ഉണ്ടായിരുന്നത് കളഞ്ഞു, തിരിച്ചുകൊണ്ടുവന്നത് 'വേറെ മാതിരി'; 99 രൂപയുടെ പുതിയ പ്ലാനുമായി എയർടെൽ!
ഇന്ത്യൻ ടെലിക്കോം രംഗത്ത് രണ്ടാമനായ എയർടെൽ തങ്ങളുടെ വരിക്കാർക്കായി വ്യത്യസ്തങ്ങളായ നിരവധി പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ചില പ്ലാനുകൾ കാണുമ്പോൾ നമുക്ക് തോന്നും ഇത്തരമൊരു പ്ലാനിന്റെ ആവശ്യം ഉണ്ടോ എന്ന്. എന്നാൽ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടുന്നവയാകും ഈ പ്ലാനുകൾ എന്നതാണ് സത്യം.
അതിനാൽത്തന്നെ എയർടെലിന്റെ എല്ലാ പ്ലാനുകൾക്കും, അതിപ്പോൾ ഡാറ്റ പ്ലാനുകളായാലും വാലിഡിറ്റി കേന്ദ്രീകരിച്ചുള്ള പ്ലാനുകളായാലും ഒടിടി സബ്സ്ക്രിപ്ഷൻ കേന്ദ്രീകരിച്ചുള്ള പ്ലാനായാലും ശരി, സന്തോഷത്തോടെ ഏറ്റെടുക്കുന്ന നിരവധി വരിക്കാരുണ്ട്. എയർടെൽ പ്ലാനുകൾ പൊതുവെ നിരക്കിന്റെ കാര്യത്തിൽ അൽപ്പം മുന്നിലാണോ എന്ന് പലരും സംശയം ഉയർത്താറുണ്ട്.

എന്നാൽ മുടക്കുന്ന കാശിന് തക്ക മൂല്യം തിരിച്ചു നൽകുന്നവയാണ് എയർടെൽ പ്ലാനുകൾ എന്നതാണ് അതിനുള്ള മറുപടിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വരിക്കാർക്കായി വൈവിധ്യമുള്ള പ്ലാനുകൾ അവതരിപ്പിക്കാറുള്ള എയർടെൽ ഇപ്പോൾ പുതിയൊരു പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. 99 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. 99 രൂപ എന്നത് എയർടെൽ വരിക്കാർക്ക് ഏറെ പരിചിതമായൊരു സംഖ്യയാണ്.
കാരണം, എയർടെലിന്റെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ നിരക്ക് കുറച്ച് നാൾ മുമ്പ് വരെ 99 രൂപ ആയിരുന്നു. എന്നാൽ അപ്രഖ്യാപിത നിരക്കുവർധനയുടെ ഭാഗമായി എയർടെൽ 99 രൂപയുടെ പ്ലാൻ നിർത്തലാക്കുകയും പകരം 155 രൂപയുടെ പ്ലാൻ അടിസ്ഥാന പ്രീപെയ്ഡ് പ്ലാനായി മാറ്റുകയും ചെയ്തു. പല ടെലിക്കോം സർക്കിളുകളിലും ഘട്ടം ഘട്ടമായിട്ടായിരുന്നു ഈ മാറ്റം നടപ്പാക്കിയത്.
ഒറ്റയടിക്ക് എല്ലാ സർക്കിളുകളിലും പിൻവലിക്കുന്നത് തിരിച്ചടിയാകുമെന്ന് ഭയന്നാകാം എയർടെൽ തന്ത്രപരമായി ചില സർക്കിളുകളിൽ ആദ്യം ഈ തന്ത്രം പരീക്ഷിക്കുകയും പിന്നീട് കുഴപ്പമില്ല എന്നുകണ്ട് മറ്റ് സർക്കിളുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തത്. എന്തായാലും 99 രൂപയുടെ പ്ലാൻ നിർത്തലാക്കിയ എയർടെൽ മാസങ്ങൾക്കിപ്പുറം മറ്റൊരു രൂപത്തിൽ പുതിയൊരു 99 രൂപയുടെ പ്ലാനുമായി എത്തിയിരിക്കുകയാണ്.
എന്നാൽ മുൻപുണ്ടായിരുന്ന 99 രൂപ പ്ലാൻ പോലെ കോളിങ്, ഡാറ്റ, എസ്എംഎസ്, നിശ്ചിത ദിവസത്തെ വാലിഡിറ്റി എന്നിവ നൽകുന്ന ഒരു പ്ലാൻ ആണ് ഇതെന്ന് ധരിക്കരുത്. യഥാർഥത്തിൽ എയർടെലിന്റെ പുതിയ 99 രൂപ പ്ലാൻ ഒരു ഡാറ്റ പ്ലാൻ ആണ്. 100 രൂപയിൽ താഴെ നിരക്കിൽ 'അൺലിമിറ്റഡ്' ഡാറ്റ കിട്ടുന്ന ഒരു ഡാറ്റ പ്ലാൻ!
പുതിയ എയർടെൽ 99 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ: ഉപയോക്താക്കളിൽനിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനായി എയർടെൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഡാറ്റ പ്ലാൻ ആണ് 99 രൂപയുടേത്. മറ്റ് ഡാറ്റ പ്ലാനുകൾ പോലെ തന്നെ ഈ പ്ലാനും ഉപയോഗിക്കണമെങ്കിൽ ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരിക്കണം.

അടിസ്ഥാന പ്ലാനുകൾക്കൊപ്പം ഡാറ്റ ലഭ്യമാണെങ്കിലും പലപ്പോഴും അടിയന്തരമായി അധിക ഡാറ്റ വേണ്ടിവരാറുണ്ട്. അത്തരം ഘട്ടങ്ങളിൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനായാണ് എയർടെൽ 99 രൂപയുടെ അൺലിമിറ്റഡ് ഡാറ്റ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റ എന്നാണ് പറയുന്നത് എങ്കിലും ദിവസം 30ജിബി ഡാറ്റ മാത്രമാണ് ഹൈസ്പീഡിൽ ലഭ്യമാകുക.
30ജിബി ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്നും ഡാറ്റ ലഭിക്കുമെങ്കിലും എഫ്യുപി നയപ്രകാരം വേഗത 64 കെബിപിഎസ് ആയി കുറയും. ഈ പ്ലാൻ തെരഞ്ഞെടുക്കും മുമ്പ് ഏറ്റവുമാദ്യം അറിഞ്ഞിരിക്കേണ്ട കാര്യം, ഒരു ദിവസത്തെ വാലിഡിറ്റിയാണ് ഈ 99 രൂപ പ്ലാനിനുള്ളത് എന്നതാണ്. ഒറ്റയടിക്ക് വലിയ അളവിൽ ഡാറ്റ വേണ്ടവർക്കാണ് ഈ പ്ലാൻ പ്രയോജനപ്പെടുക എന്ന് സാരം!
അപ്രതീക്ഷിതമായി വലിയ അളവിൽ ഡാറ്റ വേണ്ടിവരുന്ന എയർടെൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ ഡാറ്റ പ്ലാൻ ഏറെ ഗുണം ചെയ്യും. എയർടെലിന്റെ സൗജന്യ 5ജി ഉപയോഗിക്കുന്ന ആളുകൾക്ക് പോലും ഈ പ്ലാൻ ചിലപ്പോൾ ഉപയോഗപ്പെടും. അതായത് 5ജി ഏരിയയ്ക്ക് പുറത്തുവച്ച് ഡാറ്റ ആവശ്യങ്ങൾ നിറവേറ്റേണ്ട ഘട്ടത്തിൽ ഈ പ്ലാൻ ഉപയോഗപ്പെടുത്താവുന്നതാണ്.


Click it and Unblock the Notifications








