ആൻഡ്രോയിഡ് ഫോൺ കാർ കീ ആക്കാം, ഡിജിറ്റൽ കാർ കീയുടെ പ്രത്യേകതകൾ അറിയൂ
സ്മാർട്ട്ഫോൺ മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ കൂടുതൽ മേഖലകളിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ടെക്നോളജി വളരുന്നതിന് അനുസരിച്ച് സ്മാർട്ട്ഫോൺ കൂടുതൽ കരുത്താർജിക്കുന്നു എന്ന് പറയാം. സ്മാർട്ട്ഫോണുകളോടെന്നപോലെ വാഹനങ്ങളോടും താൽപര്യമുള്ള ധാരാളം ആളുകളുണ്ട്. വാഹനപ്രേമികൾക്കും ടെക്നോളജി പ്രേമികൾക്കും ഒരുപോലെ താൽപര്യമുള്ള ഒരു ടെക്നോളജി ഇപ്പോൾ സ്മാർട്ട്ഫോണുകളിൽ കരുത്തുനേടി വരുന്നുണ്ട്.
ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ ആണ് ആ ടെക്നോളജി. കാറിന്റെ കീ ആയി സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീയുടെ പ്രത്യേകത. അൾട്രാ വൈഡ് ബാൻഡ് (UWB) അധിഷ്‌ഠിത ടെക്നോളജി ഉപയോഗിച്ചാണ് ഡിജിറ്റൽ കാർ കീ പ്രവർത്തിക്കുന്നത്.

കൂടുതൽ കൃത്യമായ ലൊക്കേഷൻ ട്രാക്കിംഗ് നൽകുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണ് UWB. ഇതോടൊപ്പം ബ്ലൂടൂത്ത് ലോ എനർജി (BLE) എന്ന ടെക്നോളജിയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഡിജിറ്റൽ കാർ കീ എന്ന ആശയം സാധ്യമാക്കിയിരിക്കുന്നത്. BLE- UWB ടെക്നോളജികളുടെ സംയോജനം ഉയർന്ന കൃത്യതയിലും വിശ്വാസ്യതയിലും പ്രവർത്തിക്കാൻ ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീയെ പ്രാപ്തമാക്കുന്നു.
ആപ്പിൾ 2020-ൽ ഡിജിറ്റൽ കാർ കീ പ്രഖ്യാപനം നടത്തി, തൊട്ടുപിന്നാലെ, 2021-ൽ ആൻഡ്രോയിഡ് 12 അപ്‌ഡേറ്റിൻ്റെ ഭാഗമായി ഗൂഗിളും ഡിജിറ്റൽ കാർ കീ അവതരിപ്പിച്ചു. അനുയോജ്യമായ കാറും ആൻഡ്രോയിഡ് ഫോണും ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ സജ്ജീകരിക്കാനും ഫിസിക്കൽ കീ ഉപയോഗിക്കാതെ തന്നെ കീയുടെ ജോലികൾ നിർവഹിക്കാനും കഴിയും.

സാംസങ് ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ സാംസങ് ഗാലക്സി ഫോണിൽ സാംസങ് വാലറ്റ് ഉപയോഗിച്ചുകൊണ്ട് ഡിജിറ്റൽ കാർ കീ സജ്ജീകരിക്കാനാകും. അതേപോലെ മറ്റ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഗൂഗിൾ വാലറ്റ് ആപ്പ് ഉപയോഗിച്ചുകൊണ്ട് ഡിജിറ്റൽ കാർ കീ സജ്ജീകരിക്കാം. എന്നാൽ ഡിജിറ്റൽ കാർ കീ പിന്തുണയോടെ നിർമിക്കപ്പെട്ട കാറുകളിൽ മാത്രമേ ഈ ടെക്നോളജി പ്രവർത്തിക്കൂ.
ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ സജ്ജീകരിച്ച വാഹനമാണെങ്കിൽ താക്കോൽ ഉപയോഗിക്കാതെ തന്നെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിച്ചുകൊണ്ട് കാർ സ്റ്റാർട്ടാക്കാനും ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനുമൊക്കെ സാധിക്കും. എന്നാൽ, ബിഎംഡബ്ല്യു, ജെനസിസ്, ഹ്യുണ്ടായ് തുടങ്ങിയ ഏതാനും കാർ നിർമ്മാതാക്കൾ മാത്രമാണ് തങ്ങളുടെ തിരഞ്ഞെടുത്ത മോഡലുകളിൽ ഡിജിറ്റൽ കാർ കീ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ സജ്ജീകരിക്കണമെങ്കിൽ വാഹനം- ഫോൺ- ഗൂഗിൾ അക്കൗണ്ട് എന്നിവയ്ക്കിടയിൽ ഒരു ആക്ടീവ് കണക്ഷൻ ആവശ്യമാണ്. എന്നാൽ ഇന്റർനെറ്റ് കണക്ഷൻ എല്ലായിടത്തും ഒരേപോലെ ലഭ്യമാകണം എന്നില്ല. അതിനാൽത്തന്നെ ഡിജിറ്റൽ കാർ കീയെ പൂർണമായും എപ്പോഴും ഉപയോഗിക്കാനായി എന്നുവരില്ല. ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കാർ കീ കൈയിൽ കരുതുന്നത് നന്നായിരിക്കും.

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഡിജിറ്റൽ കാർ കീ പങ്കിടാം എന്നതാണ് മറ്റൊരു നേട്ടം. നാം സ്ഥലത്ത് ഇല്ലാത്തപ്പോൾ നമ്മുടെ കാർ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഉപയോഗിക്കണമെങ്കിൽ അവർക്ക് ഡിജിറ്റൽ കീ ഷെയർ ചെയ്യാൻ സാധിക്കും എന്നതും നേട്ടമാണ്. ഒരു ആക്ടിവേഷൻ കോഡ് ഉപയോഗിച്ച് ഷെയറിങ് ലിങ്ക് സംരക്ഷിക്കാൻ ഗൂഗിൾ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.
ബാറ്ററി ചാർജ് തീർന്ന് ഫോൺ ഓഫ് ആയാലും NFC പ്രവർത്തിപ്പിക്കാനുള്ള ഊർജ്ജം അത് നിലനിർത്തുമെന്നും അൺലോക്ക് ചെയ്യാനും വാഹനം സ്റ്റാർട്ട് ചെയ്യാനും ഉപയോക്താക്കൾ ഫോൺ കാറിൻ്റെ ഡോറിനും NFC റീഡറിനും അടുത്ത് കൊണ്ടുവരാമെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രമുഖ കാർ നിർമ്മാതാക്കൾ തങ്ങളുടെ കാറുകളിൽ ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ സംവിധാനം ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.
കാർ നിർമ്മാതാവ് കാർ നിർമാണ ഘട്ടത്തിൽ തന്നെ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി പിന്തുണ നൽകിയാൽ മാത്രമേ ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ കാർ കീ പ്രവർത്തിക്കൂ. പിക്സൽ 8 പ്രോയും പിക്സൽ ഫോൾഡും ഉൾപ്പെടെ പിക്സൽ 6 ന് മുകളിലുള്ള ഫോണുകൾ ഡിജിറ്റൽ കാർ കീ പിന്തുണയോടെയാണ് എത്തുന്നത്.
അതേപോലെ സാംസങ് ഗാലക്സി എസ്21 പ്ലസിന് മുകളിലുള്ള പ്രീമിയം സാംസങ് സ്മാർട്ട്ഫോണുകളും ഡിജിറ്റൽ കാർ കീ സംവിധാനത്തെ പിന്തുണയ്ക്കുന്നുണ്ട്. ചൈനീസ് ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ നിയോ തങ്ങളുടെ ചില കാറുകളിൽ ഡിജിറ്റൽ കാർ കീ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. കാർ കീകളായും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ഒരു കാലഘട്ടമാണ് ഇനി വരാൻ പോകുന്നത് എന്ന് ചുരുക്കം.


Click it and Unblock the Notifications








