കുളികഴിഞ്ഞുവന്ന് ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച, 9 മാസം ഗർഭിണിയായ പതിനേഴുകാരി ഷോക്കേറ്റ് മരിച്ചു!
സ്മാർട്ട്ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുക എന്നത് നമ്മുടെ കുട്ടികൾ മുതൽ മുതിർന്നവരെയുള്ള കുടുംബാംങ്ങളെല്ലാം വളരെ നിസാരമായി ദിവസവും ചെയ്ത് വരുന്ന ഒരു സാധാരണ പ്രവൃത്തിയാണ്. എന്നാൽ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ മൊബൈൽ ചാർജിങ് മരണത്തിനുപോലും കാരണമായേക്കാവുന്ന അപകടങ്ങൾ വിളിച്ചുവരുത്തും എന്ന് ഇതിനകം പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മൊബൈൽ പൊട്ടിത്തെറിച്ച് റിപ്പോർട്ട് ചെയ്യുന്ന അപകടങ്ങളിൽ ഫോണിന്റെ മോശം അവസ്ഥയോടൊപ്പം തന്നെ കൈകാര്യം ചെയ്യുന്ന ആളുകളുടെ ശ്രദ്ധക്കുറവിനും വലിയൊരു പങ്കുണ്ട്. ചാർജിങ്ങിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് നിരവധി മരണങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അപകടം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

17 വയസ് മാത്രം പ്രായമുള്ള 9 മാസം ഗർഭിണിയായ പെൺകുട്ടി ഫോൺ ചാർജ് ചെയ്യാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് അതിദാരുണമായി കൊല്ലപ്പെട്ടു എന്ന വാർത്തയാണ് ലോകത്തെ ഞെട്ടിക്കുകയും കേൾക്കുന്നവരെ ദുഖത്തിലാക്കുകയും ചെയ്തിരിക്കുന്നത്. ബ്രസീലിലെ കാമ്പിന ഗ്രാൻഡെയിൽ സ്വദേശിനിയായ, ജെന്നിഫർ കരോലെയ്ൻ എന്ന പതിനേഴുകാരിയും ഗർഭസ്ഥ ശിശുവുമാണ് അതി ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്.
മോണ്ടെ കാസ്റ്റലോ പരിസരത്ത് വ്യാഴാഴ്ച പുലർച്ചെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം നടന്നത്. ''കുളികഴിഞ്ഞ് വന്നതായിരുന്നു ജെന്നിഫർ, തൊട്ടുപിന്നാലെ എക്സ്റ്റൻഷൻ കോർഡ് ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്'' എന്നാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്ന ജെന്നിഫറിന്റെ ഭർത്താവിന്റെ മൊഴിയെ അടിസ്ഥാനമാക്കി ദി മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദിവസവും ചെയ്യുന്ന ഒരു പ്രവൃത്തിയെ പേടിസ്വപ്നമാക്കി മാറ്റുന്ന വിധത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പെട്ടെന്ന് ഒരു പൊട്ടിത്തെറിയും ജെന്നിഫറിന്റെ നിലവിളിയുമാണ് താൻ കേട്ടതെന്ന് ഭർത്താവ് പറയുന്നു. ഓടിയെത്തി നോക്കുമ്പോൾ ജെന്നിഫർ നിലത്ത് വീണ് കിടക്കുകയായിരുന്നു. അവളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഭർത്താവിനും ഷോക്കേറ്റെന്നും മിറർ റിപ്പോർട്ട് ചെയ്യുന്നു.
ജെന്നിഫറിന്റെ ഭർത്താവിന്റെ സഹായാഭ്യാർഥനയെ തുടർന്ന് മൊബൈൽ എമർജൻസി കെയർ സർവീസ് ടീം സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും പെൺകുട്ടിയുടെ ദാരുണ മരണം സ്ഥിരീകരിച്ചിരുന്നു. നടന്നത് അപകടമാണ് എന്ന നിലയിലാണ് സൂചനകൾ ലഭ്യമായിരിക്കുന്നത് എങ്കിലും അന്വേഷണം നടക്കുന്നുണ്ട്. എന്താണ് നടന്നത് എന്ന് കൃത്യമായ ധാരണ കൈവരാൻ അന്വേഷണം സഹായിക്കും എന്ന നിലപാടിലാണ് അധികൃതർ.
കാമ്പിന ഗ്രാൻഡെ ഹോമിസൈഡ് പോലീസ് സ്‌റ്റേഷനിലെ ചീഫ് റാമിരിസൺ പെഡ്രോയാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. പതിവ് അന്വേഷണ നടപടികളിലൂടെ കടന്നുപോയ ശേഷം മാത്രമേ നടന്നത് അപകടമാണോ, എന്താണ് അപകടത്തിനിടയാക്കിയത് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ എന്നാണ് റിപ്പോർട്ട്. ഈ അതിദാരുണ സംഭവത്തോടൊപ്പം, സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ വൈദ്യുതാഘാതമേറ്റ കൗമാരക്കാരുടെ വാർത്തകൂടിയെത്തിയത് ആളുകളെ കൂടുതൽ ഞെട്ടിക്കുന്നു.

യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചതിന് ആറ് ദിവസം മുമ്പായിരുന്നു കൗമാരക്കാരുടെ അപകടം. എങ്കിലും യുവതിയുടെ വാർത്തയോടൊപ്പം തന്നെ ഈ സംഭവവും ഇപ്പോൾ വീണ്ടും വാർത്തയായിരിക്കുന്നു. സംഘമായി റെയിൽവേ ട്രാക്കിൽ ഇരുന്ന് സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പെൺകുട്ടിയടക്കം മൂന്നുപേരുൾപ്പെട്ട കൗമാരക്കാരുടെ സംഘത്തിന് റെയിൽപ്പാളത്തിൽനിന്ന് 600 വോൾട്ട് ഷോക്കേറ്റത്.
ഫോട്ടോ എടുക്കാൻ പുറകിലേക്ക് ചായുന്നതിനിടെ ആൺകുട്ടികളിൽ ഒരാൾ വൈദ്യുതീകരിച്ച റെയിലിൽ സ്പർശിച്ചതോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട കൗമാരക്കാരനുമായി സപ്ർശിച്ചിരുന്ന പെൺകുട്ടിക്കും ഷോക്കേറ്റു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചു. ഷോക്കേറ്റ ആൺകുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായതിനാൽ അത്യാസന്ന നിലയിലാണ്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും ഷോക്കേറ്റ് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവർക്ക് ഷോക്കേൽക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മൊബൈൽ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ച വാർത്ത അടുത്തിടെ കർണാടകയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഫോൺ ചാർജറിൽനിന്ന് വേർപെടുത്തിയശേഷം പ്ലഗ് സ്വിച്ച്ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിനു കാരണമായത്. വൈദ്യുതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവ കൈകാര്യം ചെയ്യുമ്പോൾ ഏറെ ജാഗ്രത പുലർത്തണമെന്ന് ഈ സംഭവങ്ങൾ മുന്നറിയിപ്പ് നൽകുന്നു.


Click it and Unblock the Notifications








