നിരക്ക് ആകാശത്താണ്, എന്നിട്ടും ഈ ഭൂമിമലയാളത്തിൽ ആർക്കും കോൾ വിളിക്കാൻ പറ്റുന്നില്ല! 10-ൽ 9 പേർക്കും പ്രശ്നം
രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം ആളുകളും നെറ്റ്വർക്ക് പ്രശ്നങ്ങൾ നേരിടുന്നതായി പുതിയ സർവേ റിപ്പോർട്ട്. മൊബൈൽ ഉപയോക്താക്കളിൽ 89 ശതമാനം പേരും കോൾ കണക്ഷനും കോൾ ഡ്രോപ്പ് പ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്ന് ഈ സർവേ റിപ്പോർട്ട് പറയുന്നു. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾ ആണ് മൊബൈൽ ഉപയോക്താക്കൾക്കിടയിൽ സർവേ നടത്തി ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഏറെ നാളായി നിരവധി മൊബൈൽ ഉപയോക്താക്കൾ ഈ പരാതി ഉന്നയിക്കുന്നുണ്ട്. അടുത്തിടെ മൊബൈൽ നിരക്ക് വർധനവ് പ്രഖ്യാപിച്ചപ്പോഴും ഉപയോക്താക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ പ്രശ്നങ്ങൾ ബന്ധപ്പെട്ട കമ്പനികളെ അറിയിച്ചിട്ടും യാതൊരു ഫലവും ഉണ്ടാകുന്നില്ല എന്നാണ് ഉപയോക്താക്കൾ പറയുന്നത്. ആരോട് പറയാൻ, ആര് കേൾക്കാൻ എന്ന അവസ്ഥയിലാണ് പല മൊബൈൽ ഉപയോക്താക്കളും മോശം ടെലിക്കോം സൗകര്യങ്ങളുമായി മുന്നോട്ട് പോയിരുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സർവേയുടെ റിപ്പോർട്ട് ഉപയോക്താക്കളുടെ പരാതി ശരിവയ്ക്കും വിധത്തിലുള്ളതാണ്.

സർവേയിൽ പങ്കെടുത്ത 38 ശതമാനം പേരും തങ്ങൾക്ക് വരുന്ന 20 ശതമാനത്തിലധികം കോളുകളിൽ പതിവായി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയതായി ലോക്കൽ സർക്കിൾസ് സർവേ റിപ്പോർട്ട് പറയുന്നു. 12 മാസമായി മൊബൈൽ വരിക്കാർ സ്ഥിരമായ പരാതികൾ ഉന്നയിക്കുന്നത് കണക്കിലെടുത്താണ്, കഴിഞ്ഞ 3 മാസത്തെ മൊബൈൽ നെറ്റ്‌വർക്കുകളിലെ ഉപഭോക്താക്കളുടെ എക്സ്പീരിയൻസ് അറിയാൻ ലോക്കൽ സർക്കിൾ സർവേ നടത്തിയത്.
ദേശീയ തലത്തിൽ നടന്ന ഈ സർവേയിൽ, ഇന്ത്യയിലെ 362 ജില്ലകളിലെ 32,000ൽ അധികം ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഈ സർവേയിൽ പങ്കെടുത്തവരിൽ 64 ശതമാനം പേർ പുരുഷന്മാരും 36 ശതമാനം പേർ സ്ത്രീകളുമായിരുന്നു. 2024 മാർച്ചിനും ജൂണിനും ഇടയിലാണ് സർവേ നടത്തിയതെന്ന് ലോക്കൽ സർക്കിൾ പ്രസ്താവനയിൽ പറയുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 44 ശതമാനം പേർ ടയർ 1-ലും 33 ശതമാനം ടയർ-2 ലും 23 ശതമാനം പേർ ടയർ-3, 4, റൂറൽ ജില്ലകൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. എല്ലാ മേഖലയിലുള്ള ആളുകൾക്കും പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പത്തിൽ 9 മൊബൈൽ ഉപയോക്താക്കളും ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന് ഈ സർവേയിൽ നിന്നുള്ള വിവരങ്ങൾ മനസിലാക്കിത്തരുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 41 ശതമാനം പേർക്ക് 0-30 സെക്കൻഡുകൾക്ക് ശേഷമാണ് തകരാർ നേരിടുന്നത്. 27 ശതമാനം പേർക്ക് "30-60 സെക്കൻഡിന് ശേഷം കണ്ക്ഷൻ മോശമാകുന്നു. 27 ശതമാനം പേർക്ക് "ഒരു മിനിറ്റോ അതിൽ കൂടുതലോ സമയത്തിന് ശേഷമാണ് കണക്ഷൻ മോശമാകുന്നത്. 4 ശതമാനം പേർക്ക് കൃത്യമായ സമയം പറയാൻ കഴിഞ്ഞില്ല.
കോളിങ്ങിൽ പ്രശ്നങ്ങൾ നേരിടുന്നതിനെ തുടർന്ന് വാട്സ്ആപ്പ്, സ്കൈപ്പ്, ടെലിഗ്രാം അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ വൈഫൈ കോളുകൾ ചെയ്യുന്നുണ്ട് എന്ന വിവരവും സർവേ റിപ്പോർട്ടിൽ ഉണ്ട്. സർവേയിൽ പങ്കെടുത്ത മൂന്നിലൊരാൾ വീതം ഇത്തരത്തിൽ കോളുകൾക്കായി വൈഫൈയെയും ഇന്റർനെറ്റിനെയും ആശ്രയിക്കുന്നതായും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

മൊബൈൽ ഉപയോക്താക്കൾക്ക് നേരിടുന്ന ഇത്തരം പ്രശ്നങ്ങൾക്ക് നടപടിയും പരിഹാരവും കണ്ടെത്തേണ്ട ഉത്തരവാദപ്പെട്ട സ്ഥാപനം ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ആണ്. ട്രായിയുടെ ചെയർമാൻ അനിൽ കുമാർ ലഹോട്ടി ടെലിക്കോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നത് തൻ്റെ പ്രധാന മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ടെലിക്കോം ടവറുകളും സംബന്ധിച്ച നയപരമായ പ്രശ്നങ്ങളും, കെട്ടിടങ്ങളിൽ നിന്നുള്ള തടസവും, ജാമറുകൾ, ബൂസ്റ്ററുകൾ അല്ലെങ്കിൽ സിഗ്നൽ റിപ്പീറ്ററുകൾ പോലുള്ള ഉപകരണങ്ങളും ഉപഭോക്താക്കളുടെ ടെലിക്കോം സേവന നിലവാരത്തെയും എക്സ്പീരിയൻസിനെയും ബാധിക്കുന്നു എന്നാണ് ടെലിക്കോം കമ്പനികളുടെ പക്ഷം. എന്തായാലും ഉപയോക്താക്കളുടെ തുടർച്ചയായ പരാതികൾ കണക്കിലെടുത്ത് ട്രായി ചില ഇടപെടലുകൾ നടത്തുകയും നിലവാരം മെച്ചപ്പെടുത്താൻ നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തിട്ടുണ്ട്.
മൊബൈൽ ഉപയോക്താക്കളുടെ കാര്യമെടുത്താൽ, ഇതിനകം നെറ്റ്വർക്ക് പ്രശ്നങ്ങൾ നേരിട്ടിരുന്ന ഉപയോക്താക്കൾ ഇപ്പോൾ കൂടുതൽ നിരാശയിലാണ്. കാരണം ഇപ്പോൾ റീച്ചാർജിനായി വലിയ തുക മുടക്കുകയും വേണം, എന്നാൽ വിളിച്ചാൽ മര്യാദയ്ക്ക് സംസാരിക്കാൻ പറ്റുമോ അതുമില്ല. നിരക്ക് വർധന കൂടി വന്നതോടെ നിലവിലെ കണക്ഷൻ ഉപേക്ഷിച്ച് മറ്റേതെങ്കിലും കമ്പനിയിലേക്ക് മാറണം എന്ന് ആഗ്രഹിക്കുന്ന അസംതൃപ്തരുടെ എണ്ണം ഇപ്പോൾ കൂടിയിട്ടുണ്ട്.


Click it and Unblock the Notifications








