ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ രേഖകളും ഇനി സര്‍ക്കാരിന്റെ ഈ ആപ്പുകളില്‍ സൂക്ഷിക്കാം!
ആര്‍സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ എന്നിവ സര്‍ക്കാറിന്റെ സ്വന്തം ആപ്പുകളില്‍ സൂക്ഷിക്കാം എന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു. ഡിജി ലോക്കര്‍, എംപരിവാഹന്‍ എന്നീ ആപ്പുകളാണിവ. ഡ്രൈവിംഗ് ലൈസന്‍സിന്‍േയും, വാഹന രജിസ്‌ട്രേഷന്റേയും രേഖകള്‍ കൈയ്യില്‍ കൊണ്ടു നടന്ന് നഷ്ടപ്പെടുമെന്ന പേടി ഇനി വേണ്ട.

നേരത്തെ ഈ ആപ്ലിക്കേഷനുകള്‍ ഉണ്ടായിരിന്നെങ്കിലും അതില്‍ സൂക്ഷിക്കുന്ന രേഖകള്‍ക്ക് അധികൃതര്‍ അംഗീകാരം നല്‍കിയിരുന്നില്ല. പരിശോധനയ്ക്ക് എത്തുന്ന പോലീസോ മറ്റാരെങ്കിലും ചോദിച്ചാല്‍ ഇതിന്റെ ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയാകും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

യഥാര്‍ത്ഥ രേഖകള്‍ക്ക് നല്‍കുന്ന മൂല്യം
യഥാര്‍ത്ഥ രേഖകള്‍ക്കു നല്‍കുന്ന മൂല്യം തന്നെയാണ് ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ രണ്ട് സര്‍ക്കാര്‍ ആപ്പുകളില്‍ സൂക്ഷിച്ചു വയ്ക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് നല്‍കുന്ന വിജ്ഞാപനം. ഐടി നിയമപ്രകാരം ഡിജിറ്റല്‍ ലോക്കറില്‍ നിന്നും എടുക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ യഥാര്‍ത്ഥ രേഖകള്‍ക്ക് തുല്യമായി കണക്കാക്കാവുന്നതാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ ആപ്പിലൂടെ ലഭ്യമാകുന്ന രേഖകള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ക്കും അതു പോലെ ഉദ്യോഗസ്ഥര്‍ക്കും ഈ ആപ്പുകള്‍ ഉപയോഗപ്രദമാണ്. ഉടമകളെ വിളിച്ചു വരുത്താതെ തന്നെ വാഹനങ്ങളുടെ രേഖകള്‍ റദ്ദാക്കാന്‍ അധികൃതര്‍ക്ക് ഇതിലൂടെ കഴിയും.

എംപരിവാഹന്‍ ആപ്പ്
ഒരു വര്‍ഷം മുന്‍പ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് എംപരിവാഹന്‍. വാഹനങ്ങളെ കുറിച്ചുളള എല്ലാ അടിസ്ഥാന വിവരങ്ങള്‍ അറിയാന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. വാഹനത്തിന്റെ നമ്പറും അടിസ്ഥാന വിവരങ്ങളും നല്‍കിയാല്‍ വാഹന ഉടമയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും. ഈ ആപ്ലിക്കേഷനില്‍ ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി ബുക്ക്, ലേണേഴ്‌സ് ലൈസന്‍സ് എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും കഴിയും. കൂടാതെ റോഡില്‍ വാഹത്തിരക്ക് ഉണ്ടോ എന്നും അറിയാം.

ഡിജിലോക്കര്‍ ആപ്പ്
2015ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഡിജിറ്റല്‍ ലോക്കര്‍ ആപ്പാണ് ഇത്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഔദ്യോഗിക രേഖകളുടെ പകര്‍പ്പുകളെല്ലാം സൂക്ഷിക്കാന്‍ ഈ ആപ്പ് സഹായിക്കും. ആധാര്‍ കാര്‍ഡ് ഉളളവര്‍ക്കു മാത്രമേ ഡിജിലോക്കര്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയൂ. ആപ്പ് ലോഗിന്‍ ചെയ്യുന്നതിന് ആധാര്‍ നമ്പര്‍ ആവശ്യമാണ്. 1ജിബി സ്റ്റോറേജ് രേഖകള്‍ വരെ ഈ ആപ്പില്‍ സൂക്ഷിക്കാം. വിദ്യാഭ്യാസ രേഖകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍, പാന്‍കാര്‍ഡ് എന്നിവയെല്ലാം ഡിജിറ്റലാക്കി ഇതില്‍ സൂക്ഷിക്കാം.


Click it and Unblock the Notifications








