4ജി; നിങ്ങള്‍ അറിയേണ്ടത്

Posted By: Staff

4ജി; നിങ്ങള്‍ അറിയേണ്ടത്

4ജിയുമായി എയര്‍ടെല്‍ വന്നതോടെ ഇന്ത്യയും വരുംതലമുറ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. എന്താണ് 4ജി? 4ജി വന്നാലുള്ള ഗുണമെന്താണ്? തുടങ്ങി ഒട്ടേറെ സംശയങ്ങള്‍ ഈ വാര്‍ത്തയുമായി ബന്ധപ്പെട്ടുണ്ടാകാം. 4ജി സംബന്ധിച്ചും എയര്‍ടെല്ലിന്റെ ഡാറ്റാ പ്ലാന്‍ സംബന്ധിച്ചും അറിയേണ്ട കാര്യങ്ങളാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ആദ്യം 4ജി എന്താണെന്ന് മനസ്സിലാക്കാം

നാലാം തലമുറ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയാണ് 4ജി. 3ജിയുടെ പിന്‍ഗാമിയായെത്തുന്ന 4ജി മുമ്പത്തേതിനാക്കാളും വളരെ വേഗത്തിലുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ആക്‌സസാണ് നല്‍കുക. 3ജിയിലെ ഇന്റര്‍നെറ്റ് ഡാറ്റാ ആക്‌സസിംഗ് വേഗതയേക്കാള്‍ അഞ്ചിരട്ടിയാണ് 4ജിയില്‍. അതായത് സെക്കന്റില്‍ 21 മെഗാബൈറ്റ് ഡൗണ്‍ലോഡിംഗ് വേഗതയുള്ള 3ജിയേക്കാള്‍ സെക്കന്റില്‍ 100 മെഗാബൈറ്റാണ് 4ജി വാഗ്ദാനം ചെയ്യുന്നത്.

രണ്ട് തരത്തിലുള്ള 4ജി സേവനമാണ് ടെലികോം കമ്പനികള്‍ ലഭ്യമാക്കുന്നത്. വൈമാക്‌സും മറ്റൊന്ന് എല്‍ടിഇ(ലോംഗ് ടേം ഇവലൂഷന്‍)യും. എല്‍ടിഇയുടെ തന്നെ ഒരു വിഭാഗമായ ടിഡി-എല്‍ടിഇ (ടൈം ഡിവിഷന്‍ ലോംഗ് ടേം ഇവലൂഷന്‍) ആണ് 4ജിയ്ക്കായി എയര്‍ടെല്‍ ഉപയോഗിക്കുന്നത്.

താരിഫ്

എയര്‍ടെല്ലിന്റെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കിണങ്ങുന്ന മൂന്ന് താരിഫ് പ്ലാനുകളാണ് ഉള്ളത്. ബ്രേക്ക്ഫ്രീ, ബ്രേക്ക്ഫ്രീ മാക്‌സ്, ബ്രേക്ക്ഫ്രീ അള്‍ട്രാ.

ഇതില്‍ ബ്രേക്ക്ഫ്രീ പ്ലാനില്‍ പ്രതിമാസം 999 രൂപയ്ക്ക് സെക്കന്റില്‍ 128 കെബി വേഗതയില്‍ 6ജിബി ഉപയോഗിക്കാം.ബ്രേക്ക്ഫ്രീ മാക്‌സ് താരിഫ് പ്ലാനില്‍ പ്രതിമാസ വാടക 1399 രൂപയ്ക്ക് 128 കെബി വേഗതയില്‍ 9 ജിബി ഉപയോഗിക്കാം. മൂന്നാമത്തെ പ്ലാനായ ബ്രേക്ക്ഫ്രീ അള്‍ട്രായില്‍ അതേ വേഗതയില്‍ 1999 രൂപ പ്രതിമാസ വാടകയ്ക്ക് 18 ജിബി സൗജന്യ ഡാറ്റ ഉപയോഗപ്പെടുത്താം.

4ജി സേവനം എന്തിലൂടെ?

നിലവില്‍ ഇന്റര്‍നെറ്റ് ഡാറ്റ സര്‍വ്വീസിലാണ് എയര്‍ടെല്‍ 4ജി പരിചയപ്പെടുത്തിയിരിക്കുന്നത്. കമ്പ്യൂട്ടിംഗ് ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ്  ഇതിന്റെ ഉദ്ദേശം. 4ജി എല്‍ടിഇ യുഎസ്ബി മോഡം, 4ജി എല്‍ടിഇ ഇന്‍ഡോര്‍ വയര്‍ലസ് ഗേറ്റ്എവേ ഉപകരണങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ അതിവേഗ ഇന്റര്‍നെറ്റ് ആസ്വദിക്കാനാകും. യുഎസ്ബി ഡാറ്റാ കാര്‍ഡിന് 7,999 രൂപയും ഇന്‍ഡോര്‍ വയര്‍ലസ് ഗേറ്റ്എവേ ഉപകരണത്തിന് 7,750 രൂപയുമാണ്

എയര്‍ടെല്‍ ഈടാക്കുന്നത്.

മൂല്യവര്‍ധിത സേവനങ്ങള്‍

4ജി ഡാറ്റാ സേവനത്തിനൊപ്പം എയര്‍ടെല്ലില്‍ നിന്ന് ചില വിനോദ മൂല്യവര്‍ധിത സേവനങ്ങളും ലഭിക്കുന്നതാണ്. സിനിമകള്‍, ഗെയിംസ്, ടിവി, ലൈവ് ഡിവോഷന്‍ തുടങ്ങിയ സേവനങ്ങളാണ് അവതരിപ്പിക്കുന്നത്. ഇതിനായി ബിഗ്ഫഌക്‌സ്, ഇന്ത്യഗെയിംസ് എന്നീ കണ്ടന്റ് കമ്പനികളുമായി എയര്‍ടെല്‍ സഹകരിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot