9,999 രൂപയ്ക്ക് ഐഫോണ്‍: മികച്ച ഓഫറോ?

Posted By: Staff

9,999 രൂപയ്ക്ക് ഐഫോണ്‍: മികച്ച ഓഫറോ?

എയര്‍സെല്‍ 9,999 രൂപയ്ക്ക് ഐഫോണ്‍ 3ജിഎസ് വില്പനക്കെത്തിച്ച വാര്‍ത്തയറിഞ്ഞില്ലേ? അതും യഥാര്‍ത്ഥ വിലയില്‍ (19,999 രൂപ) നിന്ന് എത്രയോ കുറഞ്ഞ വിലയ്ക്ക്. വാര്‍ത്ത ഒന്നുകൂടി ശ്രദ്ധിച്ച് വായിച്ചാല്‍ അറിയാം. വെറും 9,999 രൂപ (10,000 രൂപയെന്നും പറയാം) മുടക്കിയാല്‍ ഐഫോണ്‍ 3ജിഎസ് വാങ്ങാനാകില്ല എന്ന്.

അതെ, വരിക്കാര്‍ 3,000 രൂപ അധികം നല്‍കേണ്ടതുണ്ട്. എങ്കിലും ഈ ഓഫര്‍ വലിയ മോശമില്ല. ഇന്ത്യയില്‍ ആദ്യമായിട്ടാകും ഇത്രയും വിലക്കുറവില്‍ ഐഫോണ്‍ ലഭിക്കുന്നത്. സ്റ്റാറ്റസിന്റെ പേരില്‍ കയ്യില്‍ ഒരു ഐഫോണ്‍ വേണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓഫര്‍ തന്നെയാണിത് എന്നതില്‍ തര്‍ക്കമില്ല. അതേ സമയം ഒരു മികച്ച സ്മാര്‍ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ?

ഒരു സ്മാര്‍ട്‌ഫോണ്‍ തന്നെ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ? ഭംഗി മാത്രം നോക്കിയാല്‍ വേണമെങ്കില്‍ ഐഫോണിനേക്കാള്‍ വിലക്കുറവില്‍ ഇന്ന് ധാരാളം സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ട്. അപ്പോള്‍ അത് മാത്രമാകില്ല കാരണം. അതിലെ സവിശേഷതകളെ കൂടി പരിഗണിക്കുന്നുണ്ടാകും. എങ്കില്‍ ശ്രദ്ധിക്കൂ എഫോണ്‍ 3ജിഎസില്‍ എന്തെല്ലാം ഉണ്ട് എന്ന് പലപ്പോഴായി നമ്മള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഇനി നോക്കേണ്ടത് എന്തെല്ലാം ഇല്ല എന്നാണ്.

ആപ്പിള്‍ ഉത്പന്നമായതിനാല്‍ എല്ലാ ഘടകങ്ങളും ഉണ്ടാകും എന്ന ധാരണ വേണ്ട. ഇന്ന് എല്ലാവരും വാഗ്ദാനം ചെയ്യുന്ന ഫ്രന്റ് ക്യാമറ ഐഫോണ്‍ 3ജിഎസില്‍ ഇല്ല. വീഡിയോ ചാറ്റിംഗിനാണ് ഫ്രന്റ് ക്യാമറ ഏറെയും ആവശ്യം. അപ്പോള്‍ വീഡിയോ ചാറ്റിംഗ് ഈ ഫോണില്‍ നടക്കില്ല എന്ന് സാരം. മാത്രമല്ല സ്‌കൈപിനെ സ്‌നേഹിക്കുന്നവരും നിരാശരാകേണ്ടി വരും. കാരണം സ്‌കൈപും ഇതിലില്ല.

മറ്റൊരു മോശം വശം ഇതിലെ വേഗതകുറഞ്ഞ പ്രോസസറും സ്‌റ്റോറേജുമാണ്. 800 മെഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 പ്രോസസറാണ് ഇതിലുള്ളത്. അതിന്റെ വേഗത വെറും 600 മെഗാഹെര്‍ട്‌സ് മാത്രം. ക്വാഡ് കോര്‍ പ്രോസസറുകളുടെ കാലത്ത് ഇത്രയും വേഗതകുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ മതിയോ നിങ്ങളുടെ ആവശ്യത്തിന്?  8 ബി ഫഌ്ഷ് സ്റ്റോറേജും 236 എംബി റാമുമാണ് സ്‌റ്റോറേജ് സൗകര്യങ്ങള്‍.

ആദ്യം പറഞ്ഞ മറ്റൊരു കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. വിലയുടെ കാര്യം. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രം ലഭിക്കുന്ന ഓഫറാണ്. അഡ്വാന്‍സ് വാടകയായി 3,000 രൂപ വേറെയും. മാത്രമല്ല ഡാറ്റാ പ്ലാനിനൊപ്പമാണ് ഈ ഓഫര്‍ ലഭിക്കുന്നത്. 3ജി സൗകര്യം ഏറെയും ആസ്വദിക്കുന്നത് വീഡിയോകോളിനും മറ്റുമാണ്. വീഡിയോകോളിംഗ് സൗകര്യമില്ലാത്ത ഫോണില്‍ 3ജി നഷ്ടമല്ലേ?

ഇനി തീരുമാനം നിങ്ങള്‍ക്കെടുക്കാം. നിങ്ങള്‍ക്കെന്ത് തോന്നുന്നു മികച്ച ഓഫറാണോ ഇത്? നിങ്ങളിലാരെങ്കിലും ഈ ഫോണ്‍ വാങ്ങാന്‍ ശ്രമിച്ചോ?  ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുമോ? സ്മാര്‍ട്‌ഫോണ്‍ ഉത്പന്നങ്ങളുടെയെല്ലാം കാരണവരായി കണക്കാക്കുന്ന ഐഫോണ്‍ വാങ്ങാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു എങ്കില്‍ ഈ ഓഫര്‍ നഷ്ടപ്പെടുത്തരുത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot