അൺലിമിറ്റഡ് 4G, 5G ഡാറ്റയുള്ള പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് എയർടെൽ
എയർടെൽ (Bharti Airtel) തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റകൾ സഹിതം ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. അടുത്തിടെ തങ്ങളുടെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഒപ്പവും എയർടെൽ അൺലിമിറ്റഡ് ഡാറ്റ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം പ്രീപെയ്ഡ് പ്ലാനുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. 1099 രൂപ വിലയിലാണ് പുതിയ പ്ലാൻ എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. വിഐ നേരത്തെ തന്നെ തങ്ങളുടെ ചില പ്രീപെയ്ഡ് പ്ലാനുകളിൽ അൺലിമിറ്റഡ് ഡാറ്റ നൽകിയിരുന്നു. അതിന് സമാനമായ പ്ലാനാണ് ഇപ്പോൾ എയർടെലും അവതരിപ്പിച്ചിരിക്കുന്നത്.
അൺലിമിറ്റഡ് ഡാറ്റ എന്ന് പറയുമെങ്കിലും പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ കാര്യത്തിൽ കണ്ടതുപോലെ തന്നെ ചില പരിധികൾ ഈ പുതിയ പ്ലാനിലും ഉണ്ട്. അതായത് 28 ദിവസത്തേക്ക് പരമാവധി 300GB ഹൈസ്പീഡ് ഡാറ്റയാണ് ലഭിക്കുക. 28 ദിവസം കഴിഞ്ഞാൽ വീണ്ടും 300ജിബി ഡാറ്റ ലഭ്യമാകും.

1099 രൂപയുടെ എയർടെൽ പ്ലാൻ
അൺലിമിറ്റഡ് വോയ്‌സ് കോളിങ്, അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ (ഓരോ 28 ദിവസത്തിലും 300GB ഹൈസ്പീഡ് ഡാറ്റ), പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 10999 രൂപയുടെ പുതിയ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് പ്ലാൻ എത്തിയിരിക്കുന്നത്.
1099 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആഡ്-ഓൺ ആനുകൂല്യങ്ങളായി സൗജന്യ ഹെലോട്യൂണുകൾ മാത്രമാണ് കാണിക്കുന്നത്. ഇത്ര ഉയർന്ന വിലയുടെ പ്ലാൻ ആയതിനാൽ ഒടിടി സബ്സ്ക്രിപ്ഷൻ കൂടി ഇതിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ കൂടുതൽ ആകർഷകമാകുമായിരുന്നു. പ്രതിദിനം ലഭ്യമായ 100 എസ്എംഎസ് പരിധിക്ക് ശേഷമുള്ള ലോക്കൽ എസ്എംഎസിന് ഒരു രൂപയും എസ്ടിഡിക്ക് 1.5 രൂപയും ഈടാക്കും.

ഇപ്പോൾ എയർടെൽ അവതരിപ്പിച്ച പ്ലാനിന് സമാനമായി അൺലിമിറ്റഡ് 4ജി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ വൊഡാഫോൺ ഐഡിയ വളരെ നാളുകളായി കേരളത്തിൽ ഉൾപ്പെടെ ലഭ്യമാക്കിയിട്ടുണ്ട്. നോൺസ്റ്റോപ് ഹീറോ പ്ലാനുകൾ എന്ന വിഭാഗത്തിലാണ് ഈ പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 28 ദിവസത്തേക്ക് 300GB ഹൈസ്പീഡ് ഡാറ്റ എന്ന പരിധി ഈ വിഐ പ്ലാനുകളിലും ഉണ്ട്.
കേരളത്തിൽ വിഐയുടെ ഏറ്റവും കുറഞ്ഞ വിലയിലുള്ള നോൺസ്റ്റോപ് ഹീറോ പ്ലാൻ 398 രൂപ വിലയിൽ ആണ് ലഭ്യമായിട്ടുള്ളത്. അൺലിമിറ്റഡ് ഡാറ്റ, (4G/ 5G), അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ അടങ്ങുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
വിഐയുടെ മറ്റ് നോൺസ്റ്റോപ് ഹീറോ പ്ലാനുകൾ 449 രൂപ, 698 രൂപ, 1048 രൂപ, 1599 രൂപ എന്നീ വിലകളിൽ ലഭ്യമാകുന്നു. 449 രൂപയുടെ പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ എത്തുന്നു, ഇതിൽ വിഐ മൂവീസ് ആൻഡ് ടിവി വഴി നിരവധി ഒടിടി സബ്സ്ക്രിപ്ഷുകളും അടങ്ങുന്നുണ്ട്.

698 രൂപയുടെ വിഐ നോൺസ്റ്റോപ് ഹീറോ പ്ലാനിൽ 56 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭിക്കും. ഇപ്പോൾ എയർടെൽ അവതരിപ്പിച്ച 1099 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങളോട് സമാനമായ ആനുകൂല്യങ്ങൾ വിഐയുടെ 1048 രൂപ നോൺസ്റ്റോപ് ഹീറോ പ്ലാനിലുണ്ട്. 1599 രൂപയുടെ വിഐ പ്ലാനും 84 ദിവസ വാലിഡിറ്റിയിൽ എത്തുന്നുവെങ്കിലും ഒടിടി സബ്സ്ക്രിപ്ഷൻ അടങ്ങുന്നു എന്നതാണ് അതിന്റെ പ്രത്യേകത.


Click it and Unblock the Notifications








