AI, 6G ഇത് രണ്ടുമാണ് ടെലിക്കോമിന്റെ വളർച്ചാ മേഖലകൾ; ട്രായി നിർദേശങ്ങൾ വെല്ലുവിളി: COAI
ഇന്ത്യയിലെ ടെലിക്കോം മേഖലയുടെ പ്രധാന വളർച്ചാ ഏരിയ AI (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്), 6G എന്നിവയാണ് എന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI). റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi), മറ്റ് ടെലിക്കോം കമ്പനികൾ എന്നിവയെ പ്രതിനിധീകരിക്കുന്ന സ്ഥാപനമാണ് COAI. എഐ, 6ജി എന്നിവയിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് ഇത് എന്ന് സിഒഎഐ പറയുന്നു. ഇന്ത്യയിലുടനീളമുള്ള പല കോർപ്പറേറ്റുകളും തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ഇതിനകം തന്നെ തങ്ങളുടെ ടെക്നോളജികളിലേക്ക് AI-യെ സമന്വയിപ്പിക്കുന്നുണ്ട്.
6ജി അവതരിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഇപ്പോൾ ലോകം. ഈ ആവശേകരമായ മുന്നേറ്റത്തിൽ ടെക്നോളജി ലോകത്തെ നയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ഭാരത് 6G വിഷൻ പോലെയുള്ള തുടർച്ചയായ ശ്രമങ്ങളിലൂടെ, 6G പേറ്റൻ്റുകളുടെ 10% ഇന്ത്യയിൽ സൃഷ്ടിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. 6ജിയുമായി ബന്ധപ്പെട്ട 470 ഗവേഷണങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട് എന്ന് COAI ഡയറക്ടർ ജനറൽ ഡോ.എസ്.പി. കൊച്ചാർ പറഞ്ഞു.

ഇന്ത്യയിൽ ടെലിക്കോം മേഖലയ്ക്ക് വളരാൻ നിരവധി സാധ്യതകൾ തുറന്നുകിടപ്പുണ്ട്, എന്നാൽ അതേപോലെ തന്നെ വെല്ലുവിളികളും ഏറെയുണ്ട്. ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്‌ഫോമുകളായ ലാർജ് ട്രാഫിക് ജനറേറ്ററുകൾ (എൽടിജികൾ) ടെലിക്കോം കമ്പനികളെപ്പോലെ യുഎസ്ഒഎഫിലേക്ക് (യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട്) സംഭാവന നൽകണമെന്ന് COAI പറഞ്ഞു.
കാരണം, ടെലിക്കോം സേവനങ്ങൾ കൂടുതൽ മികച്ചതാക്കാൻ എൽടിജി ട്രാഫിക് ടെലിക്കോം കമ്പനികളെ നിർബന്ധിതരാക്കുന്നു. എന്നാൽ വരുമാനം പോകുന്നത് എൽടിജികളിലേക്ക് മാത്രമാണ്, അവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുന്ന ടെലിക്കോം കമ്പനികൾക്ക് കാര്യമായ വരുമാനം കിട്ടാതെ പോകുന്നു എന്നാണ് സിഒഎഐ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

അതായത് യൂട്യൂബ്, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, നെറ്റ്ഫ്ലിക്സ് തുടങ്ങിയവയെല്ലാം ആണ് ലാർജ് ട്രാഫിക് ജനറേറ്ററുകൾ (എൽടിജികൾ). ഈ മാധ്യമങ്ങളൊക്കെ പ്രവർത്തിക്കണമെങ്കിൽ ഇന്റർനെറ്റും ടെലിക്കോം കമ്പനികളും വേണം. എന്നാൽ ഈ പറഞ്ഞ എൽടിജികൾക്ക് പ്രവർത്തന ചെലവ് കുറവാണ്, ഇവ ലഭ്യമാക്കാൻ വലിയ പങ്കുവഹിക്കുന്നത് ടെലിക്കോം കമ്പനികളാണ്.
ടെലിക്കോം കമ്പനികൾ മികച്ച നെറ്റ്വർക്ക് അടക്കം സജ്ജീകരിച്ച് പ്രവർത്തിക്കുന്നതുകൊണ്ടാണ് ഈ വാട്സ്ആപ്പും യൂട്യൂബും ഒക്കെ ആളുകൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്. ഈ പ്ലാറ്റ്ഫോമുകളെല്ലാം വലിയരീതിയിൽ വരുമാനം ഉണ്ടാക്കുന്നു. എന്നാൽ ഈ വരുമാനത്തിൻ്റെ ഭൂരിഭാഗവും ഇന്ത്യയ്ക്ക് പുറത്താണ് പ്രോസസ്സ് ചെയ്യുന്നത്, അതായത് നികുതി വരുമാനത്തിൽ സർക്കാരിന് നഷ്ടം സംഭവിക്കുന്നു. ഈ സാഹചര്യം മാറണം എന്നാണ് സിഒഎഐ ആവശ്യപ്പെടുന്നത്.
ഈ ഒടിടി പ്ലാറ്റ്ഫോമുകളെയെല്ലാം കണ്യൂണിക്കേഷൻ കൺട്രോളിന് കീഴിൽ കൊണ്ടുവരണം എന്ന് സിഒഎഐ ആവർത്തിച്ചു. ഭാവിയിൽ 5G, 6G എന്നിവ നൽകുന്നതിന് ടെലിക്കോം കമ്പനികൾക്ക് 6 GHz ബാൻഡിലുള്ള സ്പെക്ട്രം ആവശ്യമാണെന്നും COAI പറഞ്ഞു. "സബ്-GHz (526-582 MHz) സ്പെക്‌ട്രത്തിൻ്റെ സുതാര്യമായ ലേലം ഉണ്ടാകണമെന്നും COAI ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരോ പ്രദേശത്തെയും ടെലിക്കോം നെറ്റ്വർക്കിന്റെ ശക്തി അടക്കമുള്ള റിപ്പോർട്ടുകൾ കമ്പനികൾ പ്രതിമാസം വെളിപ്പെടുത്തണമെന്ന് ട്രായി നിർദേശിച്ചിരുന്നു. എന്നാൽ ഈ സൈറ്റ്-ടു-സെൽ ലെവൽ റിപ്പോർട്ടിംഗ് ഉൾപ്പെടെ, ട്രായി പുതുതായി നിർദ്ദേശിച്ച QoS (ക്വാളിറ്റി ഓഫ് സർവീസ്) മാനദണ്ഡങ്ങൾ അപ്രായോഗികവും അമിതഭാരവുമായാണ് ടെലിക്കോം കമ്പനികൾ കാണുന്നത് എന്നും സിഒഎഐ പറഞ്ഞു. മാത്രമല്ല, കോമൺ അലേർട്ടിംഗ് പ്രോട്ടോക്കോൾ (സിഎപി) പ്ലാറ്റ്‌ഫോം വഴിയുള്ള അലേർട്ടുകൾ ഫലപ്രദമാണെന്നിരിക്കേ, ദുരന്ത മുന്നറിയിപ്പുകൾക്കായി ഒരു പ്രത്യേക D2M നെറ്റ്‌വർക്ക് വേണം എന്ന ട്രായി നിർദേശം അനാവശ്യമാണെന്നും കൊച്ചാർ പറഞ്ഞു.


Click it and Unblock the Notifications








