രാജ്യത്ത് 10ൽ 7 ആളുകളും ഇന്ത്യൻ സ്മാർട്ഫോണുകളെക്കാൾ ചൈനീസ് ഫോണുകളെ ഇഷ്ടപ്പെടുന്നവർ!
പണ്ടൊക്കെ ഇന്ത്യൻ ബ്രാൻഡുകളെ തള്ളിപ്പറഞ്ഞുകൊണ്ട് വിദേശ ബ്രാൻഡുകളെ, പ്രത്യേകിച്ച് പാശ്ചാത്യരുടെ ബ്രാൻഡുകളെ പൊക്കിപ്പറയുന്ന ഒരു പ്രവണത നമ്മുടെ നാട്ടിലുണ്ടായിരുന്നു. നാട്ടിൽ എന്നുപറയുമ്പോൾ നമ്മുടെ സംസ്ഥാനത്തും ഇന്ത്യാമഹാരാജ്യത്തും എല്ലാം തന്നെ. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അതിലും രസകരമായിരിക്കുകയാണ്. ഒരുകാലത്ത് നമ്മൾ പുച്ഛിച്ചു തള്ളിയ ലോകത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ എന്ന് വിശേഷിപ്പിച്ചിരുന്ന ചൈനീസ് കമ്പനികളെയാണ് ഇന്ന് ഇന്ത്യക്കാർ തലയിലേറ്റി നടക്കുന്നത്.

രാജ്യത്തെ പത്തിൽ ഏഴു പേരും ഇന്ത്യൻ സ്മാർട്ഫോണുകളെക്കാൾ ഇഷ്ടപ്പെടുന്നത് ചൈനീസ് ബ്രാൻഡുകളെ
ഇതുമായി ബന്ധപ്പെട്ടു നടത്തടിയ പഠനങ്ങൾ നൽകുന്ന ചിത്രം ഇത്തരത്തിൽ അതീവ രസകരമായതും ഒപ്പം ചിന്തിക്കാൻ ഏറെ വക നൽകുന്നതുമാണ്. സൈബർ മീഡിയ റിസർച്ച് എന്ന CMR നടത്തിയ അഭിപ്രായ സർവ്വേയിൽ രാജ്യത്തെ പത്തിൽ ഏഴു പേരും ഇന്ത്യൻ സ്മാർട്ഫോൺ ബ്രാൻഡുകളേക്കാൾ ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡുകളെയാണ് ഏറെ ഇഷ്ടപ്പെടുന്നത് എന്നതാണ് കണ്ടെത്തിയിരിക്കുന്നത്.

കാരണങ്ങൾ നിരവധി
ഇന്ത്യൻ വിപണിയിൽ പോലും ഇന്ത്യൻ സ്മാർട്ഫോൺ കമ്പനികൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇത്. ഒരുകാലത്ത് ഏറെ പ്രശസ്തിയും വിപണിയിൽ മുന്നേറ്റവും നടത്തിയ മൈക്രോമാക്സ്, കാർബൺ പോലുള്ള ഇന്ത്യൻ ബ്രാൻഡുകൾ ഇന്ന് ഏകദേശം പൂർണമായും നാശത്തിന്റെ വക്കിലാണ്. ഇതിന് കാരണമാകുന്ന പല വസ്തുതകളും ഉണ്ട്. വിലയും ഫോണുകളുടെ ഗുണനിലവാരവും മുതൽ വിപണന തന്ത്രങ്ങൾ വരെ ഇതിൽ വിഷയങ്ങളായി വരുന്നുണ്ട്.

ഒന്നാം സ്ഥാനത്ത് ഷവോമി
2018 രണ്ടാം പാദം വരെയുള്ള കണക്കുകൾ പ്രകാരം ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ 72 ശതമാനം ഇന്ത്യക്കാരും തങ്ങളുടെ ഇന്ത്യൻ ബ്രാൻഡ് സ്മാർട്ഫോണുകൾ ഒഴിവാക്കി പകരം ചൈനീസ് ഫോണുകൾ വാങ്ങിയവരാണ്. ഈ 72 ശതമാനത്തിൽ 36.9% ആളുകളും ഷവോമി ഫോണുകളാണ് ഉപയോഗിക്കുന്നത് എന്നത് അതിലും രസകരമായ കാര്യമാണ്. ബാക്കി 17.8% വിവോയും 16.3% ഒപ്പോയും ആണ് ആളുകൾ ഉപയോഗിക്കുന്നത്.

ഇനിയങ്ങോട്ട് എന്ത്?
യാതൊരു സംശയവുമില്ലാതെ നമുക്ക് ഉറപ്പിച്ചുപറയാം രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഇന്നുപയോഗിക്കുന്ന, വാങ്ങുന്ന, ഇനിയും വാങ്ങാനായി ബുക്കിങ്ങും കഴിഞ്ഞ് കാത്തിരിക്കുന്ന ഒരു ബ്രാൻഡ് ഇന്ടെങ്ങിൽ അത് ചൈനീസ് കമ്പനിയായ ഷവോമി തന്നെയാണ്. 10000 രൂപ മുതൽ 20000 രൂപ വരെയുള്ള ഫോണുകളുടെ വില്പനയിൽ ഷവോമി തന്നെയാണ് മുമ്പിൽ. രാജ്യത്തെ ബഹുഭൂരിഭാഗം ആളുകളും ഒരു 10000 അല്ലെങ്കിൽ 15000 നിരയിലുള്ള ഫോണുകൾ ആണ് വാങ്ങാൻ താൽപര്യപ്പെടുന്നത് എന്നതും ഷവോമിക്ക് മുതൽകൂട്ടാകുന്നു.


Click it and Unblock the Notifications








