വീട്ടിൽ ഇനി 5ജി ഡാറ്റാ പൂരം! എക്സ്ട്രീം എയർഫൈബർ പുറത്തിറക്കി എയർടെൽ! ഇന്ത്യയിലെ ആദ്യ 5ജി എഫ്ഡബ്ലുഎ
ഇന്ത്യയിൽ ആദ്യമായി 5ജി എഫ്ഡബ്ലുഎ ( ഫിക്സഡ്- വയർലെസ് ആക്സസ് ) സേവനം ആരംഭിച്ച് എയർടെൽ. എക്‌സ്ട്രീം എയർഫൈബർ എന്നാണ് എയർടെൽ ഈ സർവീസിന് പേര് നൽകിയിരിക്കുന്നത്. വീടുകളിൽ ഉൾപ്പെടെ 5ജി സേവനങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്ന പോർട്ടബിൾ എക്‌സ്‌ട്രീം എയർഫൈബർ 5ജി റൂട്ടറും എയർടെൽ പുറത്തിറക്കി.
എക്സ്ട്രീം എയർഫൈബർ പുറത്തിറക്കിയ എയർടെൽ ഇന്ത്യൻ ടെലിക്കോം മേഖലയെ ആകെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. വീടുകളിൽ ഉൾപ്പെടെ 5ജി സേവനങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്ന പോർട്ടബിൾ 5ജി റൂട്ടർ ആണ് എയർടെൽ എക്സ്ട്രീം. എന്നാൽ ഇത്തരമൊരു ഡിവൈസ് പുറത്തിറക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് റിലയൻസ് ജിയോയാണ്.

എന്നാൽ പ്രഖ്യാപനങ്ങൾക്കപ്പുറം, ജിയോയുടെ എയർഫൈബർ ഡിവൈസ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഈ മാസം നടക്കുന്ന റിലയൻസ് വാർഷിക ജനറൽ മീറ്റിങ്ങിൽ (എജിഎം 2023) ജിയോയുടെ എയർഫൈബർ പുറത്തിറങ്ങും എന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷേ, അതിനും മുമ്പേ തങ്ങളുടെ എയർഫൈബർ സേവനം ആരംഭിച്ച് എയർടെൽ മറ്റൊരു നേട്ടം കൂടി തങ്ങളുടെ പേരിൽ എഴുതിച്ചേർക്കുകയായിരുന്നു.
എയർടെൽ എക്‌സ്ട്രീം എയർഫൈബർ: Wi-Fi 6 സാങ്കേതികവിദ്യയെ പിന്തുണയ്‌ക്കുന്ന ഒരു പ്ലഗ്-ആൻഡ്- പ്ലേ ഡിവൈസ് ആണ് എയർടെൽ എക്‌സ്ട്രീം എയർഫൈബർ എന്ന് കമ്പനി പറയുന്നു. ഇത് വിശാലമായ ഇൻഡോർ കവറേജ് നൽകുമെന്നും ഒരേ സമയം 64 ഉപകരണങ്ങളുമായി കണക്ട് ചെയ്യാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.
5ജി ഫിക്സഡ് വയർലെസ് ആക്സസ് സേവനം ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടമാണ് എയർടെൽ സ്വന്തമാക്കിയിരിക്കുന്നത്. 5ജി രംഗത്ത് അപ്രഖ്യാപിതമായൊരു മത്സരം ജിയോയും എയർടെലും തമ്മിൽ നടക്കുന്നുണ്ട്. 5ജി ആരംഭത്തിൽ തുടങ്ങി 5ജി വ്യാപനത്തിലൂടെ അത് ഇപ്പോൾ 5ജി എഫ്ഡബ്ലുഎ സർവീസ് വരെ എത്തിനിൽക്കുന്നു.
ഇന്ത്യയിൽ ആദ്യം 5ജി സേവനങ്ങൾ ആരംഭിക്കുക റിലയൻസ് ജിയോ ആയിരിക്കുമെന്ന് ഏവരും കരുതിയിരുന്ന സമയത്ത്, രാജ്യം 5ജിയിലേക്ക് ചുവടുവച്ച ദിവസം തന്നെ 8 ഇന്ത്യൻ നഗരങ്ങളിൽ 5ജി ആരംഭിച്ചതായി പ്രഖ്യാപിച്ച്, രാജ്യത്ത് ആദ്യമായി 5ജി സേവനങ്ങൾ ആരംഭിച്ച ടെലിക്കോം കമ്പനി എന്ന ചരിത്ര നേട്ടം എയർടെൽ കുറിച്ചിരുന്നു.
ഇപ്പോഴും അതേ തന്ത്രം തന്നെയാണ് എയർടെൽ പുറത്തെടുത്തിരിക്കുന്നത്. ജിയോയ്ക്ക് ഒരു മുഴം മുന്നേ സേവനങ്ങൾ അവതരിപ്പിച്ച് ആളുകളുടെ മനസിൽ ഇടംപിടിക്കാൻ എയർടെൽ പോരാടുന്നു. 8 നഗരങ്ങളിൽ 5ജി ആരംഭിച്ചാണ് എയർടെൽ ആദ്യം ജിയോയെ പിന്നിലാക്കിയതെങ്കിൽ, ഇവിടെ തുടക്കത്തിൽ രണ്ട് നഗരങ്ങളിൽ മാത്രം 5ജി എഫ്ഡബ്ലുഎ സേവനം ആരംഭിച്ചുകൊണ്ടാണ് ജിയോയെ പിന്നിലാക്കിയിരിക്കുന്നത്.
ഡൽഹിയും മുംബൈയുമാണ് തുടക്കത്തിൽ എയർടെൽ എക്‌സ്ട്രീം എയർഫൈബർ സേവനങ്ങൾ ലഭ്യമായിരിക്കുന്ന ഇന്ത്യൻ നഗരങ്ങൾ. ഈ നഗരങ്ങളിലെ സേവനത്തിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് തങ്ങളുടെ എക്സ്ട്രീം എയർഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കും എന്നാണ് എയർടെൽ പറയുന്നത്. എക്‌സ്ട്രീം എയർഫൈബറിനായുള്ള പ്ലാനുകളും എയർടെൽ പുറത്തിറക്കിയിട്ടുണ്ട്.
തുടക്കത്തിൽ 100 എംബിപിഎസിന്റെ ഒരു ഹൈ-സ്പീഡ് പ്ലാൻ മാത്രമേ എയർടെൽ അവതരിപ്പിക്കുന്നുള്ളൂ. ഈ 100 Mbps എയർടെൽ എക്‌സ്ട്രീം എയർഫൈബർ പ്ലാൻ പ്രതിമാസം 799 രൂപ നിരക്കിലാണ് എത്തുന്നത്. തുടക്കത്തിൽ ആറു മാസ കാലയളവിലേക്കുള്ള (അർദ്ധവാർഷിക) പ്ലാൻ മാത്രമേ ലഭ്യമാകൂ. ആരംഭമെന്ന നിലയിൽ ഉപയോക്താക്കൾക്ക് 7.5% ഡിസ്കൗണ്ട് ലഭിക്കും.
ഈ പ്ലാനിന് ഏതാണ്ട് 4,435 രൂപ ചെലവാകും. സിപിഇയ്ക്കായി ഉപയോക്താവ് 2500 രൂപ സെക്യൂരിറ്റി അടയ്ക്കണം. പ്രതിമാസ നിരക്കിൽ ഈ പ്ലാൻ തിരഞ്ഞെടുക്കാനുള്ള സൗകര്യം പിന്നീട് മാത്രമേ ലഭ്യമാകൂ. എയർടെലിന്റെ ബ്രോഡ്ബാൻഡ് സേവനമായ എയർടെൽ എക്‌സ്‌ട്രീം ഫൈബറിന്റെയും എയർടെൽ എക്സ്ട്രീം എയർ ഫൈബറിന്റെയും 100 എംബിപിഎസ് പ്ലാനുകളുടെ നിരക്ക് പ്രതിമാസം 799 രൂപതന്നെയാണ്.

എന്നാൽ എക്‌സ്‌ട്രീം എയർഫൈബർ ഉപയോക്താക്കൾക്ക് ഒരു എഫ്ഡബ്ലുഎ ഡിവൈസ് ലഭിക്കും. ഇത് യാത്രയ്ക്കിടയിലും കൊണ്ടുപോകാനും ഒരുപാട് ഉപകരണങ്ങൾ കണക്ട്ചെയ്യാനും സാധിക്കും. എയർടെൽ എക്‌സ്ട്രീം എയർഫൈബർ സേവനത്തിനായി എഫ്ഡബ്ലുഎ ഡിവൈസ് വാങ്ങുക എന്നതാണ് ആദ്യപടി. തുടർന്ന് ഫോണിൽ എക്സ്ട്രീം എയർഫൈബർ ആപ്പ് ഡൗൺലോഡ് ചെയ്യണം. തുടർന്ന് ആപ്പ് ഉപയോഗിച്ച് ഡിവൈസിലെ ക്യുആർ കോഡ് സ്കാൻ ചെയ്യണം.
ഇങ്ങനെ വളരെ ലളിതമായി ഉപയോക്താക്കൾക്ക് തന്നെ ഈ ഡിവൈസ് സജ്ജീകരിക്കാം. ''ഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കാൻ ഭൂമിശാസ്ത്രപരമായ ഏറെ വെല്ലുവിളികളുണ്ട്. അതിനാൽ ഇന്ത്യയിലെ പല വീടുകളിലും ഇപ്പോഴും ഇന്റർനെറ്റ് ലഭ്യമായിട്ടില്ല. ഈ വിടവ് നികത്താനാണ് എയർഫൈബറിലൂടെ തങ്ങൾ ശ്രമിക്കുന്നത് എന്ന് എയർടെൽ പറയുന്നു.
എയർടെൽ എക്‌സ്ട്രീം എയർഫൈബർ 5ജിയുടെ രാജ്യവ്യാപക റോൾഔട്ട് ഉടൻ തന്നെ ഉണ്ടാകുമെന്നും ഇതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നതായും ഭാരതി എയർടെൽ കൺസ്യൂമർ ബിസിനസ് ഡയറക്ടർ ശാശ്വത് ശർമ്മ പറഞ്ഞു. "മെയ്ക്ക് ഇൻ ഇന്ത്യ" പ്രോഗ്രാമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ എക്‌സ്ട്രീം എയർഫൈബർ ഡിവൈസുകളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്നും എയർടെൽ അറിയിച്ചു.


Click it and Unblock the Notifications








