ഫോൺ പൊട്ടിത്തെറിച്ച് പോക്കറ്റിൽ നിന്നും ശരീരത്തിലേക്ക് തീ പടർന്നുകയറി; നടുക്കം മാറാതെ വയോധികൻ
കേരളത്തിൽ വീണ്ടും സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് അപകടം. തൃശൂർ സ്വദേശിയായ 76 -കാരന്റെ ഫോൺ പോക്കറ്റിൽ കിടന്ന് കത്തുകയായിരുന്നു. മരോട്ടിച്ചാൽ സ്വദേശിയായ ഏലിയാസാണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹം നിസാര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവമുണ്ടായത്. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
തൃശ്ശൂർ മരോട്ടിച്ചാലിൽ ചായക്കടയിൽ ഇരിക്കുമ്പോഴാണ് ഫോൺ പോക്കറ്റിൽ കിടന്ന് കത്തിയത് ( Smartphone Explosion). സംഭവ സമയത്ത് ഏലിയാസ് ഫോൺ ഉപയോഗിച്ചിരുന്നില്ലെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ചായക്കടയിൽ ഇരിക്കെ പോക്കറ്റിൽ കിടന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വലിയ ശബ്ദത്തോടെയാണ് ഡിവൈസ് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഫോൺ പൊട്ടിത്തെറിച്ച് എലിയാസിന്റെ വസ്ത്രത്തിലേക്കും തീ ആളിപ്പിടിച്ചിരുന്നു. ഇത് പെട്ടെന്ന് കെടുത്താൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കിയെന്ന് പറയാം.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി സമാന രീതിയിലുള്ള അപകടങ്ങൾ വർധിക്കുന്നതായാണ് കാണുന്നത്. മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ അപകടമാണിത്. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോടുള്ള യുവാവിന് പരുക്കേറ്റതാണ് ആദ്യത്തെ സംഭവം. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് അന്ന് അപകടത്തിൽ പെട്ടത്. ജീൻസിന്റെ പോക്കറ്റിൽ കിടന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ കാര്യമായ പരിക്കുകൾ ഹാരിസിന് സംഭവിച്ചിരുന്നില്ല.
ഏപ്രിലിലാണ് കേരളത്തെ നടുക്കിയ സ്മാർട്ട്ഫോൺ അപകടം ഉണ്ടായത്. തൃശൂരിൽ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം കേരളമാകെ ചർച്ച ചെയ്തു. പട്ടിപ്പറമ്പ് സ്വദേശിയും തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയുമായിരുന്ന ആദിത്യശ്രീയാണ് മരിച്ചത്. കട്ടിലിൽ കിടന്ന് മൊബൈൽ ഫോണിൽ വീഡിയോ കണ്ട് കൊണ്ടിരിക്കെയായിരുന്നു അപകടം. മൂന്ന് വർഷത്തിലധികം പഴക്കമുള്ള ഫോണാണ് കുട്ടി ഉപയോഗിച്ചിരുന്നത്. ബാറ്ററി അമിതമായി ചൂടായത് അപകട കാരണമായെന്നാണ് കരുതുന്നത്.
ഇതിന് മുമ്പും പല സ്ഥലങ്ങളിൽ നിന്നും ഇതേ രീതിയിലുള്ള അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്മാർട്ട്ഫോണുകളിലെ ബാറ്ററികൾ പൊട്ടിത്തെറിക്കാനും തീ പിടിക്കാനും എപ്പോഴും സാധ്യതയുള്ള ഘടകങ്ങളാണ്. ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് പലപ്പോഴും ഈ അപകടങ്ങളിലേക്ക് വഴിതെളിക്കുന്നത്. ബാറ്ററി ഡാമേജുകളാണ് ഭൂരിഭാഗം അപകടങ്ങൾക്കും പിന്നിൽ. പഴയ ഫോണുകളുടെ ബാറ്ററി വീർത്ത് വരാറില്ലേ, ഇത് തന്നെയാണ് ബാറ്ററി ഡാമേജിന്റെ ആദ്യ ലക്ഷണം.
ബാറ്ററി മുഴച്ച് കഴിഞ്ഞാൽ പിന്നെ ആ ഫോൺ ഉപയോഗിക്കരുത്. വലിയ കുഴപ്പമില്ലെന്ന് കരുതി ഡിവൈസുകൾ പിന്നെയും ഉപയോഗിക്കുന്നവരാണ് അപകടത്തിൽ പെടുന്നത്. ഡിവൈസിന്റെ ഷേപ്പിലുണ്ടാകുന്ന മാറ്റങ്ങൾ ബാറ്ററി വീർക്കുന്നത് മനസിലാക്കാൻ സഹായിക്കും. സ്ക്രീൻ മുഴയ്ക്കുന്നതും ബാക്ക് പാനൽ അൺ ഈവൻ ആകുന്നതുമൊക്കെ ബാറ്ററി ഡാമേജിന്റെ ലക്ഷണങ്ങൾ തന്നെയാണ്. ഡാമേജായതും പൊട്ടിയതുമായ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതും അപകടത്തിന് കാരണമാകും.
ഡ്യൂപ്ലിക്കേറ്റ് ചാർജറുകളും ഡാമേജായ കേബിളുകളും ഉപയോഗിക്കുന്നത്, തേർഡ് പാർട്ടി ബാറ്ററികൾ, ഓവർ ചാർജിങ് എന്നിവയെല്ലാം അപകടം വരുത്തി വയ്ക്കും. അത് പോലെ തന്നെ ചാർജിങിനിടെ ഫോൺ ഉപയോഗിക്കുന്നത് ഫോണിന്റെ സർക്യൂട്ട് ഓവർ ഹീറ്റാകാൻ കാരണമാകുന്നു. ഉയർന്ന ചൂട് ഷോർട്ട് സർക്യൂട്ടിലേക്കും ഫോണിലെ ലിഥിയം അയൺ ബാറ്ററി പൊട്ടിത്തെറിക്കുന്നതിലേക്കും വഴി വയ്ക്കും. ചാർജ് ആയിക്കഴിഞ്ഞാൽ ബാറ്ററിയിലേക്കുള്ള വൈദ്യുതിപ്രവാഹം തടയാനുള്ള സംവിധാനം ഇന്ന് പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിലുണ്ട്.
എന്നാൽ പഴയ ഡിവൈസുകളിൽ ഇതില്ല. അതിനാൽ തന്നെ പഴയ ഫോണുകൾ രാത്രി മുഴുവൻ ചാർജിനിടുന്നത് ഷോർട്ട് സർക്യൂട്ടിനും ബാറ്ററി വീർക്കാനുമൊക്കെ കാരണമാകും. ചാർജ് ചെയ്യുമ്പോൾ ഫോൺ അമിതമായി ചൂടായാൽ അപ്പോൾ തന്നെ ചാർജിങ് നിർത്തണം. ഫോൺ കുറച്ച് നേരം സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കുന്നതും നല്ലതണ്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണുകൾക്കൊപ്പം മാത്രം അത്തരം ചാർജറുകൾ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കുക.
Image Courtesy : Adams John Alappatt (Youtube)


Click it and Unblock the Notifications








