എയർടെൽ മൊബൈൽ നമ്പറിന്റെ ഉടമസ്ഥാവകാശം കൈമാറാം; ആർക്ക്, എപ്പോൾ, എങ്ങനെ എന്ന് ഇതാ
ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ തങ്ങളുടെ വരിക്കാർക്കായി ടെലിക്കോം ആനുകൂല്യങ്ങൾക്ക് പുറമേ നിരവധി അനുബന്ധ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. മൊബൈൽ നമ്പർ പോർട്ടബിലിറ്റി (MNP) സൗകര്യമൊക്കെ അത്തരത്തിലുള്ള ഒരു നിർബന്ധിത സൗകര്യമാണ്. MNP ഉപയോഗപ്പെടുത്തുന്നത് ഒരു ടെലിക്കോം കമ്പനിയുടെ നമ്പർ നിലനിർത്തിക്കൊണ്ടുതന്നെ മറ്റൊരു കമ്പനിയുടെ വരിക്കാരനായി മാറുന്നതിന് വേണ്ടിയാണ്. അതായത് നിലവിലെ കമ്പനിയുടെ സേവനങ്ങളിൽ തൃപ്തിയില്ലെങ്കിൽ മറ്റേതെങ്കിലും കമ്പനിയുടെ വരിക്കാരനായി മാറാൻ നിയമം വഴി ലഭ്യമായിട്ടുള്ള സൗകര്യമാണ് എംഎൻപി. എന്നാൽ ഇതല്ലാതെ മറ്റ് നിരവധി സേവനങ്ങളും കമ്പനികൾ വരിക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് എയർടെലിന്റെ മൊബൈൽ നമ്പർ ഉടമസ്ഥാവകാശ കൈമാറ്റ സൗകര്യം.
യഥാർഥത്തിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുന്ന ഒരു സേവനമല്ല മൊബൈൽ നമ്പർ ഉടമസ്ഥാവകാശ കൈമാറ്റം എന്നത്. പേര് കേൾക്കുമ്പോൾ ഇത് നമ്മുടെ സിം കാർഡിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറാൻ അനുവദിക്കുന്ന സേവനമാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം, എന്നാൽ എന്റർപ്രൈസസ് ഉപയോക്താക്കൾക്കായിട്ടാണ് എയർടെൽ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.

വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് എയർടെൽ അവിടുത്തെ ജീവനക്കാർക്ക് കണക്ഷനുകൾ അനുവദിക്കാറുണ്ട്. ഈ ജീവനക്കാർ കമ്പനി വിടുമ്പോൾ, അവർക്ക് അവരുടെ സ്ഥാപനം വഴി ലഭിച്ച എയർടെൽ നമ്പർ വ്യക്തിഗത നമ്പറായി സ്വന്തമാക്കാൻ കഴിയും. അതായത് തുടർന്നും അവർക്ക് ആ നമ്പർ സ്വന്തം ഉപയോഗത്തിനായി കൊണ്ടുനടക്കാനാകും.
ഓഫീസിലെ എയർടെൽ സിം എങ്ങനെ സ്വന്തം പേരിൽ ആക്കാം: എന്റർപ്രൈസ് ജീവനക്കാർക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഓഫീസിൽ നിന്ന് ലഭിച്ച എയർടെൽ നമ്പർ സ്വന്തം പേരിലാക്കാൻ ആദ്യം അടുത്തുള്ള എയർടെൽ സ്റ്റോർ സന്ദർശിക്കുക. തുടർന്ന് ഐഡന്റിറ്റിയുടെയും വിലാസത്തിന്റെ തെളിവിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, 1 പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ, കമ്പനിയുടെ അംഗീകൃത ഒപ്പിട്ട കമ്പനി ലെറ്റർഹെഡിൽ ഒരു നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കുക.

ഈ നടപടികൾ പൂർത്തിയാക്കിയ ശേഷം പുതിയ സിം കാർഡ് പഴയ നമ്പറിൽ ലഭ്യമാകും. ചില പരിശോധനകൾ ആവശ്യമുള്ളതിനാൽ ഈ പ്രക്രിയയ്ക്ക് കുറച്ച് സമയമെടുക്കും. 48 മണിക്കൂറിനുള്ളിൽ ഉപയോക്താവിന്റെ പുതിയ സിമ്മിലേക്ക് നമ്പർ ട്രാൻസ്ഫർ ചെയ്യുമെന്ന് എയർടെൽ പറയുന്നു. അതോടെ ആ നമ്പർ ജോലിയിൽ നിന്ന് മാറിയ ശേഷവും ഉപയോഗിക്കാൻ സാധിക്കുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് എയർടെൽ. അവരുടെ മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങൾ മികച്ച നിലവാരം പുലർത്തുന്നതിനാൽ ഉയർന്ന റാങ്കിങ് നേടിയിട്ടുണ്ട്. രാജ്യവ്യാപകമായി 5G, 4G കവറേജ് എയർടെൽ ലഭ്യമാക്കിയിരിക്കുന്നു. 2GBയോ അതിന് മുകളിലോ പ്രതിദിന ഡാറ്റ അടങ്ങുന്ന റീചാർജ് പ്ലാൻ ഉപയോഗിക്കുന്നവർക്ക് എയർടെല്ലിന്റെ 5G സേവനങ്ങൾ സൗജന്യമാണ്.
മറ്റൊരു ശ്രദ്ധേയമായ കാര്യം ഡിജിറ്റൽ തട്ടിപ്പുകൾ വർധിച്ചുവരുന്ന ഇക്കാലത്ത് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എയർടെൽ എഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശക്തമായ സുരക്ഷാ സംവിധാനവും വാഗ്ദാനം ചെയ്യുന്നുണ്ട്. എയർടെല്ലിന്റെ AI അധിഷ്ഠിത ആന്റി സ്കാം സിസ്റ്റം 2024 സെപ്റ്റംബറിനും 2025 ഏപ്രിലിനും ഇടയിൽ 8 ബില്യൺ സ്പാം കോളുകളെയും 800 ദശലക്ഷം സ്പാം എസ്എംഎസ് സന്ദേശങ്ങളെയും കുറിച്ച് 252 ദശലക്ഷം അദ്വിതീയ ഉപയോക്താക്കളെ അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ മാത്രമല്ല, മലയാളം, തമിഴ്, തെലുങ്ക്, ഉറുദു, ബംഗാളി, മറാത്തി എന്നിവയുൾപ്പെടെ 10 പ്രാദേശിക ഭാഷകളിൽ എയർടെൽ സ്പാം മുന്നറിയിപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഉപയോക്താക്കളുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം സുരക്ഷയും ഉറപ്പാക്കുന്നതിലും എയർടെൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു.


Click it and Unblock the Notifications








