കരിമ്പനയുടെ തലപ്പൊക്കവുമായി എയർടെൽ! പാലക്കാട്ടെ നെറ്റ്‌വർക്ക് കവറേജ് വർദ്ധിപ്പിച്ചു!
പാലക്കാട്ടെ എയർടെൽ (Airtel) വരിക്കാർക്ക് ഇനി സന്തോഷിക്കാം. കാരണം റൂറൽ എൻഹാൻസ്‌മെൻ്റ് പ്രോജക്‌റ്റിന് (REP) കീഴിൽ പാലക്കാട്ടെ വിവിധ പ്രദേശങ്ങളിൽ എയർടെൽ തങ്ങളുടെ നെറ്റ്‌വർക്ക് കവറേജ് വർദ്ധിപ്പിച്ചു. നെറ്റ്വർക്ക് പ്രശ്നങ്ങൾ നേരിടുന്ന മറ്റ് കമ്പനികളുടെ വരിക്കാരെ ആകർഷിക്കാനും ഇത് എയർടെലിനെ സഹായിക്കും എന്ന് കരുതപ്പെടുന്നു.
2024 തീരുമ്പോഴേക്കും രാജ്യത്തെ 60,000 ഗ്രാമങ്ങളിൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എയർടെലിന്റെ റൂറൽ എൻഹാൻസ്‌മെൻ്റ് പ്രോജക്‌ട്. ഇതിന്റെ ഭാഗമായി കേരളത്തിലും എയർടെൽ നെറ്റ്വർക്ക് വിപുലീകരണം നടത്തിവരികയാണ്. അടുത്തിടെ കൊല്ലത്തെ 18 നഗരങ്ങളിലും 78 ഗ്രാമങ്ങളിലും ഈ പദ്ധതിയുടെ ഭാഗമായി നെറ്റ്വർക്ക് ശേഷി മെച്ചപ്പെടുത്തിയിരുന്നു.

കേരളത്തിലെ പാലക്കാട് ജില്ലയിലെ, 7 ലക്ഷം ജനസംഖ്യയുള്ള 14 പട്ടണങ്ങളിലും 129 ഗ്രാമങ്ങളിലും നെറ്റ്‌വർക്ക് മെച്ചപ്പെടുത്തൽ പ്രോജക്ടിന്റെ ഗുണം ലഭിക്കുമെന്ന് എയർടെൽ അറിയിച്ചു. പാലക്കാട് ജില്ലയിലെ ആലത്തൂർ, അട്ടപ്പാടി, ചിറ്റൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി എന്നീ താലൂക്കുകളിലെ ഉപയോക്താക്കൾക്കാണ് ഈ നെറ്റ്വർക്ക് മെച്ചപ്പെടുത്തൽ കൊണ്ട് നേരിട്ട് പ്രയോജനം ലഭിക്കുക എന്ന് എയർടെൽ പറയുന്നു.
മേഖലയിലെ വോയ്‌സ്, ഡാറ്റ കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്താനും ഉപയോക്താക്കൾക്ക് മികച്ച സംതൃപ്തിയോടെ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാനും ഈ നെറ്റ്വർക്ക് നവീകരണം സഹായിക്കും. ഇന്ന് എയർടെൽ പുറത്തിറക്കിയ അറിയിപ്പിൽ കേരളത്തിലെ പാലക്കാടിന് പുറമേ, മഹാരാഷ്ട്രയിലെ നന്ദേഡ്, പശ്ചിമ ബംഗാളിലെ പുർബ, പശ്ചിമ മേദിനിപൂർ, മധ്യപ്രദേശിലെ ഷാജാപൂർ ജില്ലകളിലും അധിക സൈറ്റുകൾ വിന്യസിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.

റൂറൽ എൻഹാൻസ്‌മെൻ്റ് പ്രോജക്‌റ്റിന് കീഴിൽ, കേരളത്തിലുടനീളമുള്ള 1,600 ഗ്രാമങ്ങളിലും 355 പട്ടണങ്ങളിലും എയർടെൽ നെറ്റ്‌വർക്ക് ശേഷി മെച്ചപ്പെടുത്തും. കേരളത്തിലെ 14 ജില്ലകളിലെയും ഗ്രാമീണ പ്രദേശങ്ങൾ ഈ നെറ്റ്വർക്ക് മെച്ചപ്പെടുത്തൽ പ്രോജക്ടിൽ ഇടംപിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പാലക്കാടിനും കൊല്ലത്തിനും പുറമേ തൃശൂർ, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ നെറ്റ്‌വർക്കും എയർടെൽ ഇതേരീതിയിൽ നവീകരിച്ചിരുന്നു.
ഹൈവേകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ കേരളത്തിലെ എല്ലാ പ്രധാന നഗര, അർദ്ധ നഗര, ഗ്രാമ പ്രദേശങ്ങളും പ്രോജക്ടിൽ ഉൾക്കൊള്ളുന്നതായി എയർടെൽ പറയുന്നു. ഹിൽ സ്റ്റേഷനുകൾ മുതൽ ബീച്ചുകൾ വരെയുള്ള എല്ലാ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇതോടെ എയർടെലിന്റെ മെച്ചപ്പെട്ട നെറ്റ്‌വർക്ക് സേവനം ആളുകൾക്ക് ലഭ്യമാകും.
കുന്നും മലയുമൊന്നും പ്രശ്നമാകാതെ പാലക്കാട്ടെ ഈ 7 താലൂക്കുകളിലുള്ള എല്ലാ പ്രദേശങ്ങളിലും എയർടെൽ ഉപയോക്താക്കൾക്ക് ഇനി സുഗമമായി ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാം. ഇവിടങ്ങളിലെ വിദൂര പ്രദേശങ്ങളിൽ പോലും ഇനി എയർടെൽ നെറ്റ്വർക്ക് ലഭ്യമാകും എന്ന് എയർടെൽ പറഞ്ഞു. കേരളത്തിലെ പ്രദേശങ്ങളെ മാത്രമല്ല രാജ്യത്തെ മറ്റ് ഗ്രാമീണ പ്രദേശങ്ങളെയും ഡിജിറ്റൽ സേവനങ്ങളിലേക്ക് നയിക്കാൻ ഈ പ്രോജക്ടിനാകും.

മറ്റ് ടെലിക്കോം കമ്പനികൾക്ക് മാതൃകയാക്കാവുന്ന ഒരു മോഡലാണ് എയർടെലിന്റെ റൂറൽ എൻഹാൻസ്‌മെൻ്റ് പ്രോജക്‌ട്. 5ജി ആരംഭിച്ചു എന്ന് പറയുമ്പോഴും കേരളത്തിലെ നിരവധി ജിയോ, എയർടെൽ വരിക്കാർ നെറ്റ്വർക്ക് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതിന് പരിഹാരമാകാനും എയർടെൽ വരിക്കാർക്ക് മികച്ച നെറ്റ്വർക്ക് അന്തരീക്ഷം ഒരുക്കി നൽകാനും ഈ പ്രോജക്ട് എയർടെലിന് കരുത്തുപകരുന്നു.
ജിയോ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് എയർടെൽ. ജിയോയുമായുള്ള മത്സരത്തിൽ മുന്നേറാൻ ഇത്തരം നടപടികൾ എയർടെലിന് സഹായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ കേരളത്തിലെ മറ്റ് ജില്ലകളിലുള്ള റൂറൽ ഏരിയകളിലും എയർടെൽ ഇതേ രീതയിൽ നെറ്റ്വർക്ക് നവീകരണം നടപ്പാക്കും.


Click it and Unblock the Notifications








