മുന്നോട്ട് പോയല്ലേ പറ്റൂ! എയർടെൽ നൽകുന്ന കുറഞ്ഞ നിരക്കിലുള്ള മൂന്ന് പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മുൻനിരയിലുള്ള എയർടെൽ തങ്ങളുടെ വരിക്കാർക്കായി നിരവധി റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഏറ്റവും നിരാശ ഉണ്ടാക്കുന്ന കാര്യം എന്തെന്നാൽ രാജ്യത്തെ ഭൂരിഭാഗം ടെലിക്കോം സർക്കിളുകളിൽനിന്നും തങ്ങളുടെ ഏറ്റവും നിരക്കു കുറഞ്ഞ 99 രൂപയുടെ റീച്ചാർജ് പ്ലാൻ കമ്പനി പിൻവലിച്ചു എന്നതാണ്.
സിം വാലിഡിറ്റി നിലനിർത്തി മുന്നോട്ട് പോകണം എങ്കിൽ ഇപ്പോൾ കുറഞ്ഞത് 155 രൂപ മുടക്കേണ്ടിവരും. കാരണം 155 രൂപയുടെ പ്ലാൻ മുതലാണ് ഇപ്പോൾ എയർടെലിന്റെ റീച്ചാർജ് പ്ലാനുകൾ ആരംഭിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ച് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. പക്ഷേ മുന്നോട്ട് പോകണമെങ്കിൽ റീച്ചാർജ് ചെയ്തേ പറ്റൂ എന്നതാണ് അവസ്ഥ.

99 രൂപയുടെ പ്ലാൻ നിർത്തലാക്കിയതോടെ അടുത്തു വരുന്ന കുറഞ്ഞ നിരക്കിലുള്ള പ്ലാനിനായി അന്വേഷിക്കുന്ന എയർടെൽ ഉപയോക്താക്കൾ 155 രൂപയുടെ പ്ലാനിലേക്കാണ് എത്തുക. എന്നാൽ 155 രൂപയുടെ പ്ലാനിനോട് ചേർന്ന് നിൽക്കുന്ന 200 രൂപയിൽ താഴെയുള്ള പ്ലാനുകളും എയർടെൽ നൽകുന്നുണ്ട്. ഈ പ്ലാനുകൾ പരിചയപ്പെടാം.
എയർടെൽ 155 രൂപ പ്ലാൻ
എയർടെലിൽനിന്ന് ലഭിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ എന്നതാണ് 155 രൂപയുടെ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. വെറും 24 ദിവസ വാലിഡിറ്റി മാത്രമാണ് ഇതിൽ ലഭിക്കുക. എന്നാൽ അൺലിമിറ്റഡ് കോളിങ് സൗകര്യം ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ആകെ 1 ജിബി ഡാറ്റയും എയർടെൽ നൽകുന്നുണ്ട്.
ഇതു കൂടാതെ 300 എസ്എംഎസും അധിക ആനുകൂല്യം എന്ന നിലയിൽ വിങ്ക് മ്യൂസിക്, ഹെലോട്യൂൺസ് എന്നിവയും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു. ഭൂരിഭാഗം ടെലിക്കോം സർക്കിളുകളിലും ഇപ്പോൾ എയർടെലിന്റെ മിനിമം റീച്ചാർജ് പ്ലാൻ ഈ 155 രൂപയുടെ പ്ലാൻ ആണ്. അതിനാൽത്തന്നെ ഡാറ്റ ആവശ്യം അധികം ഇല്ലാത്തവർ മുന്നോട്ടുപോകാൻ ഈ പ്ലാൻ ഉപയോഗിക്കുന്നു.

എയർടെൽ 179 രൂപ പ്ലാൻ
28 ദിവസ വാലിഡിറ്റിയോടെയാണ് 179 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. 155 രൂപയുടെ എയർടെൽ പ്ലാനിൽ വെറും 24 ദിവസ വാലിഡിറ്റി മാത്രമാണ് ലഭിക്കുന്നത്. കുറച്ചുകൂടി വാലിഡിറ്റി ആഗ്രഹിക്കുന്ന ആളുകൾക്ക് 24 രൂപകൂടി അധികം മുടക്കിയാൽ 28 ദിവസത്തെ വാലിഡിറ്റി ലഭ്യമാക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.
179 രൂപയുടെ എയർടെൽ പ്ലാനിൽ ആകെ 2ജിബി ഡാറ്റയും ഉൾപ്പെടുന്നു. ഇതോടൊപ്പം അൺലിമിറ്റഡ് വോയിസ് കോളിങ്, 300 സൗജന്യ എസ്എംഎസ് സേവനങ്ങളും ഉണ്ട്. അധിക ആനുകൂല്യമായി സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കും ആണ് നൽകിയിരിക്കുന്നത്. അതിനാൽ 155 രൂപയുടെ പ്ലാനിലുള്ളതിനെക്കാൾ ആനുകൂല്യം വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് 179 രൂപയുടെ പ്ലാൻ നല്ലൊരു ഓപ്ഷനാണ്.

എയർടെൽ 199 രൂപ പ്ലാൻ
200 രൂപയിൽ താഴെ നിരക്കിൽ എയർടെൽ വരിക്കാർക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന മൂന്നാമത്തെ പ്ലാൻ ആണ് 199 രൂപയുടേത്. അൺലിമിറ്റഡ് വോയിസ് കോൾ സൗകര്യത്തോടൊപ്പം 30 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ആകെ 3 ജിബി ഡാറ്റയും 300 എസ്‌എംഎസും ഈ പ്ലാനിൽ എയർടെൽ നൽകിയിരിക്കുന്നു.
അതായത് ഒരു മാസം കുറഞ്ഞ ചെലവിൽ മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്ന എയർടെൽ ഉപയോക്താക്കൾക്ക് ആശ്രയിക്കാൻ 200 രൂപയിൽ താഴെ നിരക്കിൽ ഈ മൂന്ന് ഓപ്ഷനുകൾ മാത്രമാണുള്ളത്. ഇനിയും ഒരു റീച്ചാർജ് നിരക്ക് വർധന ഉണ്ടായാൽ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുടെ എണ്ണം വീണ്ടും കുറയാനാണ് സാധ്യത.


Click it and Unblock the Notifications







