ഇനി കണക്കൊന്നും നോക്കാതെ ഡാറ്റ ഉപയോഗിക്കാം; അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുമായി എയർടെൽ
5ജി സേവനങ്ങളിലേക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ കിടിലൻ പുതിയ ഓഫറുമായി എയർടെൽ രംഗത്ത്. തങ്ങളുടെ എല്ലാ ഡാറ്റ പ്ലാനുകളുടെയും നിശ്ചിത പ്രതിദിന ഉപയോഗ പരിധി എയർടെൽ എടുത്തുകളഞ്ഞു. എയർടെൽ 5ജി ലഭ്യമാകുന്ന പ്രദേശങ്ങളിലെ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് 5ജി ഉപയോക്താക്കൾക്ക് ഇനി പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം.
നിലവിലുള്ള എല്ലാ പ്ലാനുകളിലും ഡാറ്റ ഉപയോഗത്തിനുള്ള പരിധി നീക്കം ചെയ്യുന്നതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഇതുവരെ, എയർടെൽ ഉപയോക്താക്കൾക്ക് നിലവിലെ ഡാറ്റ പ്ലാനുകളിൽ യാതൊരു നിരക്കും അധികമായി നൽകാതെ എയർടെൽ 5ജി പ്ലസ് അനുഭവിക്കാൻ അവസരം ഉണ്ടായിരുന്നു. ഇനിയും 5ജി ഉപയോഗിക്കാൻ അധിക പണം നൽകേണ്ടതില്ല.

അതോടൊപ്പം പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം എന്നതാണ് നേട്ടം. നേരത്തെ നിശ്ചിത പ്ലാനുകൾ അനുസരിച്ചുള്ള ഡാറ്റയാണ് ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിച്ചിരുന്നത്. 2ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാൻ ആയിരുന്നു ഉപയോഗിച്ചിരുന്നത് എങ്കിൽ 2ജിബി 5ജി ഡാറ്റയാണ് ഉപയോഗിക്കാൻ സാധിച്ചിരുന്നത്. എന്നാൽ ഡാറ്റയുടെ പരിധി എടുത്തുകളഞ്ഞ് ഇപ്പോൾ അൺലിമിറ്റഡ് ആക്കിയിരിക്കുകയാണ്.
ഇതോടെ 2ജിബി ഡാറ്റ പ്ലാൻ ഉപയോഗിച്ചുവന്നവർക്കും പരിധിയില്ലാതെ 5ജി ഡാറ്റ ഉപയോഗം തുടരാം എന്നതാണ് പുതിയ തീരുമാനത്തിന്റെ ഗുണം. 239 രൂപയും അതിനുമുകളിലും വിലയുള്ള എല്ലാ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകൾക്കും ഈ ഓഫർ ലഭ്യമാണ്. എയർടെൽ 5ജി ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫറിന്റെ ഗുണം ലഭിക്കുക. 4ജി ഉപയോക്താക്കൾക്ക് നിലവിലെ പ്ലാനുകൾ തുടരും.

"അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എയർടെൽ ഉപഭോക്താക്കൾക്ക് 5ജി യുടെ ശക്തി അനുഭവിക്കുന്നതിനുള്ള ഒരു പരിചയപ്പെടുത്തൽ ഓഫറാണ്. 5ജി പിന്തുണയുള്ള സ്മാർട്ട്ഫോണുള്ളവരും എയർടെൽ 5G പ്ലസ് നെറ്റ്‌വർക്കിൽ പ്രവേശിച്ചതുമായ യോഗ്യതയുള്ള പ്ലാനുകളിലെ എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാം, " എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ജിയോയെ എതിരിടാനും കൂടുതൽ ആളുകളെ തങ്ങളിലേക്ക് ആകർഷിക്കാനുമാണ് എയർടെൽ ഇത്തരമൊരു കിടിലൻ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ജിയോ വരിക്കാർക്ക് 5ജി ലഭ്യമാകണമെങ്കിൽ വെൽക്കം ഓഫർ ലഭിക്കേണ്ടതുണ്ട്. മാത്രമല്ല നിശ്ചിത പ്ലാനിന് അനുസരിച്ചുള്ള 5ജി ഡാറ്റയാണ് ലഭ്യമാകുക. എന്നാൽ ഇവിടെ എയർടെൽ എല്ലാവിധ തടസങ്ങളും നീക്കിക്കൊണ്ടാണ് ആളുകളെ 5ജിയിലേക്ക് ക്ഷണിക്കുന്നത്.
എല്ലാ എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും അവരുടെ നിലവിലുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ അനുഭവിക്കാൻ കഴിയും. 239 രൂപയോ അതിന് മുകളിലോ ഡാറ്റ പ്ലാനുള്ള പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഡാറ്റാ പരിധിയെക്കുറിച്ചോ പ്രതിദിന ഡാറ്റ ക്വാട്ടയെക്കുറിച്ചോ ആകുലപ്പെടാതെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ആസ്വദിക്കാനാകും.

ഇപ്പോൾ ഏകദേശം 270 ഇന്ത്യൻ നഗരങ്ങളിൽ എയർടെൽ 5ജി ലഭ്യമാണ്. കേരളത്തിൽ എയർടെൽ 5ജി എത്തിയിട്ടുള്ള 17 നഗരങ്ങളിലെ ആളുകൾക്ക് ഈ ഓഫറിന്റെ പ്രയോജനം ലഭിക്കും. 5ജി ലഭ്യമായ പ്രദേശങ്ങളിലെ വരിക്കാർക്ക് മാത്രമാണ് അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, പൊന്നാനി, കളമശ്ശേരി, തിരൂരങ്ങാടി, വേങ്ങര, തൃപ്പൂണിത്തുറ, തിരൂർ, കൊല്ലം, എടത്തല, മൂവാറ്റുപുഴ, പാലക്കാട്, ചെറുവണ്ണൂർ, വാഴക്കാല, കായംകുളം എന്നീ 17 നഗരങ്ങളിലാണ് എയർടെൽ 5ജി ലഭ്യമായിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ വരിക്കാർക്ക് ഇപ്പോൾ അൺലിമിറ്റഡായി 5ജി സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും.
"അൺലിമിറ്റഡ് 5ജി ഡാറ്റ" ഓഫർ ക്ലെയിം ചെയ്യാൻ എയർടെൽ ഉപഭോക്താക്കൾ കമ്പനിയുടെ എയർടെൽ താങ്ക്സ് ആപ്പ് തുറന്നാൽ മതി. ഇതിന്റെ ബാനർ പ്രധാന പേജിലും മറ്റ് ഏരിയകളിലും കാണാം. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക്, പാക്കിന്റെ വാലിഡിറ്റി വരെ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക്, അവരുടെ അടുത്ത ബിൽ ജനറേഷൻ വരെ ഇത് സാധുവാണ്.


Click it and Unblock the Notifications








