''ശേഷിയുള്ളവരിൽ നിന്ന് കൂടുതൽ പണം ഈടാക്കണം''; വീണ്ടും റീച്ചാർജ് നിരക്ക് വർധന ആഗ്രഹം പ്രകടിപ്പിച്ച് എയർടെൽ
ഇന്ത്യയിലെ റീച്ചാർജ് നിരക്കുകളെ കുറിച്ച് കമ്പനികൾക്ക് ഒരു വാദവും ഉപയോക്താക്കൾക്ക് മറ്റൊരു വാദവുമാണ് ഉള്ളത്. ഇന്ത്യയിൽ ഏറ്റവും ഒടുവിൽ ഔദ്യോഗികമായി നിരക്ക് വർധന നടപ്പാക്കിയത് 2024 ജൂലൈയിൽ ആയിരുന്നു. അന്ന് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നീ കമ്പനികളാണ് നിരക്ക് കൂട്ടിയത്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ നിരക്ക് വർധനയിൽ നിന്ന് വിട്ടുനിന്നു. ഈ നിരക്ക് വർധന അനാവശ്യമായിരുന്നു എന്നും ടെലിക്കോം കമ്പനികൾ കൊള്ള നിരക്കാണ് ഈടാക്കുന്നത് എന്നുമാണ് ഉപയോക്താക്കളിൽ ഭൂരിഭാഗം പേരും കരുതുന്നത്.
അതേസമയം ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളായ എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവർ കരുതുന്നത് ഇന്ത്യയിൽ ടെലിക്കോം നിരക്ക് ഏറ്റവും കുറവാണ്, ഇനിയും വർധിപ്പിക്കേണ്ടതുണ്ട്, അതിനായി ഇനിയും നിരക്ക് പരിഷ്കരണം ആവശ്യമാണ് എന്നാണ്. ജൂലൈയിലെ നിരക്കുവർധനയ്ക്ക് ശേഷം പല തവണ എയർടെൽ, വിഐ അധികൃതർ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ ടെലിക്കോം നിരക്ക് സംബന്ധിച്ച തങ്ങളുടെ വാദം ഒരിക്കൽക്കൂടി എയർടെൽ മുന്നോട്ട് വച്ചിട്ടുണ്ട്. ഇന്ത്യയിൽ നിരക്കുകൾ പരിഷ്കരിക്കണം എന്നുതന്നെയാണ് എയർടെൽ ഇപ്പോഴും പറയുന്നത്. പണം മുടക്കാൻ ശേഷിയുള്ളവരിൽ നിന്ന് കൂടുതൽ പണം ഈടാക്കണം എന്നാണ് എയർടെൽ ഇപ്പോൾ മുന്നോട്ട് വച്ച പ്രധാന വാദം. അതായത് നിലവിൽ ഇന്ത്യയിൽ എല്ലാവർക്കും ഒരേ നിരക്കാണ്, അത് മാറ്റണം എന്ന്.
"ഇന്ത്യയിലെ മൊബൈൽ താരിഫ് ആഗോളതലത്തിൽ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നായി തുടരുന്നു, കൂടുതൽ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ഇന്ത്യയിലെ നിലവിലെ ടെലികോം താരിഫ് ഘടന ശരിയല്ലെന്നും ഒരേ വിലയ്ക്ക് ലഭിക്കുന്ന വിലനിർണ്ണയ മാതൃകയാണെന്നും ഞങ്ങൾ പറഞ്ഞിട്ടുണ്ട്, ഇത് വളർച്ചയ്ക്ക് അനുയോജ്യമല്ല, മറ്റേതെങ്കിലും വിപണിയുമായി പൊരുത്തപ്പെടുന്നില്ല." എന്നാണ് എയർടെൽ എംഡിയും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറയുന്നത്.

"വ്യവസായത്തിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഭാവിയിലെ നിക്ഷേപങ്ങൾ നിലനിർത്തുന്നതിനും താരിഫ് ആർക്കിടെക്ചർ പുനഃക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ചില പായ്ക്കുകളിലെ ഡാറ്റ അലവൻസുകൾ കുറയ്ക്കുകയും പണമടയ്ക്കാൻ കഴിയുന്നവരിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കുകയും ചെയ്യുക എന്നതാണ് ഇതിനർത്ഥം," എന്നും ഗോപാൽ വിറ്റൽ പറയുന്നുണ്ട്. അതിനർഥം പണമുള്ളവർ മാത്രം ഉയർന്ന നിലയ്ക്ക് സേവനങ്ങൾ ആസ്വദിച്ചാൽ മതി എന്നുകൂടിയാണ്.
എയർടെൽ പറയുന്ന ഈ നിലയ്ക്കുള്ള നിരക്ക് പരിഷ്കരണം നടപ്പായാൽ ഡാറ്റ സേവനങ്ങൾക്ക് വില വളരെ കൂടുകയും ഉയർന്ന നിലയിൽ റീച്ചാർജിനായി പണം ചെലവഴിക്കാൻ ശേഷിയുള്ളവർക്ക് മാത്രം ഡാറ്റ സേവനങ്ങൾ ലഭ്യമാകുകയും ചെയ്യുന്ന ഒരു നില വരും. അത്തരം ഒരു സാഹചര്യമാണ് എയർടെൽ സ്വപ്നം കാണുന്നത്.
എയർടെൽ മാത്രമല്ല, വൊഡാഫോൺ ഐഡിയയും നിരക്ക് വർധന വേണം എന്ന ആഗ്രഹക്കാർ തന്നെയാണ്. നിലവിൽ ഇന്ത്യയിലെ നിരക്കുകൾ മറ്റ് രാജ്യങ്ങളിലെ നിരക്കുകളെ അപേക്ഷിച്ച് വളരെ കുറവാണ് എന്നാണ് വിഐയും പറയുന്നത്. അതിനാൽ ടെലിക്കോം കമ്പനികളുടെ വരുമാനം ഉയരുകയും ടെലിക്കോം മേഖല വളരുകയും ചെയ്യണമെങ്കിൽ നിരക്ക് വർധന അനിവാര്യമാണ് എന്ന് വിഐയും വാദിക്കുന്നു.

എന്നാൽ നിരക്ക് വർധന ശക്തമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ എയർടെലിനും വിഐക്കും അത് നടപ്പാക്കാൻ സാധിക്കില്ല. അതിന് കാരണം റിലയൻസ് ജിയോ ആണ്. നിരക്ക് വർധനയെപ്പറ്റി ജിയോ ഇതുവരെ എവിടെയും മനസ് തുറന്നിട്ടില്ല. മാത്രമല്ല, ഈ രണ്ട് കമ്പനികൾ നൽകുന്നതിനെക്കാൾ അൽപ്പം വിലക്കുറവ് പല ജിയോ പ്ലാനുകളിലും കാണുകയും ചെയ്യാം.
ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് ജിയോ. അതിനാൽത്തന്നെ ജിയോയുടെ തീരുമാനത്തിന് വലിയ പ്രാധാന്യമുണ്ട്. നിരക്ക് വർധന എന്ന ആഗ്രഹം ഇതുവരെ ജിയോ പ്രകടിപ്പിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യയിലെ ടെലിക്കോം വരിക്കാർ ഭയപ്പെടേണ്ടതില്ല. ജിയോ കൂടി സമ്മതിക്കാതെ സ്വന്തം നിലയ്ക്ക് നിരക്ക് ഉയർത്താൻ വിഐയും എയർടെലും തയാറാകില്ല. അങ്ങനെ തയാറായാൽ അതിന്റെ നേട്ടം ജിയോയ്ക്കും കോട്ടം അവർക്കുമായിരിക്കും എന്ന ബോധ്യം ഈ രണ്ട് കമ്പനികൾക്കുമുണ്ട്.


Click it and Unblock the Notifications







