'5 സ്റ്റാർ കഞ്ഞിയിൽ' വാട്സ്ആപ്പ് വീണു; ജിയോ, എയർടെൽ വിഐ സഖ്യത്തിന് ദേശീയസുരക്ഷാ ബോധോദയം!
ഇന്ത്യൻ ടെലിക്കോം മേഖലയിൽ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) എന്നിവ. പരസ്പരം മത്സരിക്കുമെങ്കിലും ഇപ്പോൾ ഈ മൂന്ന് കമ്പനികളും ഒരുകാര്യത്തിൽ യോജിപ്പോടെ ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുന്നു. വാട്സ്ആപ്പ് വഴി ഓഡർ അപ്‌ഡേറ്റുകളും ഒടിപികളും കൈമാറാൻ പാടില്ല എന്നതാണ് അത്.
കുറച്ചുനാൾ മുമ്പുവരെ ആമസോൺ ഓർഡർ ഡെലിവറി അപ്ഡേറ്റുകൾ എസ്എംഎസ് വഴിയാണ് ഉപയോക്താക്കളിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഈ അപ്ഡേറ്റുകൾ വാട്സ്ആപ്പിലേക്ക് മാറിയിരിക്കുന്നു. അതുപോലെ തന്നെ ഉപഭോക്താക്കൾക്കുള്ള മറ്റ് ചില എന്റർപ്രൈസ് അപ്‌ഡേറ്റുകളും ഇപ്പോൾ എസ്എംഎസിന് പകരം വാട്സ്ആപ്പ് വഴിയാണ് അയയ്‌ക്കുന്നത്. ഇതിനെതിരേയാണ് ടെലിക്കോം കമ്പനികൾ ഒന്നുചേർന്നിരിക്കുന്നത്.

എസ്എംഎസിന് പകരം ഈ അറിയിപ്പുകൾ വാട്സ്ആപ്പ് വഴി അയയ്ക്കുന്നത് ശരിയായ നടപടിയല്ല എന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) ടെലിക്കോം മന്ത്രാലയത്തെ കത്തിലൂടെ അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനികളായ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവയെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് സിഒഎഐ.
മൈക്രോസോഫ്റ്റും ആമസോണും പോലുള്ള ആഗോള ഉപഭോക്തൃ- ടെക്നോളജി രംഗത്തെ പ്രമുഖർ വാട്സ്ആപ്പും മറ്റ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് എന്റർപ്രൈസ് സന്ദേശങ്ങൾ അയയ്‌ക്കുന്നതിലൂടെ "നിയമപരമായ ടെലിക്കോം റൂട്ട് മറികടക്കുന്നു" എന്ന് ടെലികോം സെക്രട്ടറി നീരജ് മിത്തലിന് അയച്ച കത്തിൽ സിഒഎഐ ആരോപിച്ചു. എസ്എംഎസ് സേവനങ്ങളിലൂടെ തങ്ങൾക്ക് ലഭിക്കുന്ന വരുമാനം നഷ്ടപ്പെടുന്നതാണ് ടെലിക്കോം കമ്പനികളെ പ്രകോപിതരാക്കിയിരിക്കുന്നത്.

വാട്സ്ആപ്പ് വഴിയുള്ള ഈ അറിയിപ്പുകൾ മൂലം തങ്ങൾക്ക് മാത്രമല്ല, കേന്ദ്രത്തിനും കനത്ത വരുമാന നഷ്ടം ഉണ്ടാകുമെന്ന വാദം ഉയർത്തി, ഈ രീതി നിർത്തലാക്കാനാണ് ടെലിക്കോം കമ്പനികൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അനിയന്ത്രിതമായ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് എന്റർപ്രൈസ് സന്ദേശങ്ങൾ അയയ്‌ക്കുന്നതിലൂടെ കേന്ദ്രത്തിനും സേവനദാതാക്കൾക്കും 3,000 കോടി രൂപയുടെ വാർഷിക വരുമാന നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
"ആമസോണും മൈക്രോസോഫ്റ്റും പോലുള്ള പ്രശസ്ത അന്താരാഷ്ട്ര കോർപ്പറേറ്റുകൾ വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴി ഇന്ത്യൻ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ വിതരണം ചെയ്തുകൊണ്ട് നിയമപരമായ ടെലിക്കോം റൂട്ട് മറികടക്കുന്നു. ഇത് ലൈസൻസിംഗിന്റെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും മൊത്തത്തിലുള്ള ലംഘനം മാത്രമല്ല, ഖജനാവിന് വ്യക്തമായ വരുമാന നഷ്ടവും ഫോറെക്സ് വരുമാനത്തിന്റെ നഷ്ടവുമാണ്,"
"ഇത്തരം (എന്റർപ്രൈസ്) ആശയവിനിമയത്തിന് വാട്സ്ആപ്പ് /ടെലിഗ്രാം എന്നിവ പ്രയോജനപ്പെടുത്തുന്നത് നിയമവിരുദ്ധമായ മാർഗമായി പ്രഖ്യാപിക്കണം" എന്നതാണ് ടെലിക്കോം കമ്പനികളുടെ സംഘടന കത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന്റെ ചുരുക്കം. പല സേവനങ്ങളുടെയും ഒടിപികൾ അടക്കം ഇപ്പോൾ വാട്സ്ആപ്പ് വഴി എത്തുന്നുണ്ട്. ഇതും നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാണ് ടെലിക്കോം കമ്പനികളുടെ പക്ഷം.
അറിയിപ്പുകൾക്കും ഒടിപി അയയ്ക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾക്കുമായി ടെലിക്കോം കമ്പനികൾ വാഗ്ദാനം ചെയ്യുന്ന നിയന്ത്രിത എസ്എംഎസ് സേവനം ഉപയോഗിക്കണം എന്നാണ് ടെലിക്കോം കമ്പനികളുടെ സംഘടന ആവശ്യപ്പെടുന്നത്. ലൈസൻസിംഗ് മാനദണ്ഡങ്ങളും ചട്ടങ്ങളും പൂർണ്ണമായും അവഗണിച്ച്, ടെലിക്കോം വഴിയുള്ള ലൈസൻസുള്ള റൂട്ട് ഒഴിവാക്കാനുള്ള വ്യക്തമായ ശ്രമത്തിനാണ് ഇപ്പോൾ തങ്ങൾ സാക്ഷ്യം വഹിക്കുന്നതെന്ന് സിഒഎഐ പറയുന്നു.
എസ്എംഎസ് ചാനലിൽ നിന്ന് പൂർണ്ണമായും ഒടിടി ചാനലുകളിലേക്ക്( വാട്സ്ആപ്പ്, ടെലിഗ്രാം) ഈ ട്രാഫിക് വഴിതിരിച്ചുവിടുന്നു. ഈ പ്ലാറ്റ്‌ഫോമുകളിലെ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതാണ്. ഈ സമ്പ്രദായം നിയന്ത്രിച്ചില്ലെങ്കിൽ, അത് രാജ്യത്തിന് സുരക്ഷാ ഭീഷണിയുണ്ടാക്കും എന്ന് ടെലിക്കോം കമ്പനികൾ കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

എന്റർപ്രൈസ് മെസേജിങ് വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയാണെങ്കിൽ ടെലിക്കോം കമ്പനികൾക്ക് ലഭിച്ചിരുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടും. ആഭ്യന്തര എന്റർപ്രൈസ് സന്ദേശത്തിന് 0.13 രൂപയും അന്താരാഷ്ട്ര എന്റർപ്രൈസ് അലേർട്ടുകൾക്ക് ഒരു സന്ദേശത്തിന് ഏകദേശം 4-4.5 രൂപയുമാണ് നിരക്ക്. ഈ ഇന്റർനാഷണൽ എന്റർപ്രൈസ് മെസേജ് ചാർജുകൾ ഒഴിവാക്കാൻ കമ്പനികൾ ലൈസൻസില്ലാത്ത റൂട്ട് ഉപയോഗിക്കുന്നെന്നാണ് ആരോപണം.
എസ്എംഎസ് വഴിയുള്ള സന്ദേശങ്ങൾ നിയന്ത്രിക്കുന്നത് ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻ (TCCCPR), 2018 ആണ്. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പും ടെലിഗ്രാമുമെല്ലാം ഈ നിയന്ത്രണങ്ങളുടെ പരിധിയിൽ വരുന്നില്ല. അതിനാൽ ചട്ടങ്ങൾ ബാധകവുമല്ല. സ്പാം പരാതികളിൽ ടെലിക്കോം കമ്പനികളിൽനിന്ന് പിഴ ഈടാക്കുമ്പോൾ, ഈ പ്ലാറ്റ്‌ഫോമുകൾക്ക് നിയമം ബാധകമല്ലാത്തതിനാൽ അവ സംരക്ഷിക്കപ്പെടുന്നുവെന്നും സിഒഎഐ പറഞ്ഞു.


Click it and Unblock the Notifications








