പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി ഒരു ടെക് പാര്‍ക്ക്

Posted By:

ലോകമെമ്പൊടുമായി സാങ്കേതിക രംഗത്തെ ഉയര്‍ച്ചയ്ക്കായി നിരവധി ടെക് പാര്‍ക്കുകള്‍ ഉണ്ട്. പുതിയതായി പലതും തുടങ്ങുന്നുമുണ്ട്. കോടിക്കണക്കിന്‌ രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. എന്നാല്‍ പക്ഷികള്‍ക്കും തവളകള്‍ക്കും ആമകള്‍ക്കുമായി ഇത്തരത്തിലൊന്ന് തുടങ്ങിയാലോ... അതുതന്നെയാണ് സ്‌പെയിനിലെ അലാന്‍ഡ്രോ ഫെര്‍ണാണ്ടസ് എന്ന സാങ്കേതിക വിദഗ്ധന്‍ ചെയ്തിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെയും മൃഗങ്ങളെയും സംരക്ഷിക്കുകയും ഇവയെ കുറിച്ച് ഗവേഷണം നടത്തുകയുമാണ് ടെക് പാര്‍ക്കിന്റെ ലക്ഷ്യം.

പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി ഒരു ടെക് പാര്‍ക്ക്

ഫ്രാക്‌ടേലിയ റിമോട് സിസ്റ്റം എന്ന സോഫ്റ്റ്‌വെയര്‍ നിര്‍മാണ കമ്പനിയുടെ സഹ സ്ഥാപകരില്‍ ഒരാളായ അലാന്‍ഡ്രോ അഞ്ചുലക്ഷം യൂറോ ചെലവഴിച്ചാണ് ഈ ഹൈടെക് സുവോളജിക്കല്‍ ലാബ് സപെയിനില്‍ ആരംഭിക്കുന്നത്. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളുമുള്‍പ്പെടെ വംശനാശ ഭീഷണി നേരിടുന്ന 200 തരം ജീവികള്‍ ഈ പാര്‍ക്കിലുണ്ട്.
എഫ്.ഐ.ഇ.ബി. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇത്തോളജി ആന്‍ഡ് ബയോ ഡൈവേഴ്‌സിറ്റി എന്നു പേരിട്ട ടെക് പാര്‍ക്കില്‍ 21 കെട്ടിടങ്ങളും 300 വലിയ കൂടുകളും ഉണ്ട്. അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തന സജ്ജമാകുന്ന പാര്‍ക്കില്‍ ഗവേഷണത്തിനായി അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജീവികളില്‍ സെന്‍സര്‍ ഘടിപ്പിച്ച് സൂക്ഷ്മ ചലനങ്ങള്‍ പോലും ഒപ്പിയെടുക്കാനും ശബ്ദം, വീഡിയോ, തുടങ്ങിയവ റെക്കോര്‍ഡ് ചെയ്യാനും സൗകര്യമുണ്ട്. ലോകമെമ്പാടുമുള്ള ബയോളജിസ്റ്റുകള്‍ക്ക് ഇവിടെയുള്ള പക്ഷിമൃഗാതികളെ കുറിച്ച് കുറഞ്ഞ ചെലവില്‍ ഗവേഷണം നടത്താന്‍ സാധിക്കും എന്നതാണ് പാര്‍ക്കിന്റെ പ്രത്യേകത.
ഓരോ രാജ്യത്തേയും ഗവേഷകര്‍ക്ക് അവരവരുടെ നാട്ടിലെ പക്ഷിമൃഗാദികളെ കുറിച്ച് സ്വന്തം നാട്ടില്‍വച്ചുതന്നെ ഗവേഷണം നടത്താം. അതിനായി പക്ഷഇ-മൃഗാദികളെ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി കൈമാറും. ജീവികളില്‍ റേഡിയോ ഫ്രീക്വന്‍സി ചിപ്പുകള്‍, ശബ്ദ വ്യത്യാസങ്ങള്‍ തിരിച്ചറിയുന്നതിനുള്ള സംവിധാനം, സൂക്ഷ്മ ചലനങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സര്‍, 3ഡി വീഡിയോ, തെര്‍മോഗ്രാഫിക് കാമറ എന്നിവ സ്ഥാപിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
യൂറോപ്യന്‍ മിങ്ക് എന്ന വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കുറിച്ച് പഠനം നടത്താനും പ്രത്യേകം പദ്ധതിയുണ്ട്. ഈ ജീവി എത്രസമയം ഉറങ്ങുന്നു, കൂട്ടില്‍ എത്രസമയം ചെലവഴിക്കുന്നു, ശരീരത്തിലെ താപനില എന്നിവ അളന്ന് സ്‌ട്രെസ് ലെവല്‍ കണ്ടെത്തുകയും സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയുമാണ് ലക്ഷ്യം. ഇതിനുമാത്രമായി ഒരു ലക്ഷം യൂറോ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.
തന്റെ വ്യവസായിക രംഗത്തെ കഴിവും പക്ഷികളോടും മൃഗങ്ങളോടുള്ള വാത്സല്യവും ഒരുമിച്ചു കൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് പാര്‍ക്കിന്റെ സ്ഥാപകന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.പാര്‍ക്കിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരും സ്‌പെയിനിലെ ഏറ്റവും വലിയ ബാങ്കായ ബാന്‍കോ സ്റ്റാന്‍ഡേഡര്‍, ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ കമ്പനിയായ ആക്‌സിയോണ എന്നിവയുള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
സ്‌പെയിനിലെ ഗവേഷണ ഏജന്‍സിയായ സി.എസ്.ഐ.സി, മാഡ്രിഡിലെ അല്‍ഇഫോണ്‍സോ സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് പാര്‍ക്ക് തുടങ്ങിയിരിക്കുന്നത്.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot