്ദേശിച്ച അടിസ്ഥാന തുക വളരെക്കൂടുതല്‍ ആയതിനാല്‍ മിക്ക ടെലികോം കമ്പനികളും ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. 3300-3600 MHz ബാന്‍ഡിലെ 20MHz ബ്ലോക്കിന് ട്രായ് ഇട്ടിരിക്കുന്ന വില 5G സ്‌പെക്ട്രം ബാന്‍ഡില്‍ ഓരോ യൂണിറ്റിനും 492 കോടി രൂപയാണ്. എത്രയും നേരത്തേ 5G സാങ്കേതികവിദ്യ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ തന്നെയാണ് സര്‍ക്കാര്‍ എന്നാണ് സൂചന. എന്നാല്‍ ടെലികം കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കാര്യങ്ങള്‍ ദുഷ്‌കരമാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ മിക്ക കമ്പനികളും സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

5G സാങ്കേതികതയെ ശാസ്ത്രജ്ഞർ ഇത്രമാത്രം ഭയക്കുന്നതെന്തിന് ?

ഇതിനിടെ ടെലികോം കമ്പനികള്‍ കമ്പനികളുമായി ചേര്‍ന്ന് 5G നെറ്റ്‌വര്‍ക്കിന്റെ ടെസ്റ്റിംഗ് തുടങ്ങി. കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഉപയോഗിക്കുന്നതിന് പുതിയ 5G സംവിധാനം വികസിപ്പിക്കുന്നതിന് ബിഎസ്എന്‍എല്‍ എറിക്‌സണ്‍ സിയെന എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടു. പ്രധാനമായും ഗ്രാമപ്രദേശങ്ങളിലായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് ക്വാല്‍കോമുമായി ചേര്‍ന്ന് ഇന്ത്യയില്‍ 5G ട്രയല്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്. ഈ പരീക്ഷണങ്ങള്‍ക്ക് പിന്നാലെ ഈ വര്‍ഷം ഒക്ടോബറോടെ സ്‌പെക്ട്രം ലേലം നടക്കും.

5G-യെ കുറിച്ച് ഞങ്ങള്‍ക്ക് പറയാനുള്ളത്

5G-യെ കുറിച്ച് ഞങ്ങള്‍ക്ക് പറയാനുള്ളത്

5G ലോകം മാറ്റിമറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആ മാറ്റങ്ങളില്‍ പലതും നമുക്കിപ്പോള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതായിരിക്കും. 4G-യില്‍ സ്വപ്‌നം കാണാന്‍ മാത്രം സാധിക്കുമായിരുന്ന കാര്യങ്ങള്‍ ഇനി കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ചെയ്യാന്‍ കഴിയും. അത്യന്താധുനിത സാങ്കേതിക സമൂഹത്തിന് കൈമാറ്റം ചെയ്യേണ്ട ഡാറ്റ കൈകാര്യം ചെയ്യാനുള്ള ശേഷി 4G നെറ്റ്‌വര്‍ക്കിനില്ല.

നിലവിലുള്ള ഉപകരണങ്ങളും സെന്‍സറുകളും നെറ്റ്‌വര്‍ക്കിന്റെ ശേഷിയെ വല്ലാതെ ബാധിച്ചുകഴിഞ്ഞു. ധ്രുതഗതിയിലുള്ള ഡാറ്റാ കൈമാറ്റം, കുറഞ്ഞ ലേറ്റന്‍സി, ഊര്‍ജ്ജ ഉപയോഗത്തിലെ കുറവ് എന്നിവ 5G-യെ ഐഒടി, ഓട്ടോണമസ് വെഹിക്കിള്‍, അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ തുടങ്ങിയ പുതുതലമുറ സാങ്കേതികവിദ്യകളുടെ അവിഭാജ്യ ഘടകമാക്കിയിരിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണിനും സൂപ്പര്‍ കമ്പ്യൂട്ടറിനും ടാബ്ലറ്റിനും അപ്പുറത്തേക്കുള്ള ലോകത്തേക്കാണ് 5G നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. ഇത് പുതിയ അവസരങ്ങള്‍ കൊണ്ടുവരും. ബിസിനസ്സുകള്‍ക്കും വ്യക്തികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. ഇതിനര്‍ത്ഥം 5G-ക്ക് കുറവുകളില്ലന്നല്ല. വില തന്നെയാണ് ഇതില്‍ പ്രധാനം. അത്യന്താധുനിക സാങ്കേതികവിദ്യ ചെറിയ തുകയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട കാര്യമില്ല. ഭാരിച്ച ചെലവ് ഈ സാങ്കേതിവിദ്യയുടെ വ്യാപനത്തെ മന്ദഗതിയിലാക്കിയേക്കാം.

5G സ്‌പെക്ട്രത്തിന്റെ വില വളരെ കൂടുതലായതിനാല്‍ ഇന്ത്യന്‍ കമ്പനികള്‍ സ്‌പെക്ട്രം ലേലത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം. അതുകൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ 5G സേവനം ഉപയോഗിക്കുന്നതിന് കുറച്ച് കാത്തിരിക്കേണ്ടി വന്നേക്കാം. വ്യക്തികള്‍ ആശയവിനിമയം നടത്തുന്ന രീതിയെ മാത്രമല്ല വ്യവസായങ്ങളെയും സമൂഹത്തെയാകയും മാറ്റിമറിക്കാന്‍ 5G-ക്ക് കഴിയുമെന്ന് തന്നെയാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം.

Most Read Articles
Best Mobiles in India

Read more about:
English summary
Unless you've totally disconnected yourself from technology, or living under a rock for the past few months, it's impossible to have missed a discussion about 5G and how it's going to revolutionize the world we live in. Well, it's the next generation of the wireless communication network that will be 20 times snappier compared to its precursor - 4G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more