എന്തിനോ വേണ്ടിയൊരു പ്ലാൻ! പുതിയ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി എയർടെൽ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി ഒരു പുതിയ പ്ലാൻ നിശബ്ദമായി അവതരിപ്പിച്ചിരിക്കുകയാണ്. 289 രൂപ നിരക്കിലാണ് ഈ പ്ലാൻ എത്തിയിരിക്കുന്നത്. ഡാറ്റയെക്കാൾ വാലിഡിറ്റിക്കാണ് ഈ എയർടെൽ പ്ലാൻ പ്രാധാന്യം നൽകിയിരിക്കുന്നത് എന്നാണ് ഒറ്റനോട്ടത്തിൽ മനസിലാകുക.
ഇത്തരമൊരു പ്ലാൻ പുറത്തിറക്കിയത് സംബന്ധിച്ച് കാര്യമായ പ്രഖ്യാപനങ്ങളൊന്നും കമ്പനി നടത്തിയിരുന്നില്ല. എങ്കിലും എയർടെലിന്റെ മൊബൈൽ ആപ്പിലും വെബ്സൈറ്റിലും ഇപ്പോൾ ഈ പ്ലാൻ ദൃശ്യമാണ്. അതിനാൽത്തന്നെ ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ സാധിക്കും. 35 ദിവസ വാലിഡിറ്റിയാണ് ഈ പുതിയ എയർടെൽ പ്ലാൻ നൽകുന്നത്.

289 രൂപയുടെ പുതിയ എയർടെൽ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: 35 ദിവസ വാലിഡിറ്റി തന്നെയാണ് ഈ പ്ലാനിൽ എടുത്തുപറയേണ്ട ആനുകൂല്യം. മറ്റ് എയർടെൽ പ്ലാനുകളൊന്നും 35 ദിവസ വാലിഡിറ്റിയിൽ ലഭ്യമല്ല. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഈ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം പ്രതിദിന ഡാറ്റ ഈ പ്ലാനിൽ കാണാനാകില്ല. പകരം 35 ദിവസ വാലിഡിറ്റിയിൽ ആകെ 4 ജിബി ഡാറ്റ ലഭ്യമാകും. കൂടാതെ 300 എസ്എംഎസും പുതിയ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. എയർടെൽ താങ്ക്സ്- അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ഫ്രീ എന്നീ അധിക ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മറ്റ് ടെലിക്കോം കമ്പനികളൊന്നും ഇത്തരത്തിലൊരു പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല. അതേസമയം ബിഎസ്എൻഎൽ 107 രൂപയുടെ പ്ലാൻ 35 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. എങ്കിലും ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. എയർടെലിന്റെ പുതിയ 289 രൂപയുടെ പ്ലാനിൽ ഉപയോക്താവിന് ഒരു ദിവസം ഏതാണ്ട് 8.25 രൂപയാണ് ചെലവ് വരുന്നത്.
എന്ത് കണക്കുകൂട്ടലിലാണ് എയർടെൽ ഇത്തരമൊരു പ്ലാൻ പുറത്തിറക്കിയിരിക്കുന്നത് എന്ന് വ്യക്തമല്ല. കുറഞ്ഞ നിരക്കിൽ ഒരു മാസം വാലിഡിറ്റി വേണ്ട ഉപയോക്താക്കൾക്ക് 199 രൂപയുടെ പ്ലാൻ പരിശോധിക്കാവുന്നതാണ്. 30 ദിവസത്തെ വാലിഡിറ്റിയാണ് 199 രൂപയുടെ എയർടെൽ പ്ലാനിൽ ലഭിക്കുക. 3 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിംഗ്, 300 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ.
ഇതോടൊപ്പം എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും 199 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 6.63 രൂപയാണ് പ്ലാനിന്റെ പ്രതിദിന ചെലവ്. ഇത് യഥാർത്ഥത്തിൽ 289 രൂപ പ്ലാനിനേക്കാൾ ചെലവ് കുറഞ്ഞതാണ്. എങ്കിലും ഉപയോക്താക്കൾക്ക് അവരുടെ താൽപര്യവും ആവശ്യങ്ങളുമനുസരിച്ച് ഇഷ്ടമുള്ള പ്ലാൻ തെരഞ്ഞെടുക്കാം. അൺലിമിറ്റഡ് 5ജി ലഭിക്കാൻ 289 രൂപയുടെ പ്ലാനിന്റെ ഉപയോക്താക്കൾക്കും യോഗ്യതയുണ്ട്.

എയർടെലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ: എയർടെലിൽനിന്ന് ലഭിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 155 രൂപയുടേതാണ്. 24 ദിവസ വാലിഡിറ്റി മാത്രമാണ് ഇതിൽ ലഭിക്കുക. എന്നാൽ അൺലിമിറ്റഡ് കോളിങ് സൗകര്യം ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ആകെ 1 ജിബി ഡാറ്റയും 300 എസ്എംഎസും എയർടെൽ നൽകുന്നുണ്ട്.
155 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ തൊട്ടടുത്ത എയർടെൽ റീച്ചാർജ് ഓപ്ഷൻ 28 ദിവസ വാലിഡിറ്റിയോടെ എത്തുന്ന 179 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. 155 രൂപയുടെ എയർടെൽ പ്ലാനുപകരം 24 രൂപകൂടി അധികം മുടക്കിയാൽ 28 ദിവസത്തെ വാലിഡിറ്റി ലഭ്യമാക്കും എന്നതാണ് 179 രൂപ പ്ലാനിന്റെ പ്രത്യേകത.
ആകെ 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, 300 സൗജന്യ എസ്എംഎസ് എന്നിവയാണ് 179 രൂപയുടെ എയർടെൽ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കും ആണ് നൽകിയിരിക്കുന്നത്. അതിനാൽ 155 രൂപയുടെ പ്ലാനിലുള്ളതിനെക്കാൾ ആനുകൂല്യം വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് 179 രൂപയുടെ പ്ലാൻ നല്ലൊരു ഓപ്ഷനാണ്.


Click it and Unblock the Notifications








