vലോകപ്രശസ്തരും കോടീശ്വരന്‍മാരുമായ നിരവധി ടെക് കമ്പനി മേധാവികളെയും സ്ഥാപകരെയും നമുക്കറിയാം. ഇവരെല്ലാം അവരുടെ സമ്പാദ്യം പല രീതിയിലാണ് ചെലവഴിക്കുന്നത്. ചിലര്‍ കോടികള്‍ വിലമതിക്കുന്ന കൊട്ടാരങ്ങള്‍ നിര്‍മിക്കുകയോ അവധിക്കാലമാഘോഷിക്കാന്‍ ദ്വീപുകളും മറ്റും വിലക്കെടുക്കുകയോ ഒക്കെ ചെയ്യാറുണ്ട്.
ചിലരാവട്ടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാങ്കേതിക ലോകത്തിന്റെ പുരോഗതിക്കും ഒക്കെയാണ് സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ശചലവഴിക്കുന്നത്. അതായത് അവരുടെ മക്കള്‍ക്കും വരും തലമുറയ്ക്കും കോടികള്‍ വരുന്ന സ്വത്ത് മുഴുവനായി അനുഭവിക്കാന്‍ യോഗമില്ല എന്നര്‍ഥം.
എന്തായാലും അത്തരത്തിലുള്ള ചില ടെക് കമ്പനി മേധാവികളെ ഒന്ന് പരിചയപ്പെടാം.

ബില്‍ ഗേറ്റ്‌സ് (മൈക്രോസോഫ്റ്റ് സ്ഥാപകന്‍)
7800 കോടി ഡോളര്‍ ആസ്തിയുള്ള ബില്‍ഗേറ്റ്‌സ് അതില്‍ 100 ലക്ഷം ഡോളര്‍ വീതം മാത്രമാണ് മൂന്ന് മക്കള്‍ക്കുമായി നല്‍കുന്നത്. ബാക്കി തുക മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. 1994-ല്‍ അദ്ദേഹം ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്നപേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റും തുടങ്ങിയിരുന്നു.

സ്റ്റീവ് കേസ് (AOL സഹ സ്ഥാപകന്‍)
AOL ടെക്‌നോളജീസിന്റെ സഹ സ്ഥാപകന്‍ സ്റ്റീവ് കേസും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 1997-ല്‍ അദ്ദേഹം സ്ഥാപിച്ച കേസ് ഫൗണ്ടേഷന്‍ വഴിയാണ് അദ്ദേഹം സഹായങ്ങള്‍ നല്‍കുന്നത്. സാങ്കേതിക വിദ്യ സാധാരണക്കാരുടെ നന്മയ്ക്ക് വിനിയോഗിക്കുക എന്നതാണ് കേസ് ഫൗണ്ടേഷന്റെ ലക്ഷ്യം.

മാര്‍ക് ബെനിയോഫ് (സേല്സ് ഫോഴ്സ് സി.ഇ.ഒ)
UCSF ലെ കുട്ടികളുടെ ആശുപത്രിക്ക് 20 കോടി ഡോളര്‍ ഇതിനോടകം സംഭാവന ചെയ്ത വ്യക്തിയാണ് മാര്‍ക് ബിനിയോഫ്. ഇതിനു പുറമെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ എന്‍.ജി.ഒകളുടെ പ്രവര്‍ത്തനത്തിനായി 60 ദിവസം കൊണ്ട് 1 കോടി ഡോളര്‍ ശേഖരിക്കുന്നതിനുള്ള കാംപെയ്‌നും അദ്ദേഹം നടത്തിയിരുന്നു. 1/1/1 എന്നതാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. അതായത് കമ്പനിയുടെ മൊത്തം ഓഹരികളില്‍ ഒരു ശതമാനവും ജീവനക്കാരുടെ സമയത്തിന്റെ ഒരു ശതമാനവും കമ്പനിയുടെ റിസോഴ്‌സസിന്റെ ഒരു ഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നീക്കി വയ്ക്കുക എന്നര്‍ഥം.

ഇര്‍വിന്‍ ജേക്കബ്‌സ് (ക്വാള്‍കോം സ്ഥാപകന്‍)
ക്വാള്‍കോം സ്ഥാപകന്‍ ഇര്‍വിന്‍ ജേക്കബ്‌സ് ഭാര്യ ജൊവാനുമായി ചേര്‍ന്ന് 500 മില്ല്യന്‍ ഡോളര്‍ ഇപ്പോള്‍തന്നെ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു. കൂടാതെ തന്റെ സമ്പാദ്യത്തിന്റെ 50 ശതമാനത്തിലധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നറിയിക്കുന്ന 'ഗിവിംഗ് പ്ലെഡ്ജും' അദ്ദേഹം ഒപ്പുവച്ചു.

പിയറെ ഒമിഡ്യാര്‍ (ഇബെ സ്ഥാപകന്‍)
1998-ല്‍ ഇബെ ആദ്യമായി ഓഹരിവിപണിയിലേക്ക് കാലെടുത്തുവച്ചപ്പോള്‍ തന്നെ 100 കോടി ഡോളര്‍ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പിയറെയും ഭാര്യയും സംഭാവന ചെയ്തിരുന്നു. കൂടാതെ 2010-ല്‍ സ്വത്തിന്റെ 50 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കുന്ന 'ഗിവിംഗ് പ്ലെഡ്ജിലും' ഒപ്പുവച്ചിരുന്നു. തങ്ങളുടെ കുടുംബത്തിന് ജീവിക്കാന്‍ ആവശ്യമുള്ളതിലും അധികം സ്വത്ത് കൈവശം ഉണ്ടെന്നും ഇത് മറ്റുള്ളവരുടെ നന്മയ്ക്ക് വിനിയോഗിക്കാനാണ് താല്‍പര്യമെന്നും പിയറെ പറഞ്ഞിട്ടുമുണ്ട്.

ഗോര്‍ഡണ്‍ മൂര്‍ (ഇന്റല്‍ സഹ സ്ഥാപകന്‍)
പരിസ്ഥിതി, ആരോഗ്യ രംഗത്ത് സഹായങ്ങള്‍ ചെയ്യുന്നതിനായി സ്വയം രൂപീകരിച്ച മൂര്‍ ഫൗണ്ടേഷനുവേണ്ടി ഗോര്‍ഡണ്‍ മൂര്‍ 2001-ല്‍ 100 കോടി ഡോളര്‍ നീക്കിവച്ചിരുന്നു. നിലവില്‍ 500 കോടി ഡോളറാണ് ഫൗണ്ടോഷന്റെ ആസ്തി. കൂടാതെ 'ഗിവിംഗ് പ്ലെഡ്ജ്' അദ്ദേഹവും ഒപ്പുവച്ചിട്ടുണ്ട്.

എലന്‍ മസ്‌ക് (ടെസ്ല സി.ഇ.ഒ)
തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും റിന്യൂവബിള്‍ എന്‍ര്‍ജി, സയന്‍സ്, എഞ്ചിനീയറിംഗ് വിദ്യാഭ്യാസം, കുട്ടികളുടെ ആരോഗ്യം തുടങ്ങിയവയ്ക്കായി നീക്കിവച്ചിരിക്കുകയാണ് ടെസ്ല സ്ഥാപകന്‍ എലന്‍ മസ്‌ക്. കൂടാതെ ഗിവിംഗ് പ്ലെഡ്ജ് സൈന്‍ ചെയ്തിട്ടുമുണ്ട്. ടെസ്ലയില്‍ നിന്ന് 1 ഡോളര്‍ മാത്രമാണ് അദ്ദേഹം വര്‍ഷത്തില്‍ ശമ്പളമായി കൈപ്പറ്റുന്നത്.

ലാറിപേജ് (ഗൂഗിള്‍ സി.ഇ.ഒ)
ലാറി പേജ് വേറിട്ട ആശയം പങ്കുവയ്ക്കുന്നയാളാണ്. സമൂഹത്തിന് ഉതകുന്ന പുതിയ ഐഡിയകള്‍ പങ്കുവയ്ക്കുന്ന എലന്‍ മസ്‌കിനെ പോലുള്ളവര്‍ക്ക് അവരുടെ സ്വപ്‌നം സഫലമാക്കാന്‍ തന്റെ സമ്പാദ്യം നല്‍കുമെന്നാണ് ഗൂഗിള്‍ സി.ഇ.ഒ ലാറിപേജ് പറഞ്ഞിരിക്കുന്നത്.