ഈ രണ്ട് ജില്ലകളിലെ ഏത് റബർതോട്ടത്തിലോ കാട്ടിലോ ഇനി പോകാം! ഫുൾ റേഞ്ച് കിട്ടുമെന്ന് എയർടെൽ
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും നെറ്റ്വർക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി എയർടെൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ അധിക നെറ്റ്വർക്ക് സൈറ്റുകൾ വിന്യസിച്ചു. അടുത്തിടെ കൊല്ലത്തും പാലക്കാട്ടും എയർടെൽ ഇത്തരത്തിൽ നെറ്റ്വർക്ക് ശേഷി മെച്ചപ്പെടുത്തിയിരുന്നു. ഇതോടെ ഈ പ്രദേശങ്ങളിലെ വരിക്കാർക്ക് മികച്ച രീതിയിൽ സേവനങ്ങൾ ആസ്വദിക്കാനാകും.
റൂറൽ എൻഹാൻസ്‌മെൻ്റ് പ്രോജക്‌റ്റിന് (REP) കീഴിൽ നെറ്റ്‌വർക്ക് സാന്ദ്രത വർദ്ധിപ്പിക്കുന്നതിന് കോട്ടയം, പത്തനംതിട്ട ജില്ലകൾ തെരഞ്ഞെടുത്തതായി എയർടെൽ തന്നെയാണ് ഇന്ന് അറിയിച്ചത്. ഇതോടൊപ്പം പശ്ചിമ ബംഗാളിലെ നോർത്ത് ട്വൻ്റി ഫോർ പർഗാനാസ് ജില്ലയിലും പദ്ധതിയുടെ ഭാഗമായി നെറ്റ്വർക്ക് ശേഷി വർധിപ്പിച്ചതായി എയർടെൽ അറിയിച്ചു.

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 6.4 ലക്ഷം ജനസംഖ്യയുള്ള 8 നഗരങ്ങളിലും 168 ഗ്രാമങ്ങളിലുമാണ് നെറ്റ്‌വർക്ക് നവീകരണ പദ്ധതിയിൽ ഏറ്റെടുത്തത്. അതേസമയം നോർത്ത് ട്വൻ്റി ഫോർ പർഗാനാസ് ജില്ലയിലെ നെറ്റ്‌വർക്ക് നവീകരണം 48.3 ലക്ഷം ഗ്രാമീണ ജനസംഖ്യയുള്ള 1765 ഗ്രാമങ്ങളിലായി നടപ്പാക്കിയതായി എയർടെൽ അറിയിച്ചു.
2024 തീരുമ്പോഴേക്കും രാജ്യത്തെ 60,000 ഗ്രാമങ്ങളിൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എയർടെലിന്റെ റൂറൽ എൻഹാൻസ്‌മെൻ്റ് പ്രോജക്‌ട്. മേഖലയിലെ വോയ്‌സ്, ഡാറ്റ കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്താനും ഉപയോക്താക്കൾക്ക് മികച്ച സംതൃപ്തിയോടെ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാനും എയർടെലിന്റെ ഈ നെറ്റ്വർക്ക് നവീകരണം സഹായിക്കും.

കോട്ടയം ജില്ലയിലെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചിൽ, വൈക്കം എന്നീ താലൂക്കുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിലെയും പത്തനംതിട്ട ജില്ലയിലെ അടൂർ, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, തിരുവല്ല എന്നീ താലൂക്കുകളിലെയും എയർടെൽ ഉപഭോക്താക്കൾക്ക് ഈ നെറ്റ്‌വർക്ക് നവീകരണത്തിന്റെ നേരിട്ടുള്ള പ്രയോജനം ലഭ്യമാകുമെന്ന് എയർടെൽ അറിയിച്ചു.
കുന്നുകളും മലകളുമൊക്കെ നിറഞ്ഞ പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമൊക്കെ എയർടെൽ നെറ്റ്വർക്ക് ശേഷി മുൻപ് കുറവായിരുന്നു എങ്കിൽ ഇനി അത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാണ് എയർടെൽ നൽകുന്ന ഉറപ്പ്. റൂറൽ എൻഹാൻസ്‌മെൻ്റ് പ്രോജക്‌റ്റിന് കീഴിൽ, കേരളത്തിലുടനീളമുള്ള 1,600 ഗ്രാമങ്ങളിലും 355 പട്ടണങ്ങളിലും എയർടെൽ നെറ്റ്വർക്ക് ശേഷി മെച്ചപ്പെടുത്തും.
കേരളത്തിലെ 14 ജില്ലകളിലെയും ഗ്രാമീണ പ്രദേശങ്ങൾ ഈ നെറ്റ്വർക്ക് മെച്ചപ്പെടുത്തൽ പ്രോജക്ടിൽ ഇടംപിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ പട്ടികയിലേക്ക് വന്ന കോട്ടയത്തിനും പത്തനംതിട്ടയ്ക്കും പുറമേ, പാലക്കാട്, കൊല്ലം, തൃശൂർ, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ നെറ്റ്‌വർക്കും എയർടെൽ ഇതേരീതിയിൽ നവീകരിച്ചിരുന്നു.

ഈ ജില്ലകളിലെ പ്രദേശങ്ങളിൽ അതിവേഗ ഡാറ്റാ സേവനങ്ങൾക്കായുള്ള ഡിമാൻഡിൻ്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി എയർടെൽ തങ്ങളുടെ ഫൈബർ സാന്നിധ്യവും വർധിപ്പിച്ചിട്ടുണ്ട്. 2024 എത്തുമ്പോഴേക്കും രാജ്യത്തെ 60,000 ഗ്രാമങ്ങളിൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനാണ് എയർടെൽ റൂറൽ എൻഹാൻസ്‌മെൻ്റ് പ്രോജക്‌റ്റിലൂടെ ( REP ) ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി അധികം വൈകാതെ കേരളത്തിലെ ബാക്കിയുള്ള ജില്ലകളിലും എയർടെൽ നെറ്റ്വർക്ക് ശേഷി മെച്ചപ്പെടുത്തും. നിലവിൽ കേരളത്തിലെ നിരവധി ജിയോ, എയർടെൽ വരിക്കാർ നെറ്റ്വർക്ക് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതിന് പരിഹാരമാകാനും വരിക്കാർക്ക് മികച്ച നെറ്റ്വർക്ക് അന്തരീക്ഷം ഒരുക്കി നൽകാനും ഈ പ്രോജക്ട് എയർടെലിന് കരുത്തുപകരുന്നു.
വിവിധ പ്രദേശങ്ങളിലെ നെറ്റ്വർക്ക് ശേഷി മെച്ചപ്പെടുത്തുന്നത് എയർടെലിന്റെ ഭാവി മുന്നേറ്റത്തിനും സഹായിക്കും. 5ജി വ്യാപനം തുടങ്ങിയ ശേഷം നിരവധി ജിയോ വരിക്കാർക്ക് നെറ്റ്വർക്ക് വേഗതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഇത്തരം പ്രദേശങ്ങളിൽ മികച്ച നെറ്റ്വർക്ക് കവറേജ് ഉറപ്പാക്കാനായാൽ അവിടെ ജിയോയെ മറികടന്ന് മുന്നേറാൻ എയർടെലിന് സാധിക്കും.


Click it and Unblock the Notifications








