ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel
മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളാണ് രാജ്യത്ത് നിലവിൽ മൊബൈൽ സേവനങ്ങൾ ഓഫർ ചെയ്യുന്നത്. മൂന്ന് കമ്പനികളും വീണ്ടുമൊരു നിരക്ക് വർധനവിന് ഒരുങ്ങുകയാണെന്നും നമ്മുക്ക് അറിയാം. എന്നാൽ രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ എയർടെൽ ഒരു മുഴം കൂടി നീട്ടിയെറിയുകയാണ്. ഒറ്റയടിക്കുള്ള നിരക്ക് വർധനവിന് മുമ്പ് അടിസ്ഥാന പ്ലാനുകളുടെ നിരക്ക് കൂട്ടുന്ന തന്ത്രമാണ് Airtel പയറ്റുന്നതെന്ന് പറയാം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബേസിക് റീചാർജ് പ്ലാൻ
എയർടെൽ ഓഫർ ചെയ്തിരുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ( 99 രൂപയുടെ പ്ലാൻ ) രാജ്യത്തെ ഏഴ് ടെലിക്കോം സർക്കിളുകളിൽ നിന്ന് കൂടി കമ്പനി നീക്കം ചെയ്തു. ആന്ധ്രാ പ്രദേശ്, ബിഹാർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, നോർത്ത് ഈസ്റ്റ്, കർണാടക, പശ്ചിമ യുപി എന്നിവിടങ്ങളിൽ നിന്നാണ് 99 രൂപ വില വരുന്ന ഓഫർ ഇപ്പോൾ നീക്കം ചെയ്തത്.

നേരത്തെ ഹരിയാനയിൽ നിന്നും ഒഡീഷയിൽ നിന്നും ഇതേ പ്ലാൻ കമ്പനി പിൻവലിക്കുകയും ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാൻ ആയി 155 രൂപയുടെ ഓഫർ വിപണിയിൽ എത്തിക്കുകയും ചെയ്തിരുന്നു. സമാന നടപടി തന്നെയാണ് മറ്റ് ഏഴ് സർക്കിളുകളിലും കമ്പനി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. മിനിമം മൺത്ലി വാലിഡിറ്റി റീചാർജ് പ്ലാൻ എന്ന നിലയിൽ 155 രൂപയുടെ ഓഫർ മാത്രമാണ് ഇപ്പോഴുള്ളത്.

99 രൂപയിൽ നിന്ന് 155 രൂപയിലേക്ക് ഒറ്റയടിക്കുള്ള വർധനവ് ശതമാനത്തിൽ പറയുകയാണെങ്കിൽ 57 ശതമാനം വരുമത്. രാജ്യത്തെ മറ്റ് 13 ടെലിക്കോം സർക്കിളുകളിലും മിനിമം റീചാർജ് പ്ലാനിലുള്ള ഈ മാറ്റം അധികം വൈകാതെ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. കേരളത്തിലും സമാന നിരക്ക് വർധനവ് എയർടെൽ കൊണ്ട് വരുമെന്ന് സാരം.

99 രൂപയുടെ എയർടെൽ പ്ലാൻ
കേരളം അടക്കമുള്ള 13 ടെലിക്കോം സർക്കിളുകളിൽ 99 രൂപ വിലയുള്ള റീചാർജ് പ്ലാൻ ഇപ്പോഴും ലഭ്യമാകും. മിനിമം റീചാർജ് പ്ലാൻ ആയതിനാൽ തന്നെ ചെറിയ ആനുകൂല്യങ്ങളുമായാണ് 99 രൂപയുടെ ഓഫർ വരുന്നത്. 28 ദിവസത്തെ വാലിഡിറ്റിക്കൊപ്പം 99 രൂപയുടെ ടോക്ക് ടൈമും പ്ലാനിൽ ലഭിക്കും. ഒരു സെക്കൻഡിന് 2.5 പൈസ എന്ന നിലയിൽ വോയ്സ് കോളുകൾ ചെയ്യാം. 200 എംബി ഡാറ്റയും 99 രൂപയുടെ പ്ലാൻ നിലവിൽ ഓഫർ ചെയ്യുന്നു ( 13 സർക്കിളുകളിൽ മാത്രം ).

155 രൂപയുടെ എയർടെൽ പ്ലാൻ
ആകെ 24 ദിവസത്തെ വാലിഡിറ്റിയാണ് 155 രൂപയുടെ എയർടെൽ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോൾ സൌകര്യവും 1 ജിബി മൊബൈൽ ഡാറ്റയും 155 രൂപയുടെ പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭിക്കും. 300 എസ്എംഎസുകളും പ്ലാനിനൊപ്പം സൌജന്യമായി എയർടെൽ ഓഫർ ചെയ്യുന്നുണ്ട്.

പരിധി കഴിഞ്ഞാൽ ഓരോ ലോക്കൽ മെസേജിനും ഒരു രൂപ, മറ്റുള്ളവയ്ക്ക് 1.5 രൂപ എന്ന നിരക്കും നൽകേണ്ടി വരും. 1 ജിബി മൊബൈൽ ഡാറ്റ തീർന്നാൽ പിന്നീടുള്ള ഒരോ എംബിയ്ക്കും 50 പൈസ എന്ന നിരക്കിലും ഈടാക്കും. ഫ്രീ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസ് എന്നിവയും ആനുകൂല്യങ്ങളാണ്.

ടെലിക്കോം കമ്പനികൾ കോപ്പ് കൂട്ടുന്നത് വൻ നിരക്ക് വർധനവിന്
എആർപിയു അഥവാ ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം ഉയർത്തുകയെന്നതിന് മാത്രമാണ് നിലവിൽ ടെലിക്കോം കമ്പനികൾ ശ്രദ്ധ കൊടുക്കുന്നത്. ഈ വർഷം തന്നെ മൊത്തം പ്ലാനുകളിൽ 10 ശതമാനം നിരക്ക് വർധനവ് പ്രഖ്യാപിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. എയർടെലും ജിയോയും എല്ലാ വർഷവും ( അടുത്ത മൂന്ന് വർഷത്തേക്ക് ) 10 ശതമാനം നിരക്ക് വർധനവ് പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

എല്ലാ സാമ്പത്തിക വർഷത്തിന്റെയും നാലാം പാദത്തിലായിരിക്കും ഇത്തരമൊരു നിരക്ക് വർധനവ് നിലവിൽ വരിക. 5ജി സേവനങ്ങൾ നൽകുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്ന ന്യായീകരണമാണ് സ്വകാര്യ കമ്പനികൾ നിരക്ക് വർധനവിന് നൽകുന്നത്. ഇതിനിടയിലാണ് എയർടെൽ തങ്ങളുടെ ഏറ്റവും ചെറിയ പ്ലാനിന്റെ വില 155 രൂപയാക്കി വർധിപ്പിച്ചതെന്നും ഓർക്കണം.


Click it and Unblock the Notifications







