എഐ 80% ജോലികളും ഇല്ലാതെയാക്കും..; എന്നാൽ അത് വളരെ നല്ല കാര്യമാണെന്ന് എഐ ഗുരു | AI
AI സാങ്കേതികവിദ്യയുടെ വളർച്ചയെ ആശങ്കയോടെ കാണണമോ അതോ പ്രതീക്ഷയോടെ വരവേൽക്കണമോ? സാങ്കേതിക ലോകം ഉറപ്പിച്ചൊരുത്തരം പറയാൻ കഴിയാതെ പകച്ച് നിൽക്കുന്ന വലിയ സംശയങ്ങളിലൊന്നാണത്. എഐയുടെ അനിയന്ത്രിതമായ വളർച്ച ആഗോള തലത്തിൽ സൃഷ്ടിക്കുന്ന പല വിധ പ്രതിസന്ധികളിൽ ഏറ്റവും വലുത് വ്യാപകമായ തൊഴിൽ നഷ്ടമായിരിക്കുമെന്നും പൊതുവേ വിലയിരുത്തപ്പെടുന്നു.
എന്നാൽ ആഗോള തലത്തിൽ തന്നെ കോടിക്കണക്കിന് ആളുകളുടെ ജോലി സാധ്യതകൾ ഇല്ലാതാകുന്നത് " ഒരു വലിയ പ്രശ്നം " അല്ലെന്ന് കരുതുന്നവരും നമുക്കിടയിൽ ഉണ്ടെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. അതേ നിങ്ങൾ കേട്ടത് ശരിയാണ്, എഐ ഗുരു എന്ന് വിളിപ്പേരുള്ള യുഎസ്-ബ്രസീലിയൻ ഗവേഷകൻ ബെൻ ഗോർട്‌സെലാണ് കോടിക്കണക്കിന് മനുഷ്യരുടെ തൊഴിലും വരുമാന സാധ്യതകളും ഇല്ലാതാകുന്നത് വലിയ പ്രശ്നമല്ലെന്ന് പറയുന്നത്.

എഐ ഒരു ഭീഷണിയാണെന്ന് താൻ കരുതുന്നില്ലെന്ന് പ്രസ്താവിക്കുന്ന ഗോർട്‌സെൽ മറിച്ച് ഇതൊരു നേട്ടമാണെന്നും പറഞ്ഞ് വയ്ക്കുന്നു. ഉപജീവനത്തിനായി ജോലിയെടുക്കുന്നതിലും മികച്ച കാര്യങ്ങൾ ആളുകൾക്ക് അവരുടെ ജീവിതത്തിൽ ചെയ്യാമെന്നാണ് " കോടീശ്വരനായ " ബെൻ ഗോർട്‌സെലിന്റെ മറ്റൊരു വെളിപാട്. പേപ്പർവർക്കുകൾ ഉൾപ്പെടുന്ന എല്ലാ ജോലികളും ഓട്ടോമേറ്റഡ് ആക്കാം. എഐ വളരുന്നതോടെ മനുഷ്യർ ചെയ്യുന്ന 80 ശതമാനം ജോലികളും ഇല്ലാതെയാകുമെന്നും ഗോർട്‌സെൽ പറയുന്നു.
ബെൻ ഗോർട്‌സെലിന്റെ പ്രബോധനങ്ങളോട് വായനക്കാരുടെ മനസിൽ തോന്നുന്ന മറുപടികളോടും അഭിപ്രായങ്ങളോടും കവി നിശബ്ദമായി യോജിക്കുന്നുവെന്ന് കൂടി പറഞ്ഞ് കൊള്ളട്ടെ. എഐയുടെ ഗോഡ്ഫാദർ എന്ന് വിളിപ്പേരുള്ള സാക്ഷാൽ ജോഫ്രീ ഹിന്റൻ പോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെ ആശങ്കയോടെ നോക്കിക്കാണുന്നുവെന്ന് ഓർക്കണം. എഐയുടെ വളർച്ചയിലുള്ള തന്റെ പങ്കിൽ പശ്ചാത്തപിക്കുന്നുവെന്ന് പോലും ഈയിടെ അദ്ദേഹം പറഞ്ഞിരുന്നു. ഈ സമയത്താണ് മനുഷ്യരുടെ തൊഴിലുകൾ ഇല്ലാതാകുന്നത് നേട്ടമാണെന്ന തരത്തിലുള്ള ഗോർട്‌സെലിന്റെ പ്രസ്താവന.
ഗണിതശാസ്ത്രജ്ഞനും റോബോട്ട് നിർമാതാവുമൊക്കെയായ ബെൻ ഗോർട്‌സെൽ എഐ ഗവേഷണ ഗ്രൂപ്പായ സിംഗുലാരിറ്റി നെറ്റിന്റെ സ്ഥാപകനും സിഇഒയുമാണ്. മനുഷ്യനെപ്പോലെ ചിന്തിച്ച് പല ജോലികളും നിറവേറ്റാൻ കഴിയുന്ന എജിഐ (AGI) അഥവാ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഗവേഷണ ഗ്രൂപ്പാണ് സിംഗുലാരിറ്റി നെറ്റ്. ഏതാനും വർഷങ്ങൾക്കുള്ളിൽ പൂർണ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്ന എജിഐയ്ക്ക് എഐ സാങ്കേതികവിദ്യയെക്കാളും സാധ്യത കൽപ്പിക്കപ്പെടുന്നുമുണ്ട്. എന്നാൽ എജിഐ ഇല്ലാതെ തന്നെ നേരത്തെ പറഞ്ഞത് പോലെയുള്ള തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് ഗോർട്‌സെൽ പറയുന്നത്.
റിയോ ഡി ജനീറോയിൽ നടന്ന വെബ് സമ്മിറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണം തടയാനുള്ള ശ്രമങ്ങൾക്കെതിരെയും ഗോർട്‌സെൽ സംസാരിച്ചിരുന്നു. എജിഐ സാങ്കേതികവിദ്യ ദാരിദ്ര്യം, കാലാവസ്ഥ വ്യതിയാനം, രോഗങ്ങൾ മുതലായ പ്രശ്നങ്ങൾ പരിഹരിക്കാനും ബഹിരാകാശ ഗവേഷണ രംഗത്ത് മുന്നേറ്റങ്ങളുണ്ടാക്കാനും സഹായിക്കുമെന്നാണ് ഗോർട്‌സെൽ അവകാശപ്പെടുന്നത്. എഐ ഒന്നിന് പുറകേ ഒന്നായി തൊഴിലുകൾ ഇല്ലാതാക്കുന്ന സമയത്ത് നിരവധി സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ ഇവയെല്ലാം എങ്ങനെ പരിഹരിക്കുമെന്ന് തനിക്കറിയില്ലെന്നും ഗോർട്‌സെൽ പറയുന്നു.
മനുഷ്യർ ചെയ്യുന്ന 80 ശതമാനം ജോലികളും ഇല്ലാതെയാകുമെന്ന് പറയുന്ന ഗോർട്‌സെൽ തന്നെയാണ് എഐയെക്കാളും ശേഷി കൂടിയ എജിഐ, പട്ടിണിയും ദാരിദ്ര്യവും ഒക്കെ അവസാനിപ്പിക്കുമെന്നും പറയുന്നത്. ഇതേ സമയം തന്നെ സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം തന്നെ പറയുന്നു. എഐ രംഗത്തെ അതികായർ പോലും ഈ സാങ്കേതികവിദ്യ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുമ്പോഴാണ് ഗോർട്‌സെലിന്റെ പ്രസ്താവനകൾ എന്നതും ഓർക്കണം.


Click it and Unblock the Notifications








