കോപ്പിയടിച്ചാൽ ഇങ്ങനെയിരിക്കും! വിഐയെ 'ചവിട്ടി' ജിയോയുടെ ലെവലിലേക്ക് വളർന്ന് എയർടെൽ
ഇന്ത്യൻ ടെലിക്കോം വിപണിയിലെ പ്രധാന ശക്തികളാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവ. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളം എന്ന് പറഞ്ഞതുപോലെയാണ് ഇപ്പോൾ ഇന്ത്യൻ ടെലിക്കോം വിപണിയിൽ കാര്യങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ ആണ് ഒന്നാമൻ. എയർടെൽ രണ്ടാമതും വിഐ മൂന്നാമതും ബിഎസ്എൻഎൽ നാലാമതുമാണ്. എന്നാൽ വരിക്കാരുടെ എണ്ണത്തെക്കാളുപരി മികച്ച തന്ത്രങ്ങൾ പയറ്റുന്ന എയർടെൽ ഇപ്പോൾ വരുമാനത്തിന്റെ കാര്യത്തിൽ റിലയൻസ് ജിയോയുടെ ലെവലിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു എന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിലെ ഒന്നാമത്തെ വലിയ കമ്പനിയായ റിലയൻസ് ജിയോയും രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെലും തമ്മിലുള്ള വരുമാന അന്തരം കുറഞ്ഞുവരുന്നതായി പുതിയ റിപ്പോർട്ട്. വരുമാന വിപണി വിഹിതത്തിൽ (revenue market share- RMS) ജിയോയുമായുള്ള അന്തരം കുറയ്ക്കാൻ എയർടെലിന് കഴിഞ്ഞിരിക്കുന്നു. അതായത് എയർടെലിന്റെ വരുമാനം കൂടിയിരിക്കുന്നു.

ടെലിക്കോം വിപണിയെ സംബന്ധിച്ചിടത്തോളം RMS ഒരു പ്രധാന ഘടകമാണ്. വിപണിയിൽ നിന്ന് എത്രത്തോളം മൂല്യം പിടിച്ചെടുക്കാൻ കഴിയുമെന്ന് മനസ്സിലാക്കാൻ ടെലിക്കോം കമ്പനികൾ RMS-നെ ഒരു പ്രധാന മാനദണ്ഡമായി കാണുന്നു. ജിയോയുടെ RMS 42% QoQ- (Quarter on Quarter) -യിൽ സ്ഥിരത പുലർത്തുന്നു.
എന്നാൽ, ജിയോ വരുമാനത്തിന്റെ കാര്യത്തിൽ സ്ഥിരതപുലർത്തുമ്പോൾ, എയർടെൽ മികച്ച വളർച്ചയാണ് കാഴ്ചവച്ചിരിക്കുന്നത്. 100 ബേസിസ് പോയിന്റുകളുടെ അല്ലെങ്കിൽ 1% QoQ- പുരോഗതിയും 2.2% വാർഷിക വളർച്ചയും ഈ സാമ്പത്തിക വർഷത്തിന്റെ (FY25-ന്റെ) മൂന്നാം പാദത്തിൽ എയർടെൽ കാഴ്ചവച്ചു. എയർടെല്ലിന്റെ വരുമാനം വളരാനുള്ള ഒരു കാരണം ജൂലൈയിൽ നടപ്പാക്കിയ നിരക്ക് വർധനവാണ്.

നിരക്ക് വർധനയ്ക്ക് പുറമേ, എയർടെലിന്റെ വരുമാനം വർധിക്കാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഉയർന്ന വരുമാനമുള്ളതും മികച്ച രീതിയിൽ പണമിറക്കി റീച്ചാർജ് ചെയ്യാൻ കഴിവുള്ളവരുമായ വരിക്കാരെ സ്വന്തമാക്കാൻ എയർടെലിന് കഴിഞ്ഞു എന്നതാണ്. ജിയോയുടെയും എയർടെലിന്റെയും മാർക്കറ്റ് തന്ത്രങ്ങൾ വളരെ വ്യത്യസ്തമാണ്. അതും വരുമാനത്തിൽ പ്രധാന ഘടകമാണ്.
ജിയോ എയർടെലിനെക്കാൾ കുറച്ചുകൂടി താങ്ങാനാകുന്ന നിരക്കിലാണ് പ്ലാനുകൾ ലഭ്യമാക്കുന്നത്. അതിനാൽത്തന്നെ കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ജിയോയ്ക്ക് കഴിയുന്നു. കൂടുതൽ വരിക്കാരിൽ നിന്ന് കുറച്ചുവീതം വരുമാനം നേടി ജിയോ മുന്നിൽ നിൽക്കുന്നു. എന്നാൽ ഓരോ വരിക്കാരനിൽ നിന്നും പരമാവധി വരുമാനം ഉറപ്പാക്കുക എന്നതാണ് എയർടെൽ തന്ത്രം. അതിനാൽ ഉള്ള വരിക്കാരിൽനിന്ന് പരമാവധി വരുമാനം നേടാൻ എയർടെൽ ശ്രമിക്കുമ്പോൾ ഫലത്തിൽ അത് ജിയോയുടെ വരുമാനത്തോളമോ അതിലുമേറെയോ വരുമാനം നേടാൻ എയർടെലിന് തുണയാകുന്നു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജിയോയുമായുള്ള വരുമാന അകലം കുറയ്ക്കാൻ എയർടെലിന് കഴിഞ്ഞിട്ടുണ്ട്. ഗ്രാമീണ പ്രദേശങ്ങളിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കാനും ഉയർന്ന അളവിൽ ഡാറ്റ അടങ്ങുന്ന പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കാനും എയർടെൽ ശ്രമിക്കുന്നു. അത് വിജയിച്ചതിന്റെ കൂടി ഫലമാണ് എയർടെലിന്റെ വരുമാന വർധന.

മറ്റൊരു സ്വകാര്യ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയയുടെ തളർച്ചയും എയർടെലിന് കരുത്തായിട്ടുണ്ട്. എയർടെലിനെ അനുകരിച്ചും അല്ലാതെയും ഇരു കമ്പനികൾക്കും സമാന വിലയിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. അതിനാൽ വരിക്കാരെ സംബന്ധിച്ചിടത്തോളം രണ്ടിടത്തും ഒരേ വിലയായതിനാൽ അങ്ങോട്ട് (എയർടെലിലേക്ക്) പോയാൽ 5ജി അടക്കമുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കാം എന്ന നേട്ടമുണ്ട്.
എയർടെലിന്റേതിന് സമാനമായ വിലയിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയത് വിഐക്ക് തിരിച്ചടിയായി എന്ന് വേണം കരുതാൻ. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 22 സർക്കിളുകളിൽ 21 ഇടത്തും എയർടെൽ വരുമാന വിഹിതം നേടി, യുപി-കിഴക്കൻ മേഖലയിൽ മാത്രമാണ് നഷ്ടമുണ്ടായത്. അതേസമയം ജിയോ സർക്കിളുകളിൽ ആണ് വരുമാന വിഹിതം നേടിയത്. വിഐക്കാകട്ടെ 22 സർക്കിളുകളിലും വിഐ വിപണി വിഹിതം നഷ്ടപ്പെട്ടു എന്ന് ജെഫറീസ് അടുത്തിടെ പുറത്തിറക്കിയ നോട്ടിൽ പറയുന്നു.


Click it and Unblock the Notifications







