എയർടെൽ രണ്ട് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് കൂട്ടി, ഇതറിയാതെ റീച്ചാർജ് ചെയ്താൽ തകർന്നുപോകും!
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ (Airtel) തങ്ങളുടെ രണ്ട് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയർത്തി. ഓരോ വരിക്കാരനിൽ നിന്നും കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തിന്റെ നിരക്ക് (Average Revenue Per User) വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
118 രൂപ, 289 രൂപ നിരക്കുകളിൽ ലഭ്യമായിരുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കാണ് ഇപ്പോൾ എയർടെൽ നിശബ്ദമായി ഉയർത്തിയിരിക്കുന്നത്. ഇതിൽ 118 രൂപ പ്ലാൻ ഒരു 4ജി ഡാറ്റ വൗച്ചറാണ്. 289 രൂപ പ്ലാൻ 35 ദിവസ വാലിഡിറ്റിയിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരുന്ന പ്ലാനായിരുന്നു.

പുതിയ നിരക്കുവർധനയ്ക്ക് ശേഷം 118 രൂപയുടെ പ്ലാനിന് ഇപ്പോൾ 129 രൂപ ചെലവ് വരും. അതേപോലെ 289 രൂപയുടെ പ്ലാനിന് ഇനി 329 രൂപ നൽകണം. ഈ നിരക്ക് വർധന ഇതിനോടകം നിലവിൽ വന്നു. എയർടെൽ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ഇത് ദൃശ്യമാകും.
നിരക്ക് ഉയർത്തിയതിനൊപ്പം ഈ പ്ലാനുകളുടെ ആനുകൂല്യങ്ങളും വർധിച്ചിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കരുത്. ആനുകൂല്യങ്ങളിൽ കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പഴയ നിരക്കിൽ ലഭ്യമായിരുന്ന അതേ ആനുകൂല്യങ്ങൾ തന്നെയാണ് വർധിച്ച നിരക്കിലും ഈ രണ്ട് എയർടെൽ പ്രീപെയ്ഡ് പ്ലാനുകളിലും ലഭ്യമാകുക. അവ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

129 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ ആനുകൂല്യങ്ങൾ: 129 രൂപയുടെ ഡാറ്റ പ്ലാനിൽ 12 ജിബി ഡാറ്റയാണ് എയർടെൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ലംപ്‌സം ഡാറ്റയാണ്, ഉപയോക്താവിന് എപ്പോൾ വേണമെങ്കിലും അത് ഉപയോഗിക്കാൻ കഴിയും. ഈ പ്ലാനിൻ്റെ വാലിഡിറ്റി നിലവിലുള്ള ആക്ടീവ് പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിക്ക് തുല്യമാണ്.
129 രൂപയുടെ എയർടെൽ ഡാറ്റ പ്ലാനിൽ മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. 118 രൂപയിൽ നിന്ന് 129 രൂപയായി മാറിയതോടെ, ഈ പ്ലാനിലുള്ള ഓരോ ജിബി ഡാറ്റയുടെയും വില 9.83 രൂപയിൽ നിന്ന് 10.75 രൂപയായി ഉയർന്നിട്ടുണ്ട്. അതായത്, അത്യാവശ്യത്തിന് ഡാറ്റ റീച്ചാർജ് ചെയ്യാൻ 118 രൂപ പ്ലാനിനെ ആശ്രയിച്ചിരുന്നവർക്ക് ഇനി ചെലവ് കൂടും.
329 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: മുമ്പ് 289 രൂപയായിരുന്നപ്പോൾ ലഭ്യമായിരുന്ന പ്ലാനിലെ അതേ ആനുകൂല്യങ്ങൾ തന്നെയാണ് ഇപ്പോൾ നിരക്ക് വർധനയിലൂടെ 329 രൂപയുടെ പ്ലാനായി മാറിയപ്പോഴും ഈ പ്ലാനിൽ ലഭ്യമാകുക. 35 ദിവസമാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി.

329 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് 4 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 300 എസ്എംഎസും ലഭിക്കും. അപ്പോളോ 24|7 സർക്കിൾ സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവ അടങ്ങുന്ന എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ അധിക ചെലവില്ലാതെ ഉപഭോക്താക്കൾക്കായി ഈ പ്ലാനിൽ ബണ്ടിൽ ചെയ്തിരിക്കുന്നു.
289 രൂപയിൽനിന്ന് 329 രൂപയായി നിരക്ക് വർധിപ്പിച്ചതോടെ ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള പ്രതിദിന ചെലവ് 8.25 രൂപയിൽ നിന്ന് 9.4 രൂപയായി ഉയർന്നു. അത്യാവശ്യം ഡാറ്റ ആനുകൂല്യവും വോയിസ് കോളിങ് സൗകര്യവും സഹിതം ഒരു മാസ കാലയളവിലേക്ക് മൊബൈൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ നിരവധി പേർ ഉപയോഗിച്ചിരുന്ന പ്ലാൻ ആയിരുന്നു ഇത്.
വരിക്കാരിൽ നിന്നുള്ള വരുമാന നിരക്ക് ഉയർത്താൻ ടെലിക്കോം കമ്പനികൾ വിവിധ പ്ലാൻ നിരക്കുകകൾ വർധിപ്പിക്കാൻ പ്ലാൻ ചെയ്യുന്നതായി മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നതാണ്. 5ജി വ്യാപനത്തിനും മറ്റുമായി ജിയോയും എയർടെലും വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അതിനാൽത്തന്നെ വരിക്കാരിൽനിന്ന് പരമാവധി വരുമാനം നേടാനുള്ള നീക്കങ്ങൾ ഇനിയും പ്രതീക്ഷിക്കാം.


Click it and Unblock the Notifications








