ഇനി ലെൻസ് ഇല്ലാത്ത ക്യാമറയും! ലൊക്കേഷൻ ഡാറ്റവച്ച് ചിത്രമെടുത്ത് അദ്ഭുതപ്പെടുത്തി പാരഗ്രാഫിക്ക!
മനുഷ്യന്റെ മുൻധാരണകൾ എല്ലാം പൊളിച്ചെഴുതിക്കൊണ്ടാണ് പല ടെക്നോളജികളും ചരിത്രത്തിലേക്ക് ഇടിച്ചുകയറുകയും നമ്മുടെ നിത്യജീവിതത്തിൽ സജീവമാകുകയും ചെയ്തിട്ടുള്ളത്. ഇന്ന് ടെക്നോളജി രംഗത്തേക്ക് നോക്കിയാൽ എഐയുടെ സ്പർശനവും സാന്നിധ്യവും കടന്നുചെല്ലാത്ത മേഖലകൾ ഇല്ല എന്നുതന്നെ പറയാം. എഴുത്തുകാരെയും കോഡർമാരെയും ക്രിയേറ്റീവ് ആർട്ടിസ്റ്റുകളെയുമൊക്കെ നിഷ്പ്രഭരാക്കി അദ്ഭുതപ്പെടുത്തിയ എഐ ഇപ്പോൾ ക്യാമറകളിലേക്കും എത്തിയിരിക്കുകയാണ്.
തന്റെ അദ്ഭുതസിദ്ധി ക്യാമറിയിലും എഐ പുറത്തെടുത്തതോടെ പുറത്താക്കപ്പെട്ടിരിക്കുന്നത് സാക്ഷാൽ ലെൻസ് തന്നെയാണ്. ക്യാമറയുടെ കണ്ണും കരളുമെല്ലാം ലെൻസ് ആണ്. ലെൻസ് ഇല്ലാതെ എന്ത് ക്യാമറ, ക്യാമറയില്ലാതെ എന്ത് സോഷ്യൽ മീഡിയ, സോഷ്യൽ മീഡിയ ഇല്ലാതെ എന്ത് ജീവിതം!. പറഞ്ഞ് പറഞ്ഞ് ഒടുവിൽ എത്തിനിൽക്കുന്നത് മനുഷ്യജീവിതത്തിന്റെ കാര്യത്തിലാണ്.

അതെ, മനുഷ്യജീവിതവുമായി ഇപ്പോൾ അത്രമേൽ ബന്ധമുള്ള ക്യാമറടെക്നോളജി അവിശ്വസനീയമായ ഒരു മാറ്റം സാധ്യമാക്കിയിരിക്കുകയാണ്. ഫോട്ടോഗ്രാഫിയുടെ കാതൽ എന്നത് ലെൻസ് ആണ്. ലെൻസ് ഇല്ലാത്ത ക്യാമറവച്ച് ചിത്രമെടുക്കുക അസാധ്യമാണ് എന്നാണ് നമ്മുടെ ബോധ്യം. എന്നാൽ ആ ബോധ്യത്തെയും ധാരണയെയും എഐയും ടെക്നോളജിയും ചേർന്ന് പൊളിച്ചെഴുതിയിരിക്കുന്നു.
അതെ, ലെൻസ് ഇല്ലാതെയും ഇപ്പോൾ ക്യാമറ ഉപയോഗിച്ച് ചിത്രം പകർത്താം. ലൊക്കേഷൻ ഡാറ്റയും എഐയും അടിസ്ഥാനമാക്കി ഫോട്ടോ പകർത്താൻ സാധിക്കുന്ന ലോകത്തിലെ ആദ്യത്തെ കോൺടെക്സ്റ്റ്-ടു-ഇമേജ് ക്യാമറയായ പാരഗ്രാഫിക്ക(Paragraphica) അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. സാധാരണ ക്യാമറകളുടെ രൂപത്തിൽത്തന്നെ, എന്നാൽ ലെൻസില്ലാതെ എത്തുന്ന ക്യാമറയാണ് പാരഗ്രാഫിക്ക.

ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്ന വിവരങ്ങൾ അനുസരിച്ച്, ഓപ്പൺ എപിഐകളുടെ (ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ) ലൊക്കേഷൻ ഡാറ്റ ശേഖരിച്ചാണ് പാരഗ്രാഫിക്ക പ്രവർത്തിക്കുന്നത്. ദിവസത്തിന്റെ സമയം, കാലാവസ്ഥ, വിലാസം, സമീപത്തുള്ള സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ചാണ് ഈ ക്യാമറ ചിത്രങ്ങൾ എടുക്കുന്നത്. അതിനായി ഈ വിശദാംശങ്ങളെല്ലാം സംയോജിപ്പിച്ച് പാരഗ്രാഫിക്ക ഒരു ഖണ്ഡിക എഴുതുന്നു.
പിന്നീട്, ടെക്സ്റ്റ്-ടു-ഇമേജ് എഐ ഉപയോഗിച്ച്, ഈ ഖണ്ഡികയെ ക്യാമറ ഫോട്ടോയാക്കി മാറ്റുകയാണ് ചെയ്യുന്നത്. എഐയുടെ പിന്തുണയൊക്കെയുണ്ടെങ്കിലും എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് തയാറാക്കുന്ന ചിത്രങ്ങൾ പോലെയൊന്നുമല്ല, ഒറിജിനൽ ക്യാമറ ലെൻസിൽ എടുക്കുന്ന ഒറിജിനൽ ചിത്രം പോലെതന്നെയാണ് ഈ പാരഗ്രാഫിക്ക ചിത്രങ്ങൾ കാണപ്പെടുക. ഉപയോക്താവ് നിൽക്കുന്ന പ്രദേശത്തിന്റെ 'സങ്കീർണ്ണവും സൂക്ഷ്മവുമായ പ്രതിഫലനം' അതേപടി ഇവിടെ പാരഗ്രാഫിക്ക പകർത്തുന്നു.
ഒറിജിനൽ ക്യാമറയുടേത് പോലെ തന്നെയാണ് പാരഗ്രാഫിക്കയുടെയും രൂപം. എന്നാൽ ലെൻസിന്റെ സ്ഥാനത്ത് വിചിത്രാകൃതിയിലുള്ള ഒരു ഉപകരണം കാണാം. നിലവിലെ ലൊക്കേഷന്റെ തത്സമയ വിവരണങ്ങൾ പ്രദർശിപ്പിക്കുന്ന വ്യൂഫൈൻഡറുമായാണ് ക്യാമറ വരുന്നത്. ഉപയോക്താവ് ട്രിഗർ അമർത്തിയാൽ, അത് ഖണ്ഡികയിലെ വിവരണത്തിന്റെ സിന്റിഗ്രാഫിക് (മനുഷ്യശരീരത്തിന്റെ ആന്തരിക ഭാഗങ്ങളുടെ സ്കാനുകൾ സൃഷ്ടിക്കുന്ന ഒരു പ്രക്രിയ) സൃഷ്ടിക്കും.

അസാധാരണമായ രൂപം വഹിക്കുന്ന ക്യാമറയിൽ മൂന്ന് ഫിസിക്കൽ ഡയലുകളുണ്ട്, സാധാരണ ക്യാമറയിൽ ചിത്രമെടുക്കും മുമ്പ് സെറ്റിങ്സ് ചെയ്യുന്നതു പോലെ ഇവിടെയും ചിത്രത്തിന്റെ രൂപഭാവത്തെ നിർണയിക്കുന്നതിന് ഡാറ്റയും എഐ പാരാമീറ്ററുകളും സജ്ജീകരിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ലെൻസുകളുള്ള പരമ്പരാഗത ക്യാമറകൾ പ്രവർത്തിക്കുന്നതിന് സമാനമായാണ് ഇതും സജ്ജീകരിക്കുന്നത്.
വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, പാരഗ്രാഫിക്കയിലെ മൂന്ന് ഡയലുകളിൽ ആദ്യത്തേത് ഒരു ഒപ്റ്റിക്കൽ ലെൻസിലെ ഫോക്കൽ ലെങ്ത് പോലെയാണ് പ്രവർത്തിക്കുന്നത്. രണ്ടാമത്തെ ഡയൽ, എഐ ഇമേജ് ഡിഫ്യൂഷന് ആവശ്യമായ ഒരു നോയ്സ് സീഡ് സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. 0.1 നും 1 നും ഇടയിലുള്ള മൂല്യങ്ങളോടെയാണ് ഇത് വരുന്നത്.
മൂന്നാമത്തെ ഡയൽ ഗൈഡൻസ് സ്കെയിൽ നിയന്ത്രിക്കുന്നു. ഹാർഡ്‌വെയറിന്റെ കാര്യത്തിൽ, റാസ്‌ബെറി പൈ 4, വലിയ ടച്ച്‌സ്‌ക്രീൻ, 3D പ്രിന്റഡ് ഹൗസിംഗ്, കസ്റ്റം ഇലക്ട്രോണിക്‌സ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പാരാഗ്രാഫിക്ക വരുന്നത്. സോഫ്‌റ്റ്‌വെയർ രംഗത്ത്, സ്റ്റേബിൾ ഡിഫ്യൂഷൻ എപിഐ, പൈത്തൺ കോഡ്, നൂഡൽ എന്നിവയുടെ പിന്തുണയാണുള്ളത്. ഫിസിക്കൽ പ്രോട്ടോടൈപ്പ് ആയും വെർച്വൽ പതിപ്പായും പാരഗ്രാഫിക്ക നിലവിലുണ്ട്.
Image credit: Bjørn Karmann


Click it and Unblock the Notifications








