പുതിയ പടങ്ങള്‍ നെറ്റിലിടുന്നവര്‍ സൂക്ഷിക്കുക; ഏജന്റ് ജാദു നിങ്ങള്‍ക്ക് പിറകെ

Posted By: Super

പുതിയ പടങ്ങള്‍ നെറ്റിലിടുന്നവര്‍ സൂക്ഷിക്കുക; ഏജന്റ് ജാദു നിങ്ങള്‍ക്ക് പിറകെ

മലയാളസിനിമാ ലോകത്തെ പൈറസി പ്രശ്‌നങ്ങളുടെ അന്വേഷണച്ചുമതല ഏജന്റ് ജാദൂവിന് ലഭിച്ചു. പുതുതായി റിലീസ് ചെയ്യുന്ന മിക്ക ചിത്രങ്ങളും ഏജന്റ് ജാദൂവുമായി സഹകരിച്ചാണ് ഇന്റര്‍നെറ്റ് പൈറസിക്കെതിരെ ഇപ്പോള്‍ പൊരുതുന്നത്. ഏറെ പണം ചെലവാക്കി സിനിമ പിടിക്കുന്നവരുടെ കയ്യില്‍ ചെലവാക്കിയ പണം തിരികെ എത്തുമ്പോഴേക്കും സിനിമ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതാണല്ലോ ഇപ്പോഴത്തെ ട്രന്‍ഡ്. ഈ പ്രവണത അവസാനിപ്പിക്കുകയാണ് ഏജന്റ് ജാദൂവിന്റെ ജോലി.

ഇന്റര്‍നെറ്റില്‍ അനധികൃതമായി പ്രസിദ്ധപ്പെടുത്തുന്ന ഉള്ളടക്കങ്ങളെ കണ്ടെത്തി അവയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്ന ഏജന്റ് ജാദൂ ജാദൂടെക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് വികസിപ്പിച്ചെടുത്തത്. സിനിമ, സംഗീത രംഗത്തെ ഡിറ്റക്റ്റീവ് ജോലികളാണ് ഇപ്പോള്‍ ഏജന്റ് ജാദൂവിന് ഏറെയും.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലധിഷ്ഠിതമായാണ് ഏജന്റ് ജാദൂവിന്റെ പ്രവര്‍ത്തനം. പി2പി. സോഷ്യല്‍ മീഡിയ, ഫോറം, ബ്ലോഗുകള്‍, സൈബര്‍ ലോക്കറുകള്‍, ഫയല്‍ ഷെയറിംഗ് പോര്‍ട്ടലുകള്‍, ടോറന്റ് കമ്മ്യൂണിറ്റികള്‍ എന്ന് വേണ്ട ഇന്റര്‍നെറ്റിലെ എല്ലാ വശങ്ങളിലും എത്തിച്ചെന്ന് അനധികൃത ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ഓട്ടോ സ്‌കാനിംഗിലൂടെ കണ്ടെത്തുകയാണ് ഏജന്റ് ജാദൂ ചെയ്യുന്നത്.

എറണാകുളം ആസ്ഥാനമായാണ് ഏജന്‍ര് ജാദൂവിന്റെ പ്രവര്‍ത്തനം. അഭിനേതാവും സംവിധായകനും എഞ്ചിനീയറുമായ പ്രകാശ് ബാരേ, ടെക് വിദഗ്ധന്‍ സ്റ്റീഫന്‍ ആന്റണി, നിയമോപദേഷ്ടാവ് റാഷിദ് എംഎ, ഹൈക്കോടതി അഭിഭാഷകനായ സി.പി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ ബുദ്ധിയിലുദിച്ചതാണ് ഏജന്റ് ജാദൂ എന്ന ആന്റി പൈറസി സോഫ്റ്റ്‌വെയര്‍. പൈറസി മൂലം മലയാള സിനിമ നേരിടുന്ന നഷ്ടം ഈ സോഫ്റ്റവെയറിന് പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

ഇതിനകം തന്നെ ഡയമണ്ട നെക്‌ലേസ്, തട്ടത്തിന്‍ മറയത്ത്, സ്പിരിറ്റ്, ചട്ടക്കാരി എന്നീ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പടരാതിരിക്കാനുള്ള ചുമതല ഏജന്റ് ജാദുവിനായിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുവെച്ചും നിയമവിരുദ്ധമായി ഏതെങ്കിലും സിനിമയോ പാട്ടോ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയാണെങ്കില്‍ അയാള്‍ക്ക് ഏജന്റ് ജാദൂ ഒരു മുന്നറിയിപ്പ് നല്‍കുന്നതാണ്. പിന്നീട് നിയമവഴിയെ അവരെ കൈകാര്യം ചെയ്യുന്നതുമാണെന്ന് ഡയമണ്ട് നെക്ലേസിന്റെ സംവിധായകനായ ലാല്‍ ജോസ് ഏജന്റ് ജാദൂവിനെക്കുറിച്ച് വ്യക്തമാക്കി.

സൈബര്‍ സെല്ലുമായി സഹകരിച്ചാണ് ഏജന്റ് ജാദൂവിന്റെ പ്രവര്‍ത്തനം. പൈറസി സംബന്ധിച്ച് ഓരോ രാജ്യത്തും നിലവിലുള്ള നിയമങ്ങളനുസരിച്ചായിരിക്കും കേസ് നടത്തുക. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഇത്തരം പുത്തന്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നവരേയും അവ കാണുന്നവരേയും വീക്ഷിക്കാന്‍ ജാദൂവിന് ലോകത്തിന്റെ വിവിധ ഭാഗത്തായി സെര്‍വ്വറുകള്‍ ഉണ്ട്.

ചട്ടക്കാരിയിലെ ഒരു പാട്ട് ഇന്റര്‍നെറ്റില്‍ അനധികൃതമായി അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആ കണ്ടന്റ് ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനും അത് അപ്‌ലോഡ് ചെയ്തയാള്‍ക്കെതിരെ നടപടിയെടുക്കാനും ഏജന്റ് ജാദൂവിന് സാധിച്ചതായും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റിലൂടെ പടരുന്ന ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഇന്റര്‍നെറ്റിലൂടെ തന്നെ മറുപടി നല്‍കുകയാണ് ഏജന്റ് ജാദൂവും ഒപ്പസിനിമാലോകവും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot