ഇത് ഇങ്ങനെയൊന്നുമല്ല, കേന്ദ്രത്തിന്റെ എജിആർ കണക്ക് തെറ്റെന്ന് എയർടെലും വിഐയും! പന്ത് സുപ്രീം 'കോർട്ടിൽ'
എജിആർ ( Adjusted Gross Revenue ) കുടിശിക സംബന്ധിച്ച കേസിൽ കേന്ദ്ര ടെലിക്കോം വകുപ്പിന്റെ കണക്കിനെതിരേ എയർടെലും വൊഡാഫോൺ ഐഡിയയും (VI) വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ തിരുത്തൽ ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാണ് ഇരു കമ്പനികളുടെയും ആവശ്യം.
ക്രമീകരിച്ച മൊത്ത വരുമാനം (എജിആർ) കുടിശ്ശിക കണക്കാക്കുന്ന കണക്കിലെ പിഴവുകൾ തിരുത്താൻ ടെലിക്കോം കമ്പനികൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് ഇപ്പോൾ ക്യൂറേറ്റീവ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (DoT) എജിആർ കുടിശ്ശിക കണക്കുകൂട്ടൽ ശരിയല്ലെന്ന് ടെലിക്കോം കമ്പനികൾ വിശ്വസിക്കുന്നു.

ഇക്കാര്യം വോഡഫോൺ ഐഡിയയ്ക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനോട് വ്യക്തമാക്കിയതായി ഇടി റിപ്പോർട്ട് ചെയ്യുന്നു. എജിആർ കുടിശ്ശിക കണക്കാക്കുന്നതിലെ കണക്കുകളിലുണ്ടായ പിശകുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ക്യൂറേറ്റീവ് ഹർജിയെന്നാണ് വിഐയുടെ അഭിഭാഷകൻ അറിയിച്ചത്.
തിരുത്തൽ ഹർജികളിൽ തുറന്ന കോടതി വാദം കേൾക്കണമെന്ന് എയർടെല്ലിന് വേണ്ടി ഹാജരായ കെകെ വേണുഗോപാലും വിഐക്കായി ഹാജരായ ഹരീഷ് സാൽവെയും ഒരേസ്വരത്തിൽ ആവശ്യപ്പെട്ടു. ലൈസൻസ് ഫീസ് ചുമത്തുന്നതിനെ തങ്ങൾ വെല്ലുവിളിക്കുന്നില്ലെന്നും എന്നാൽ ടെലിക്കോം വകുപ്പ് കണക്കുകളിൽപ വരുത്തിയ തെറ്റുകൾ തിരുത്തണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഇരു കമ്പനികളും വ്യക്തമാക്കി.
കെകെ വേണുഗോപാലിന്റെയും ഹരീഷ് സാൽവെയുടെയും വാദങ്ങൾ കേട്ട ചീഫ് ജസ്റ്റിസ്, ബെഞ്ചിൽ ഉൾപ്പെടുന്ന മറ്റ് ജഡ്ജിമാരുമായി കൂടിയാലോചിച്ച ശേഷം തുറന്ന കോടതിയിൽ വാദം കേൾക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി. 2019-ൽ വന്ന ഒരു സുപ്രീം കോടതി ഉത്തരവ് പ്രകാരം, 2020 ജനുവരിയിൽ ടെലിക്കോം കമ്പനികൾ 1.47 ലക്ഷം കോടി രൂപ എജിആർ കുടിശ്ശിക നൽകേണ്ടതുണ്ട്.
ഈ മൊത്തം തുകയിൽ 75% തുക പലിശയും പിഴയും പിഴയുടെ പലിശയുമായിരുന്നു. ടെലിക്കോം വകുപ്പ് എയർടെലിന്റെ കുടിശ്ശിക 43,980 കോടി രൂപയായി കണക്കാക്കിയപ്പോൾ, കമ്പനിയുടെ കണക്കുകൂട്ടൽ പ്രകാരം ഇത് വെറും 13,004 കോടി രൂപയാണ്. അതേപോലെ വിഐക്ക് ഡിഒടി (ഡിപ്പാർട്ട്മെന്റ് ഓഫ് ടെലിക്കോം) കണക്ക് പ്രകാരം കുടിശിക 58,524 കോടി രൂപയാണ്.
പക്ഷേ, വിഐയുടെ കണക്ക് പ്രകാരം ഇത് വെറും 16,798 കോടി രൂപയാണ്. ടാറ്റ ടെലിസർവീസസിന്, എജിആർ കുടിശ്ശിക 16,798 കോടി രൂപയാണെന്ന് ഡിഒടി പറയുമ്പോ, കമ്പനിയുടെ സ്വന്തം കണക്കുകൂട്ടലിൽ അത് വെറും 2,197 കോടി രൂപയാണ്. സുപ്രീം കോടതി വിധി അനുകൂലമായില്ലെങ്കിൽ എജിആർ ഇനത്തിൽ ഈ കമ്പനികളെല്ലാം കോടിക്കണക്കിന് രൂപ സർക്കാരിലേക്ക് അടയ്ക്കേണ്ടിവരും.

10 വർഷത്തെ എജിആർ കുടിശ്ശിക തീർക്കാൻ ടെലിക്കോം കമ്പനികളോട് 2020 സെപ്റ്റംബർ 1 ന്, സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കുടിശ്ശികയുടെ 10 ശതമാനം 2021 മാർച്ച് 31 ന് അകം മുൻകൂറായി നൽകാനും ബാക്കി തവണകളായി നൽകാനും ടെലികോം കമ്പനികളോട് കോടതി ആവശ്യപ്പെട്ടു.
എജിആർ കുടിശ്ശികയുടെ പുനർമൂല്യനിർണയം ഇനി സ്വീകരിക്കില്ലെന്നും ടെലികോം കമ്പനികൾ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാൽ കണക്കു തെറ്റാണ് എന്ന വാദം വീണ്ടും ആവർത്തിച്ച് ടെലിക്കോം കമ്പനികൾ വീണ്ടും കോടതിയെ സമീപിച്ചതോടെ കേസ് ഇനിയും നീളാനാണ് സാധ്യത.
അതേസമയം കേസ് കോടതി വീണ്ടും തള്ളിയാൽ അത് ടെലിക്കോം കമ്പനികൾക്ക് വൻ തിരിച്ചടിയാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം 5ജി സേവനങ്ങൾ ആരംഭിക്കാൻ കഴിയാത്ത വിഐ ഇപ്പോൾ തന്നെ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വിധി എതിരായാൽ വിഐയുടെ കടവും ബാധ്യതകളും വർധിക്കുകയും നിലനിൽപ്പ് കൂടുതൽ അപകടത്തിലാകുകയും ചെയ്യും.


Click it and Unblock the Notifications








