ഇപ്പോൾ ഈ സാമ്പിൾ പിടി, ബാക്കി പിന്നെ! ഒറ്റയടിക്ക് 999 രൂപ വില കൂടിയ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
ഇന്ത്യയിലെ സ്വകാര്യ കമ്പനികൾ തങ്ങളുടെ റീച്ചാർജ് നിരക്കുകൾ 2026ൽ വർധിപ്പിക്കും എന്നത് കഴിഞ്ഞ കുറച്ച് നാളുകളായി അന്തരീക്ഷത്തിൽ കേട്ടുകൊണ്ടിരിക്കുന്നുണ്ട്, അതിനോട് ചേർന്ന് നിൽക്കുന്ന വിധത്തിൽ ചില നീക്കങ്ങൾ ഇതിനകം ഉണ്ടായിട്ടുമുണ്ട്. ഇപ്പോൾ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ ഒരു പ്രധാന ഗ്ലോബൽ പ്രീപെയ്ഡ് പ്ലാനിന്റെ വില ഒറ്റയടിക്ക് കുത്തനെ വർധിപ്പിച്ചിരിക്കുന്നു. 4000 രൂപ വിലയിൽ ലഭ്യമായിരുന്ന എയർടെൽ പ്രീപെയ്ഡ് ഗ്ലോബൽ ഐആർ പാക്ക് ആണ് ഇപ്പോൾ 4999 രൂപ എന്ന നിലയിലേക്ക് വർധിപ്പിക്കപ്പെട്ടിരിക്കുന്നത്.
ടെലിക്കോം കമ്പനികൾ പലവഴിക്കും നടപ്പാക്കുന്ന നിരക്ക് വർധന നീക്കങ്ങളുടെ സാമ്പിളുകളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു. രാജ്യത്തിനകത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്ലാനുകളുടെ നിരക്കും ഈ വർഷം ജൂലൈയോടുകൂടി വർധിക്കാൻ സാധ്യതയുണ്ട്. കാരണം ഇതിന് മുൻപ് നിരക്ക് വർധന നടന്നത് 2024 ജൂലൈയിലായിരുന്നു. രണ്ട് വർഷം കൂടുമ്പോൾ നിരക്കുകൾ ഡയറക്ടായി വർധിപ്പിക്കുക എന്ന ഒരു രീതി കമ്പനികൾ പിന്തുടരുന്നതിനാൽ ഈ വർഷം നിരക്ക് കൂട്ടിയേക്കുമെന്ന വിശ്വാസം ശക്തമാണ്.

ഇവിടെ 4000 രൂപയുടെ പ്ലാൻ 4999 രൂപ എന്ന നിലയിലേക്ക് വില വർധിപ്പിച്ചപ്പോൾ ഏകദേശം 25 ശതമാനം വില വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് 2026 ലെ ആദ്യത്തെ താരിഫ് വർദ്ധനയാണ് എന്ന് പറയാം. നേരത്തെ ചില പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ചും കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന ചില പ്ലാനുകൾ ഒഴിവാക്കിയും ഡാറ്റ ആനുകൂല്യം വെട്ടിക്കുറച്ചുമൊക്കെ സ്വകാര്യ കമ്പനികൾ പരോക്ഷ നിരക്ക് വർധന നടപ്പാക്കിയിരുന്നു.
4999 രൂപയുടെ എയർടെൽ ഗ്ലോബൽ പായ്ക്ക്
ഇപ്പോൾ 4000 രൂപയിൽ നിന്ന് 4999 രൂപ എന്ന നിലയിലേക്ക് വില ഉയർത്തപ്പെട്ട എയർടെൽ പ്രീപെയ്ഡ് ഗ്ലോബൽ പായ്ക്ക് 365 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ഒരു പ്ലാനാണ്. സ്ഥിരമായി ഇന്റർനാഷണൽ യാത്രകൾ നടത്തുന്ന എയർടെൽ വരിക്കാർക്ക് ഏറെ ഉപയോഗപ്രദമായ ഒരു റീച്ചാർജ് ഓപ്ഷനാണ് ഇത്.

4999 രൂപയുടെ ഗ്ലോബൽ പ്രീപെയ്ഡ് പ്ലാനിൽ ഇന്ത്യക്ക് പുറത്ത് 5ജിബി ഡാറ്റ, 100 മിനിറ്റ് ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകൾ (ഇന്ത്യയിലും), 100 ഔട്ട്‌ഗോയിംഗ് എസ്എംഎസ്, അന്താരാഷ്ട്ര തലത്തിൽ റോമിംഗിൽ സൗജന്യ ഇൻകമിംഗ് എസ്എംഎസ് എന്നിവയാണ് ലഭ്യമാകുക. ഇതേ പ്ലാൻ ഇന്ത്യയ്ക്കുള്ളിലായിരിക്കുമ്പോൾ വ്യത്യസ്ത ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
ഉപയോക്താവ് ഇന്ത്യയിലായിരിക്കുമ്പോൾ ഈ പ്രീപെയ്ഡ് പ്ലാനിൽ 1.5 ജിബി അതിവേഗ ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ലഭ്യമാകുക. റീചാർജ് ചെയ്യുമ്പോൾ ഇന്റർനാഷണൽ റോമിംഗ് പായ്ക്ക് ഓട്ടോമാറ്റിക്കായി ആക്ടീവാകും. ബാധകമായ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, കാലഹരണപ്പെട്ടതിന് ശേഷം ഡാറ്റ, വോയ്‌സ്, എസ്എംഎസ് സേവനങ്ങൾ ബ്ലോക്ക് ചെയ്യപ്പെടും.
ഇന്ത്യയിലെ സാധാരണ പ്രീപെയ്ഡ് പ്ലാനുകളിൽ നിരക്ക് വർധന നടപ്പിലാക്കുന്നത് സംബന്ധിച്ച് നിലവിൽ എയർടെൽ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. 5ജി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും നെറ്റ്‌വർക്ക് അപ്‌ഗ്രേഡുകൾക്കായും എഐ സേവനങ്ങൾ അവതരിപ്പിക്കുന്നതിനായുമൊക്കെ എയർടെലിന് കൂടുതൽ ഫണ്ട് ആവശ്യമാണ്. ഇതിനായൊക്കെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോൾ ഈ പ്ലാൻ വില വർധന അടക്കം നടത്തിയിരിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

എയർടെലും വിഐയുമാണ് ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളിൽ നിരക്ക് വർധനയ്ക്കായി ഇതിനകം പലതവണ ശബ്ദമുയർത്തിയിട്ടുള്ള കമ്പനികൾ. എന്നാൽ മത്സരം ശക്തമായതിനാൽ, ജിയോ കൂടി തീരുമാനിച്ചാൽ മാത്രമേ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ 2024ൽ നടന്നതുപോലുള്ള ഒരു നിരക്ക് വർധന സാധ്യമാകൂ എന്നതാണ് അവസ്ഥ. ജിയോയും നിരക്ക് വർധനയ്ക്ക് തയാറാകുമോയെന്നും ഈ വർഷം റീച്ചാർജ് വിലകൾ ഉയരുമോയെന്നും കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








