രാത്രി ലൈറ്റ് ഓഫാക്കിയുള്ള മൊബൈൽ ഉപയോഗം യുവതിയുടെ കാഴ്ച കളഞ്ഞു; വീണ്ടെടുത്തത് 18 മാസംകൊണ്ട്

ടെക്നോളജികൾ മനുഷ്യജീവിതത്തെ ഏറെ സഹായിക്കുകയും കഠിനമായ ജോലികൾ പോലും എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്. ദൈനംദിന ജീവിതത്തിൽ വിവിധ രൂപങ്ങളിൽ ടെക്നോളജി നമ്മുടെ സഹായത്തിനെത്താറുണ്ട്. വിനോദത്തിനായും വിജ്ഞാനത്തിനായും തൊഴിലിനായും നാം ടെക്നോളജിയെ ആശ്രയിക്കുന്നു. അധികമായാൽ അമൃതും വിഷം എന്നു പറയും പോലെ ടെക്നോളജിയെയും അമിതമായി ആശ്രയിക്കുന്നത് ദോഷം ചെയ്യും എന്ന് ഇതിനോടകം നിരവധി തവണ തെളിഞ്ഞിട്ടുണ്ട്. ഇപ്പോൾ അത് അടിവരയിട്ട് ഉറപ്പിക്കുന്ന ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
രാത്രിയിലെ മൊബൈൽ ഉപയോഗം
രാത്രിയിൽ ഇരുട്ടത്ത് പതിവായി മൊബൈൽ ഉപയോഗിച്ച മുപ്പതുകാരിയുടെ കാഴ്ച നഷ്ടമായി എന്ന് വെളിപ്പെടുത്തി യുവതിയെ ചികിത്സിച്ച ഡോക്ടർ ആണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിനിയായ മഞ്ജു എന്ന യുവതിക്കാണ് കാഴ്ച നഷ്ടമായത്. കണ്ണിൽ ഇടയ്ക്കിടയ്ക്ക് ശക്തമായ മിന്നൽ പോലെ വെട്ടമടിയ്ക്കുന്നെന്നും വസ്തുക്കളിൽ ശ്രദ്ധേകേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും ചിലസമയങ്ങളിൽ ഇരുട്ട് അനുഭവപ്പെടുന്നതായും ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഹൈദരാബാദിൽ ന്യൂറോളജിസ്റ്റായ ഡോ. സുധീറിന്റെ അരികിലെത്തുന്നത്. രാത്രിയിലാണ് കൂടുതലും പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ യുവതിക്ക് അന്ധത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്ന സ്മാർട്ട്ഫോൺ വിഷൻ സിൻഡ്രോം (എസ്.വി.എസ്) ആണെന്ന് കണ്ടെത്തി.

രോഗകാരണം ഞെട്ടിക്കും
രോഗത്തിന്റെ കാരണം കണ്ടെത്താൻ മഞ്ജുവിന്റെ ദിനചര്യകളെപ്പറ്റി ഡോക്ടർ അന്വേഷിച്ചു. ഈ ഘട്ടത്തിലാണ് മഞ്ജു രാത്രിയിൽ ദീർഘനേരം മൊബൈൽ ഉപയോഗിച്ചിരുന്നതായി ഡോക്ടർക്ക് അറിയാൻ സാധിച്ചത്. നേരത്തെ ബ്യൂട്ടീഷനായി നോക്കുകയായിരുന്നു മഞ്ജു. ഇതിനിടെ ഭിന്നശേഷിയുള്ള കുട്ടിയെ പരിചരിക്കേണ്ടതിനാൽ യുവതി ജോലി ഉപേക്ഷിച്ചു. നേരത്തെ തന്നെ രാത്രിയിൽ ദീർഘനേരം ഫോൺ ഉപയോഗിക്കുന്ന ശീലം മഞ്ജുവിന് ഉണ്ടായിരുന്നു. ജോലി ഉപേക്ഷിച്ചതോടുകൂടി രാത്രിയിലും പകലും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന സമയത്തിന്റെ നീളം കൂടി. രാത്രി ലൈറ്റുകൾ ഓഫ് ചെയ്തശേഷം ഇരുട്ടത്തിരുന്നാണ് മഞ്ജു ദീർഘനേരം സ്മാർട്ട്ഫോൺ ഉപയോഗിച്ചിരുന്നത്. ഇത് ഗുരുതരമായ നേത്ര രോഗമായി മാറുകയായിരുന്നു എന്നാണ് ഡോക്ടർ പറയുന്നത്.
18 മാസത്തെ ചികിത്സ
തുടർന്ന് സ്ക്രീനിൽ അധികനേരം നോക്കരുത് എന്ന് നിർദേശിച്ച് യുവതിക്ക് ചികിത്സയാരംഭിച്ചു. ഏതാണ്ട് 18 മാസം എടുത്ത് നടത്തിയ ചികിത്സയ്ക്ക് ഒടുവിൽ മഞ്ജുവിന്റെ കാഴ്ച വീണ്ടെടുക്കാനായെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു. ഇപ്പോൾ മഞ്ജുവിന് നേത്രസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നില്ല എന്നും 18 മാസത്തോളം അനുഭവപ്പെട്ട കാഴ്ചവൈകല്യം പൂർണമായും ഭേദമാക്കാനായെന്നും ഡോക്ടർ പറയുന്നു. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭ്യമായതിനാലാണ് മഞ്ജുവിന് കാഴ്ച തിരിച്ചുലഭിച്ചത്. എന്നാൽ സ്‌മാർട്ട്‌ഫോൺ വിഷൻ സിൻഡ്രോം (എസ്‌വിഎസ്) അല്ലെങ്കിൽ "കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം" (സിവിഎസ്) അല്ലെങ്കിൽ "ഡിജിറ്റൽ വിഷൻ സിൻഡ്രോം" എന്നിവയാൽ ബുദ്ധിമുട്ടുന്ന അനേകം പേരുണ്ട്.

ഫോൺ ഉപയോഗം ശ്രദ്ധിക്കണം
ഈ സിൻഡ്രോം ഭാഗികമായോ പൂർണ്ണമായോ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം എന്നതാണ് കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നത്. മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളും കൊണ്ട് രോഗം ഭേദമാക്കാം. പക്ഷേ സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ അൽപ്പം ശ്രദ്ധയോടെ അമിതമായി ഉപയോഗിക്കാതിരുന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഒഴിവാക്കാം. ഇന്ത്യയിലെ ശരാശരി സ്‌മാർട്ട്‌ഫോൺ ഉപഭോഗ ദൈർഘ്യം 2020-ൽ 4.5 മണിക്കൂറും 2019-ൽ 3.7 മണിക്കൂറും ആയിരുന്നെന്നും എന്നാൽ 2021-ൽ അത് പ്രതിദിനം 4.7 മണിക്കൂറായി വർദ്ധിച്ചു എന്നും മൊബൈൽ അനലിറ്റിക്‌സ് സ്ഥാപനമായ data.ai പറയുന്നു.
ഇരുട്ടത്തെ സ്മാർട്ട്ഫോൺ ഉപയോഗം
സ്ക്രീൻ സമയം കാര്യമാക്കുന്നില്ല എങ്കിൽക്കൂടി, ഇരുണ്ട മുറികളിൽ കുറഞ്ഞ വെളിച്ചത്തിൽ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്നു എന്നത് ആശങ്കയോടെ കാണേണ്ടതുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചത്തിന്റെ ആഘാതം മാനസികാവസ്ഥയെ മാത്രമല്ല, കാഴ്ച തകരാറിലാകാനുള്ള സാധ്യതയെയും വർദ്ധിപ്പിക്കുന്നതായും ഇത് കൂടുതൽ അപകടങ്ങളിലേക്ക് ആളുകളെ കൊണ്ടെത്തിക്കുമെന്നും പറയുന്നു.


Click it and Unblock the Notifications








