അങ്ങോട്ടും വേണ്ട, ഇങ്ങോട്ടും വേണ്ട, ഒരു 45 ദിവസ വാലിഡിറ്റി തരും! പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയർടെൽ
ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ രണ്ടാമനായ എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലേക്ക് പുത്തൻ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 279 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. എയർടെൽ പ്ലാനുകളിൽ വാലിഡിറ്റിക്കായി കൂടുതൽ തുക മുടക്കേണ്ടി വരുന്നു എന്നൊരു ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇത് കൂടി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് എയർടെൽ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. വാലിഡിറ്റിയുടെ കാര്യത്തിൽ എയർടെൽ അടുത്തിടെയായി കുറച്ച് ശ്രദ്ധ കാണിച്ചുതുടങ്ങിയിട്ടുണ്ട് എന്ന തോന്നലും പുതിയ പ്ലാൻ സൃഷ്ടിച്ചിട്ടുണ്ട്. എയർടെൽ തങ്ങളുടെ പ്ലാനുകളുടെ പട്ടികയിലേക്ക് പുതിയ 279 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നിശബ്ദമായിട്ടാണ് ചേർത്തിരിക്കുന്നത്.
എയർടെല്ലിൻ്റെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും 279 രൂപയുടെ പ്ലാൻ ഇപ്പോൾ കാണാം. ഇത് ഒരു പ്രത്യേക പ്ലാനാണ്, കാരണം ഇത് കുറഞ്ഞ ചിലവിൽ വാലിഡിറ്റി നൽകുന്നു. യഥാർഥത്തിൽ ഇത് ഒരു പഴയ പ്ലാൻ ആണ്. ഇത്തരം ചില പ്ലാനുകൾ വീണ്ടും പുതുക്കി അവതരിപ്പിക്കുന്നത് എയർടെൽ ഇപ്പോൾ ശീലമാക്കിയിട്ടുണ്ട്.

279 രൂപയുടെ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 600 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 45 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ലഭ്യമാകുന്ന ഡാറ്റയുടെ അളവ് കുറവാണ് എന്നതാണ് ഈ പ്ലാനിൽ ശ്രദ്ധിക്കേണ്ട ഒരു വസ്തുത.
45 ദിവസത്തേക്ക് 279 രൂപയുടെ ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ശരാശരി പ്രതിദിന ചെലവ് 6.2 രൂപയാണ്. എയർടെലിന്റെ സാധാരണ നിരക്കുകൾ വച്ച് നോക്കിയാൽ ഇത് ഒട്ടും കൂടുതലല്ല. എങ്കിലും ആകെയുള്ള 2ജിബി ഡാറ്റ തീർന്നാൽ 19 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കേണ്ടിവരും.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ചില അധിക ആനുകൂല്യങ്ങളും 279 രൂപയുടെ പ്ലാനിൽ ലഭ്യമാകും. അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് തുടങ്ങിയവ ആണ് അവ. ഡാറ്റ അധികം ഉപയോഗിക്കാത്ത, കുറഞ്ഞ ചിലവിൽ സിം വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്ന എയർടെൽ വരിക്കാർക്ക് ഈ പുതിയ പ്ലാൻ അനുയോജ്യമാണ്.
അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നതിനാൽ കോളിങ് ആവശ്യങ്ങൾ സുഗമമായി നടക്കും. അത്യാവശ്യം കുറച്ച് ഡാറ്റ ആവശ്യമുണ്ടെങ്കിൽ വേണമെങ്കിൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിച്ചാൽ മതി. സാധാരണഗതിയിൽ 30 ദിവസ വാലിഡിറ്റിയുള്ള എയർടെൽ പ്ലാനിന് തന്നെ 250 രൂപയ്ക്ക് മുകളിൽ ചിലവ് വരും. അങ്ങനെ നോക്കുമ്പോൾ 45 ദിവസ വാലിഡിറ്റിയിൽ 279 രൂപ പ്ലാൻ ലാഭകരമാണ്.
അടുത്തിടെ 395 രൂപ നിരക്കിൽ എയർടെൽ ഒരു പുതിയ പ്ലാൻ അവതരിപ്പിച്ചു. 56 ദിവസമായിരുന്നു ഈ പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ അവതരിപ്പിച്ച് ദിവസങ്ങൾക്കകം എയർടെൽ ഈ പ്ലാനിന്റെ വാലിഡിറ്റി 70 ദിവസമായി വർധിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, അപ്പോഴും ഇതേ നിരക്കിൽ ജിയോ നൽകുന്ന വാലിഡിറ്റിയുടെ അടുത്തെങ്ങും എയർടെൽ എത്തുന്നില്ല. 395 രൂപയ്ക്ക് 84 ദിവസ വാലിഡിറ്റിയാണ് ജിയോ നൽകുന്നത്.

ആകെ 6 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 600 എസ്എംഎസ് എന്നിവയാണ് എയർടെല്ലിൻ്റെ 395 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ. 395 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 56ൽ നിന്ന് 70 ആയി ഉയർത്തിയതോടെ അതിന്റെ പ്രതിദിന ചെലവ് 7.05 രൂപയിൽ നിന്ന് 5.64 രൂപയായി കുറഞ്ഞു. എന്നാൽ ജിയോയുടെ 395 രൂപയുടെ പ്ലാനിൽ പ്രതിദിനം 4.70 രൂപ മാത്രമാണ് ചെലവ്.


Click it and Unblock the Notifications








