യാത്രയിൽ ഇനി ബാഗേജിനെ കുറിച്ച് ടെൻഷൻ വേണ്ട! ആപ്പിൾ എയർടാഗ് അതും പരിഹരിക്കും
ആപ്പിൾ എയർടാഗിനെ ബാഗേജ് ട്രാക്കിംഗ് സിസ്റ്റവുമായും മൊബൈൽ ആപ്പുമായും സംയോജിപ്പിച്ച് എയർ ഇന്ത്യ. ഏഷ്യൻ എയർലൈനുകളിൽ ആദ്യമായാണ് ഇത്തരത്തിലുള്ള നീക്കം. ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ ബാഗേജിന്റെ സ്ഥാനം സുരക്ഷിതമായി ട്രാക്ക് ചെയ്യാൻ പുതിയ സൗകര്യം അനുവദിക്കും. ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും ബാഗേജ് ട്രാക്കിംഗ് ഫീച്ചർ ചേർത്തിട്ടുണ്ട്. ഇതിലൂടെ യാത്രക്കാർക്ക് അവരുടെ ബാഗേജ് ലൈവ് ആയി ട്രാക്ക് ചെയ്യാൻ സാധിക്കും. ലഗേജ് നഷ്ടപ്പെടുകയോ കാലതാമസം നേരിടുന്നതോ ആയ പരാതികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ സേവനം ആരംഭിച്ചിരിക്കുന്നത്.
ഇതോടെ എയർലൈൻ ജീവനക്കാരുമായി ബന്ധപ്പെടാതെ ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം നൽകുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നായി എയർ ഇന്ത്യ മാറി കഴിഞ്ഞു. എയർ ഇന്ത്യയുടെ ഡിജിറ്റൽ ടെക്നോളജിയും ഡിസൈൻ ടീമുകളും രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച സാങ്കേതിക സൗകര്യം എയർലൈനിന്റെ എയർപോർട്ട് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ ഡാറ്റാ എൻട്രി ഉപയോഗിച്ച് എൻഡ്-ടു-എൻഡ് ബാഗേജ് ട്രാക്കിംഗ് സൗകര്യമാണ് വാഗ്ദാനം ചെയ്യുന്നത്.

യാത്രക്കാരുടെ ബാഗേജ് രസീതുകളിലെ ബാർകോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ അവരുടെ ചെക്ക്-ഇൻ ബാഗുകൾ ട്രാക്ക് ചെയ്യാനാകും. എയർപോർട്ടുകളിൽ നിന്ന് ലഭ്യമായ തത്സമയ ലഗേജ് ട്രാക്കിംഗ് വിവരങ്ങളും സ്‌കേലബിൾ ക്ലൗഡ് ആപ്ലിക്കേഷൻ ഇൻഫ്രാസ്ട്രക്ചറും പ്രയോജനപ്പെടുത്തുന്നതിലൂടെ യാത്രയിലുടനീളം ബാഗേജിന്റെ വിവരങ്ങൾ അറിയാനും ചെക്ക്-ഇൻ ബാഗുകളെ കുറിച്ചുള്ള ആശങ്കകൾ ഗണ്യമായി കുറയ്ക്കാനും സഹായിക്കും.
ബാഗേജ് ട്രാക്ക് ചെയ്യുന്നതിനായുള്ള സംവിധാനത്തിൽ നിലവിലെ ലൊക്കേഷൻ, ട്രാൻസിറ്റ് സ്റ്റാറ്റസ്, ബാഗേജ് എത്തിച്ചേരൽ വിശദാംശങ്ങൾ എന്നിവ പോലുള്ള പ്രധാന വിവരങ്ങൾ ലഭിക്കും. ഇതിൽ, ചെക്ക്-ഇൻ, സെക്യൂരിറ്റി ക്ലിയറൻസ്, എയർക്രാഫ്റ്റ് ലോഡിംഗ്, ലോഡിംഗ് ട്രാൻസ്ഫർ, ബാഗേജ് ക്ലെയിം ഏരിയ തുടങ്ങി എല്ലാ പ്രധാനപ്പെട്ട ബാഗേജ് ടച്ച് പോയിന്റുകളിലും ലഗേജുകളുടെ വരവ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. 'ട്രാക്ക് യുവർ ബാഗ്' ടാബിന് കീഴിൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലും ഈ സൗകര്യം ലഭ്യമാണ്.
മൊബൈൽ ആപ്പിലെ 'മൈ ട്രിപ്പുകൾ' വിഭാഗം, വെബ്‌സൈറ്റിലെ 'ട്രാക്ക് മൈ ബാഗുകൾ' ടാബ് എന്നിവയിലൂടെയോ ബാഗേജ് രസീതിലെ ബാർകോഡ് സ്‌കാൻ ചെയ്തുകൊണ്ടോ യാത്രക്കാർക്ക് അവരുടെ ബാഗുകൾ തത്സമയം ട്രാക്ക് ചെയ്യാൻ കഴിയും. അഥവാ എയർടാഗ് ഉള്ള ബാഗേജ് ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെങ്കിൽ, വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ബാഗേജ് കൗണ്ടറിൽ് റിപ്പോർട്ട് ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു.

ആപ്പിൾ ഉപകരണത്തിലെ 'ഫൈൻഡ് മൈ' ആപ്പിൽ നിന്ന് ജനറേറ്റ് ചെയ്ത എയർടാഗിന്റെ ലൊക്കേഷൻ ലിങ്ക് പങ്കിടാം. പ്രോപ്പർട്ടി ഇറിഗുലാരിറ്റി റിപ്പോർട്ട് (പിഐആർ) ഫയൽ ചെയ്യുമ്പോൾ ലിങ്ക് ബന്ധപ്പെടുത്താം. ആപ്പിലെ 'കസ്റ്റമർ സപ്പോർട്ട് പോർട്ടൽ' സന്ദർശിച്ച് 'ബാഗേജ്' തിരഞ്ഞെടുത്ത് 'ലോസ്റ്റ് ആൻഡ് ഫൗണ്ട് ചെക്ക്-ഇൻ ബാഗേജ്' തിരഞ്ഞെടുത്ത് അവിടെ എയർടാഗ് ലിങ്ക് നൽകാം.
അതുപോലെ, എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലെ കസ്റ്റമർ സപ്പോർട്ട് പോർട്ടൽ പേജിലെ 'ലോസ്റ്റ് ആൻഡ് ഫൗണ്ട് ചെക്ക്-ഇൻ ബാഗേജ്' സന്ദർശിച്ച് അവരുടെ ആപ്പിൾ എയർടാഗിനുള്ള 'ഷെയർ ഐറ്റം ലൊക്കേഷൻ' ലിങ്ക് പിഐആർ നമ്പറിനൊപ്പം നൽകാം. തുടർന്ന് എയർ ഇന്ത്യയുടെ അംഗീകൃത എയർപോർട്ട് ടീമുകൾ എയർടാഗ് ലിങ്ക് ഉപയോഗിച്ച് ബാഗേജ് വിമാനത്താവള പരിസരത്ത് ഉണ്ടെങ്കിൽ അത് കണ്ടെത്തുകയും ബാഗേജ് എത്രയും വേഗം ഉടമസ്ഥന് തിരിച്ചു നൽകുകയും ചെയ്യും.

ഉടമസ്ഥന് ബാഗേജ് കിട്ടിയ ഉടൻ തന്നെ ഷെയർ ലൊക്കേഷൻ അവസാനിക്കും. പരമാവധി ഏഴ് ദിവസമാണ് ഇതിന്റെ കാലാവധി. iOS 18.2, iPadOS 18.2, macOS 15.2 ആപ്പിൾ ഉപകരണങ്ങളിൽ സേവനം ലഭ്യമാണ്.


Click it and Unblock the Notifications








