ഓട്ടോഗ്രാഫിൽ ഒപ്പിടാത്ത സ്റ്റീവ് ജോബ്സ്; 14000 രൂപയുടെ ചെക്കിന് വിലയിപ്പോൾ 24 ലക്ഷം!
ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നാണ് ആപ്പിൾ. ആപ്പിൾ നേരിട്ടിറക്കുന്ന ഐഫോണും ഐപാഡും ഉൾപ്പെടെയുള്ള പ്രോഡക്ടുകൾക്ക് മാത്രമല്ല, ആപ്പിൾ സ്പർശമുള്ള എന്തിനും ഒരു പ്രത്യേക ഗാംഭീര്യം ലോകം കൽപ്പിച്ച് നൽകാറുണ്ട്. ജനങ്ങൾക്കിടയിൽ ആപ്പിൾ നേടിയെടുത്ത സ്വാധീനത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനമാണ് ഈ സ്വീകാര്യത.
ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഏറ്റവും വലിയ സമ്പാദ്യം ജനങ്ങൾക്കിടയിൽ നേടിയെടുത്ത സൽപ്പേരാണ്. ആപ്പിളിന്റെ ഇന്ന് കാണുന്ന സകല നേട്ടങ്ങളുടെയും അടിത്തറ സ്റ്റീവ് ജോബ്സ് കെട്ടിപ്പടുത്ത വിശ്വാസ്യതയും സൽപ്പേരുമാണ്. ആപ്പിളിനെ ലോകം അംഗീകരിക്കുന്ന ഒരു വലിയ സംരംഭമാക്കി മാറ്റിയതിന്റെ ബഹുമതിയും സ്ഥാപകനും സിഇഒയുമായിരുന്ന സ്റ്റീവ് ജോബ്സിനാണ്.

മരിച്ച് ഒരു ദശാബ്ദം പിന്നിട്ടിട്ടും സ്റ്റീവ്ജോബ്സിന്റെ പേര് ഇന്നും ടെക്നോളജി രംഗത്ത് പലപ്പോഴും ഉയർന്നുകേൾക്കാറുണ്ട്. സ്റ്റീവ് ജോബ്സിന്റെ ദീർഘവീക്ഷണമുള്ള നിലപാടുകളാണ് അദ്ദേഹത്തിന്റെ പേര് ഇന്നും ചർച്ചചെയ്യപ്പെടാനുള്ള പ്രധാന കാരണം. ടെക്നോളജി ലോകം അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഇന്നും പ്രാധാന്യം നൽകുകയും അദ്ദേഹത്തിന്റെ ദർശനങ്ങളെ പിന്തുടരുകയും ചെയ്യുന്നു.
വ്യക്തിയെന്ന നിലയിൽ ഇന്നും സ്റ്റീവ്ജോബ്സിനെ ആളുകൾ ഏറെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ആപ്പിൾ ഉപകരണങ്ങൾ സ്വന്തമാക്കുന്ന അതേ ആവേശം സ്റ്റീവ് ജോബ്സുമായി ബന്ധപ്പെട്ട വസ്തുക്കൾ സ്വന്തമാക്കുന്നതിലും ആപ്പിൾ ആരാധകർ പുലർത്തിവരുന്നു. അതിനാൽത്തന്നെ സ്റ്റീവ് ജോബ്സുമായി ബന്ധപ്പെട്ടിട്ടുള്ള എന്തിനും വൻ വിലയാണ് ലഭിക്കുന്നത്.

അദ്ദേഹവുമായി ബന്ധപ്പെട്ട വസ്തുക്കൾക്ക് പിൽക്കാലത്ത് ലേലങ്ങളിലും മറ്റും ലഭിച്ച ഉയർന്ന വില പലപ്പോഴും ഞെട്ടിക്കുന്നതായിരുന്നു. ആ പാരമ്പര്യം ഇപ്പോഴും തുടരുന്നു എന്നാണ് സ്റ്റീവ് ജോബ്സ് ഒപ്പിട്ട ഒരു ചെക്കിന്റെ ലേല വില തെളിയിക്കുന്നത്. വെറും 14000 രൂപയുടെ ചെക്ക് സ്റ്റീവ് ജോബ്സിന്റെ ഒപ്പ് ഉണ്ട് എന്ന ഒറ്റക്കാരണത്താൽ 24 ലക്ഷം രൂപയ്ക്കാണ് ലേലത്തിന് എത്തിയിരിക്കുന്നത്.
പ്രശസ്തരുടെ ഓർമയ്ക്കായി അവരുടെ ഒപ്പ് ഓട്ടോഗ്രാഫായും മറ്റും വാങ്ങി സൂക്ഷിക്കുന്നവർ ഏറെയുണ്ട്. സ്റ്റീവ് ജോബ്സിന് പണ്ടും ഏറെ ആരാധകർ ഉണ്ടായിരുന്നു, എന്നാൽ ഓട്ടോഗ്രാഫിൽ ഒപ്പിടുന്നതിനോട് സ്റ്റീവ് ജോബ്സിന് തീരെ താൽപ്പര്യമില്ല, ചെക്കുകളായിരുന്നു അദ്ദേഹത്തിന്റെ 'ഓട്ടോഗ്രാഫ്'. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ ഒപ്പുള്ള ചെക്കിന് വൻ മൂല്യമാണ് ലേലവിപണിയിൽ ലഭ്യമായിരിക്കുന്നത്.
ആപ്പിൾ സ്ഥാപിതമായ 1976 ൽ ഒപ്പിട്ട ചെക്ക് ആണ് എന്നത് ഈ ചെക്കിന്റെ മൂല്യം ഉയർത്തുന്നു. 770 Welch Rd., Ste. 154, Palo Alto എന്നതാണ് ചെക്കിൽ കാണുന്ന അഡ്രസ്. ആപ്പിളിന്റെ ആദ്യത്തെ വിലാസമായിരുന്നു ഇത്. അതിനാൽത്തന്നെ ആപ്പിളിന്റെ ആദ്യ വിലാസമുള്ള ചെക്ക് എന്ന പ്രത്യേകതയും ഈ ചെക്കിന്റെ മൂല്യം ഉയർത്താൻ കാരണമായിട്ടുണ്ട്.

വടക്കൻ കാലിഫോർണിയയിലെ വിവിധ ഹൈടെക് കമ്പനികൾക്ക് ബിസിനസ് പ്രോസസ് കൺസൾട്ടിംഗ് നൽകുന്ന ഒരു മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായിരുന്നു ക്രാംപ്ടൺ, റെംകെ & മില്ലർ. ഈ സ്ഥാപനത്തിന് നൽകി ചെക്ക് ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കണ്ടെടുക്കുമ്പോൾ ഏതാണ്ട് നാശോന്മുഖമായ അവസ്ഥയിലായിരുന്നു ഈ ചെക്ക്.
ആപ്പിളിന്റെ തുടക്കകാലത്തുള്ള വസ്തുക്കൾക്ക് വൻ ഡിമാൻഡാണ് ലേലവിപണിയിൽ ഇപ്പോഴുള്ളത്. കവർപോലും പൊട്ടിച്ചിട്ടില്ലാത്ത ആദൽ ഐഫോണിന് അൻപത് ലക്ഷം രൂപയ്ക്ക് മേൽ വില ലഭിച്ച സംഭവങ്ങൾ ഒന്നിലധികം തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആപ്പിളിന്റെ ആദ്യകാലവുമായി ബന്ധപ്പെട്ട വസ്തുക്കൾ സ്വന്തമാക്കുന്നതിലൂടെ ചരിത്രത്തിന്റെ ഒരു ഭാഗം സ്വന്തമാക്കുന്ന സംതൃപ്തിയാണ് ആളുകൾക്ക് ലഭിക്കുന്നത്. അതിനായി എത്രതുകയും മുടക്കാൻ ചിലർ തയാറാകുന്നു.


Click it and Unblock the Notifications








