എയർടെൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു; ആനുകൂല്യങ്ങൾ മുൻപ് പരിചയമുള്ളവ തന്നെ!
രാജ്യത്തെ ഏറ്റവും മികച്ച ടെലിക്കോം കമ്പനികളിൽ ഒന്നായ എയർടെൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 869 രൂപയാണ് പുതിയ പ്ലാനിന്റെ നിരക്ക്. ഇതിനോടകം എയർടെൽ വരിക്കാർക്ക് പരിചിതമായ ആനുകൂല്യങ്ങൾ തന്നെയാണ് 869 രൂപയുടെ പ്ലാനിൽ എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട് എന്നുമാത്രം.
എയർടെൽ ഇതിനോടകം തന്നെ 839 രൂപ നിരക്കിൽ ഒരു പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. ആ പ്ലാനിലെ ആനുകൂല്യങ്ങൾ തന്നെയാണ് ഇപ്പോൾ 869 രൂപയുടെ പുതിയ പ്ലാനിലേക്ക് മാറ്റിയിരിക്കുന്നത്. ആനുകൂല്യങ്ങൾ കടമെടുത്തിട്ടുണ്ടെങ്കിലും 839 രൂപയുടെ പ്ലാൻ ഇപ്പോഴും ഉപയോക്താക്കൾക്കായി എയർടെൽ നിലനിർത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

869 രൂപയുടെ പുതിയ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: സാധാരണ പ്രീപെയ്ഡ് പ്ലാനുകളിൽ കാണുന്ന ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ തന്നെയാണ് ഈ പ്ലാനിലും കാണാനാകുക. പ്രതിദിനം 2ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം അൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യവും ഉണ്ട്.
എഫ്യുപി നയപ്രകാരം നിശ്ചിതപരിധി പിന്നിട്ടാൽ ഡാറ്റ വേഗത 64Kbps ആയി കുറയും. ഡാറ്റ, കോളിങ് എന്നിവയ്ക്ക് പുറമേ, ദിവസം 100 എസ്എംഎസും ഉപയോക്താക്കൾക്ക് ലഭിക്കും. ഈ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഉപയോക്താക്കൾ ഏറെ ഇഷ്ടപ്പെടുന്ന ചില അധിക ആനുകൂല്യങ്ങളും പുതിയ പ്ലാനിലുണ്ട്. 3 മാസത്തേക്കുള്ള ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനാണ് അതിൽ ഏറ്റവും ശ്രദ്ധേയം.

അൺലിമിറ്റഡ് 5G ഡാറ്റ, റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയും ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് അധിക ആനുകൂല്യമായി ലഭ്യമാകും. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി എന്നാണ് വിവരം. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇനി ഈ പ്ലാൻ പരിഗണിക്കാവുന്നതാണ്.
839 രൂപയുടെ എയർടെൽ പ്ലാൻ: 839 രൂപയുടെ എയർടെൽ പ്ലാനിലെ ആനുകൂല്യങ്ങൾ തന്നെയാണ് പുതിയ 869 രൂപയുടെ പ്ലാനിലും കാണുന്നത് എന്ന് ഇതിനോടകം പറഞ്ഞു. എന്താണ് 839 രൂപയുടെ ആനുകൂല്യങ്ങൾ എന്നുകൂടി നോക്കാം. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ്, 84 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലുള്ളത്.
അൺലിമിറ്റഡ് 5G ഡാറ്റ, പതിനഞ്ചിലേറെ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന എയർടെൽ എക്സ്ട്രീം പ്ലേ ആക്സസ്, റിവാർഡ്സ്മിനി സബ്സ്ക്രിപ്ഷൻ, അപ്പോളോ 24|7 സർക്കിൾ, ഫ്രീ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളായി ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ.

എയർടെൽ പുതിയതായി അവതരിപ്പിച്ച 869 രൂപ പ്ലാനും നിലവിലുള്ള 839 രൂപ പ്ലാനും തമ്മിലുള്ള പ്രധാന വ്യത്യാസം ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ്. 839 രൂപയോടൊപ്പം വെറും 30 രൂപകൂടി അധികമായി നൽകിയാൽ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ കണ്ടന്റുകൾ ആസ്വദിക്കാൻ സാധിക്കുന്നു.
അടുത്തിടെ 1499 രൂപ നിരക്കിലും എയർടെൽ ഒരു പുതിയ പ്ലാൻ അവതരിപ്പിച്ചിരുന്നു. നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ അടങ്ങുന്നു എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത. 3 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ.
84 ദിവസ വാലിഡിറ്റിയിൽ തന്നെയാണ് 1499 രൂപയുടെ എയർടെൽ പ്ലാനും എത്തുന്നത്. അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് തുടങ്ങിയ അധിക ആനുകൂല്യങ്ങൾ ഈ പ്ലാനിലും നൽകിയിരിക്കുന്നു. ദിവസം 3ജിബി ഡാറ്റയും നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനുമാണ് മുൻപ് പറഞ്ഞ രണ്ട് പ്ലാനുകളും ഈ പ്ലാനും തമ്മിലുള്ള വ്യത്യാസം.


Click it and Unblock the Notifications








