എഐ: ഒടുവിൽ അമേരിക്കയും ഭയന്നു; ടെക് വമ്പന്മാർക്ക് മുന്നറിയിപ്പ് നൽകി ബൈഡനും കമലയും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സംബന്ധിച്ച ചർച്ചകൾ ചൂട് പിടിക്കുന്നതിനിടെ വിഷയത്തിൽ അമേരിക്കയുടെ നിർണായക ഇടപെടൽ. എഐ ഉയർത്തുന്ന ഭീഷണികൾ കണക്കിലെടുത്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ നേതൃത്വത്തിൽ ഗൂഗിളും ഓപ്പൺഎഐയും മൈക്രോസോഫ്ടും അടക്കമുള്ള ടെക് ലോകത്തെ വമ്പന്മാരുടെ തലവന്മാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി.
ഈ യോഗത്തിൽ അപ്രതീക്ഷിതമായി പങ്കെടുത്തുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എഐ സംബന്ധിച്ച് രാജ്യത്തിനുള്ള ആശങ്കകൾ ടെക് കമ്പനികളെ അറിയിച്ചു. എത്ര വലിയ ടെക് കമ്പനിയായാലും തെറ്റായ രീതിയിൽ സഞ്ചരിച്ചാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകുന്ന ഒരു നടപടികൂടിയായി ടെക് കമ്പനികളും അമേരിക്കൻ ഭരണകൂടവുമായുള്ള ഈ യോഗം.

എഐ ഉയർത്തുന്ന വെല്ലുവിളികൾ സംബന്ധിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ആശങ്കകൾ ഉയരുകയും പല രാജ്യങ്ങളും ചാറ്റ്ജിപിടി പോലുള്ള വൈറൽ എഐ പ്ലാറ്റ്ഫോമുകൾ നിരോധിക്കുകയും ചെയ്തിരുന്നു. കൂടുതൽ കഴിവുകളുള്ള മികച്ച എഐ രൂപപ്പെടുത്താനുള്ള വൻകിട ടെക് കമ്പനികളുടെ മത്സരം ലോകത്തെ ഭയപ്പെടുത്തിയിരുന്നു. ഈ ഭയം അമേരിക്കയെയും ബാധിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയായി ഈ യോഗം.
ഇലോൺ മസ്ക് അടക്കം ഒട്ടനവധി പ്രമുഖർ എഐ വിഷയത്തിൽ യുഎസ് ഭരണകൂടം ഇടപെടണമെന്നും പരിശോധനകൾ വേണമെന്നും എഐക്ക് മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ആവഴിക്കാണ് ഇപ്പോൾ അമേരിക്കൻ ഭരണകൂടവും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന എഐ പരീക്ഷണങ്ങളിൽ ലോകത്തിനാകെ ആശങ്കയുണ്ട്. അതേസമയം ഈ പരീക്ഷണങ്ങളെല്ലാം നടക്കുന്നതാകട്ടെ വൻകിട അമേരിക്കൻ ടെക് കമ്പനികളും.

അതിനാൽത്തന്ന അമേരിക്ക ഈ വിഷയത്തിൽ എന്ത് നടപടിയാണ് കൈക്കൊള്ളുക എന്ന് ലോകം ഉറ്റുനോക്കിയിരുന്നു. എല്ലാ ടെക് കമ്പനികളുടെയും തലവന്മാരെ വിളിച്ചുവരുത്തി അമേരിക്കൻ ഭരണകൂടത്തിന്റെ ഏറ്റവും തലപ്പത്തുള്ളവർ തന്നെ ചർച്ചകൾക്ക് നേതൃത്വം നൽകിയതോടെ വിഷയത്തിൽ അമേരിക്കയ്ക്കും ആശങ്കയുണ്ടെന്നും ശക്തമായ ഇടപെടൽ നടത്തുമെന്നും വ്യക്തമായിരിക്കുകയാണ്.
കമ്പനികളുടെ എഐ സാങ്കേതികവിദ്യമേൽ സർക്കാർ പിടിമുറുക്കുന്നതിന്റെ സൂചനയാണ് യോഗത്തിൽനിന്ന് ലഭിച്ചത്. എഐ പ്ലാറ്റ്ഫോമുകൾ തെറ്റായ കൈകളിൽ എത്തിപ്പെട്ട് അപകടം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കേണ്ടതിന്റെ ഉത്തരവാദിത്തം അതാത് സ്ഥാപനങ്ങൾക്കാണെന്ന് യോഗത്തിൽ സർക്കാർ മുന്നറിയിപ്പ് നൽകി. ആവശ്യമായ കരുതലുകളും നിയന്ത്രണങ്ങളും എഐ പരീക്ഷണത്തിൽ ഉണ്ടാകണമെന്നും നിർദേശിച്ചു.
എഐയെ ചുറ്റിപ്പറ്റി ഉയരുന്ന ആശങ്കകൾ കമ്പനികൾ ഗൗരവമായി പരിഗണിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കമ്പനി തലവന്മാരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ബൈഡനും യോഗത്തിൽ പങ്കെടുത്ത് കമ്പനികൾക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ചാറ്റ്ജിപിടി വൈറലായതിനു പിന്നാലെ എഐ കിടമത്സരം ടെക് കമ്പനികൾക്കിടയിൽ ശക്തമായിരുന്നു. ഇത് നിയന്ത്രിക്കണമെന്ന് ലോക നേതാക്കൾ അമേരിക്കൻ ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.

അതിന്റെ കൂടി ഫലമായിട്ടാണ് ഈ അപൂർവ കൂടിക്കാഴ്ച നടന്നത്. എഐ വിഷയത്തിൽ അമേരിക്കയുടെ നയം എന്താണ് എന്ന് അറിയാനും ലോകം ആഗ്രഹിച്ചിരുന്നു. യൂറോപ്യൻ യൂണിയനും ചൈനയും ഇതിനകം തങ്ങളുടെ എഐ നയം വ്യക്തമാക്കിയിട്ടുണ്ട്. അതോടെ എഐക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ശക്തമായിരുന്നു. എഐ കൂടുതൽ സുതാര്യമായിരിക്കണമെന്ന് സർക്കാർ കൂടിക്കാഴ്ചയിൽ നിർദ്ദേശിച്ചിട്ടുണ്ട്.
എഐ പ്ലാറ്റ്ഫോമുകളുടെ സുരക്ഷ സംബന്ധിച്ച് ബാഹ്യ പരിശോധന ആവശ്യമാണ് എന്നും കൂടിക്കാഴ്ചയിൽ സർക്കാർ അറിയിച്ചു. ഈ ആശങ്കകൾക്ക് മറുപടിയായി, ഓഗസ്റ്റിൽ നടക്കുന്ന സൈബർ സുരക്ഷാ കോൺഫറൻസിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് ലഭ്യമാക്കാൻ നിരവധി എഐ കമ്പനികൾ സമ്മതിച്ചിട്ടുണ്ട് എന്നും ന്യൂയോർക്ക് ടൈസ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ ജനതയുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കാൻ എ.ഐ.യുടെ ഉപയോഗം സംബന്ധിച്ച് കരട് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്നും ബൈഡൻ ഭരണകൂടം യോഗത്തിൽ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വികസനത്തിൽ ഉത്തരവാദിത്തവും സൂക്ഷ്മതയും പുലർത്തേണ്ടത് ഇപ്പോൾ ടെക് ഭീമന്മാരോടൊപ്പം തന്നെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെയും ചുമതലയായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications