ആർക്കാണിത്ര ധൃതി! മെല്ലെ മാറാം, 5G SA അവതരിപ്പിക്കുന്നത് നൈസായി 'ചവിട്ടി' എയർടെൽ
ഇന്ത്യയിൽ 5ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രധാന ടെലിക്കോം കമ്പനികളാണ് റിലയൻസ് ജിയോയും ഭാരതി എയർടെലും. ഇതിൽ ആദ്യം 5ജി സേവനങ്ങൾ ആരംഭിച്ചത് എയർടെൽ ആണ്. എന്നാൽ ഇന്ത്യയിൽ ഏറ്റവുമധികം മേഖലകളിൽ 5ജി സേവനം ലഭ്യമാക്കിയിരിക്കുന്നത് ജിയോ ആണ് എന്നാണ് മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുള്ളത്. ജിയോയുടേത് 5ജി SA (സ്റ്റാൻഡ്-എലോൺ) ആണ്. എയർടെലിന്റേത് 5ജി NSA (നോൺ-സ്റ്റാൻഡലോൺ) ആണ്. വളരെ ലളതമായി വിശദീകരിച്ചാൽ നിലവിലുള്ള 4ജി ശൃംഖലകളെ ആശ്രയിക്കാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന 5ജി ശൃംഖല എന്നതാണ് 5ജി സ്റ്റാൻഡ് എലോൺ എസ്എ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
അതേസമയം നിലവിലുള്ള 4ജി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ 5ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെയാണ് നോൺ-സ്റ്റാൻഡലോൺ (NSA) എന്ന് പറയുന്നത്. ജിയോയുടേത് 5ജി SAയും. എയർടെലിന്റേത് 5ജി NSA യുമാണ്. തുടക്കത്തിൽ നോൺ സ്റ്റാൻഡലോൺ 5ജി ആരംഭിച്ച ശേഷം പതിയെ സ്റ്റാൻഡലോൺ 5ജിയിലേക്ക് മാറാനാണ് എയർടെൽ നേരത്തെ പദ്ധതിയിട്ടിരുന്നത്.

എന്നാൽ 5ജി SAയിലേക്ക് മാറാനുള്ള ശ്രമങ്ങൾ എയർടെൽ ഇപ്പോൾ മന്ദഗതിയിലാക്കിയിരിക്കുകയാണ് എന്ന് ഇടിയുടെ പുതിയ റിപ്പോർട്ട് പറയുന്നു. അതിനുള്ള ചില കാരണങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അടിയന്തരമായി 5ജി എസ്എ യിലേക്ക് മാറേണ്ട ഒരു സാഹചര്യം ഇപ്പോൾ എയർടെലിന് ഇല്ല. 4ജി ബാൻഡുകൾ വഴി ധാരാളം ട്രാഫിക് ഇപ്പോൾത്തന്നെ എയർടെലിന് ലഭിക്കുന്നുണ്ട്.
കുറച്ചു കാലത്തേക്ക് SA ഓണാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല എന്ന് എയർടെൽ എക്സിക്യൂട്ടീവ് പറഞ്ഞതായി ഇടി റിപ്പോർട്ടിൽ പറയുന്നു. 5ജിയിൽ നിന്ന് കാര്യമായ വരുമാനം ലഭ്യമാകാൻ തുടങ്ങിയിട്ടില്ല. 5ജി SA സേവനങ്ങൾ ആരംഭിക്കണമെങ്കിൽ വൻ നിക്ഷേപം നടത്തേണ്ടതുണ്ട്. നിലവിൽ അതിന്റെ ആവശ്യമില്ല എന്നാണ് എയർടെൽ പറയുന്നത്.

സ്വീഡനിലെ എറിക്‌സണുമായി 5G കോർ ഉപകരണ വാങ്ങൽ കരാർ അവസാനിപ്പിച്ചതായി എയർടെൽ ചൊവ്വാഴ്ച പറഞ്ഞതിന് പിന്നാലെയാണ് ഉടൻ 5ജി SA യിലേക്ക് മാറില്ല എന്ന എയർടെൽ എക്സിക്യൂട്ടീവിനെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടും എത്തിയിരിക്കുന്നത്. നോക്കിയയുമായും എറിക്‌സണുമായും ഞങ്ങൾ ഒരു ദീർഘകാല കരാർ ഉണ്ടാക്കിയിട്ടുണ്ട്, അഞ്ച് വർഷത്തിനുള്ളിൽ ഇതെല്ലാം മാറും. എന്നാൽ ഇപ്പോൾ ഒന്നും സംഭവിക്കില്ല, എന്ന് എയർടെൽ എക്സിക്യൂട്ടീവ് പറഞ്ഞതായി ഇ.ടി റിപ്പോർട്ടിൽ പറയുന്നു.
എയർടെൽ സ്റ്റാൻഡ്-എലോൺ 5G വൈകാനുള്ള കാരണങ്ങൾ: പ്രധാനമായും സാമ്പത്തികം തന്നെയാണ് വിഷയം. GHz-ന് താഴെയുള്ള സ്പെക്ട്രം സ്വന്തമാക്കുന്നതിന് 30,000-40,000 കോടി രൂപ ചെലവ് കണക്കാക്കുന്നു. ട്രാഫിക് 5G-യിലേക്ക് മാറുന്നതിനനുസരിച്ച് 4G സ്പെക്ട്രം ബാൻഡുകൾ ക്രമേണ സ്വതന്ത്രമാകുന്നതുവരെ കാത്തിരിക്കാനാണ് എയർടെൽ ഇഷ്ടപ്പെടുന്നത്. അത്യാവശ്യമുള്ള ഒന്നോ രണ്ടോ ടെലിക്കോം സർക്കിളുകളിൽ മാത്രമായി എയർടെൽ SA 5ജി അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
നിലവിലെ നെറ്റ്‌വർക്ക് ഉപയോഗമാണ് 5ജി SAയിലേക്ക് മാറുന്നത് വൈകിപ്പിക്കാൻ എയർടെലിനെ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം. 5G നെറ്റ്‌വർക്കുകളുടെ ഉപയോഗം നിലവിൽ കുറവാണ്, ശേഷിക്കുന്ന ഫീച്ചർ ഫോൺ ഉപയോക്താക്കളെ സ്മാർട്ട്‌ഫോണുകളിലേക്ക് ആകർഷിക്കുന്നതിനായി എയർടെൽ അതിന്റെ 4G നെറ്റ്‌വർക്ക് വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ കുറഞ്ഞ ഉപയോഗം കണക്കിലെടുത്ത് 5G ഇൻഫ്രാസ്ട്രക്ചർ ഉടനടി വിപുലീകരിക്കേണ്ടതില്ല എന്ന് എയർടെൽ കണക്കുകൂട്ടിയിരിക്കാം.

സാങ്കേതികപരമായ കാരണങ്ങളും തന്ത്രപരമായ നീക്കങ്ങളും എയർടെൽ 5ജി SA വൈകിപ്പിക്കുന്ന മറ്റ് കാരണങ്ങളാണ്. ഇപ്പോൾ 4G ഇൻഫ്രാസ്ട്രക്ചറിനെ പ്രയോജനപ്പെടുത്തുന്ന നോൺ-സ്റ്റാൻഡ്-എലോൺ (NSA) 5G ഇൻഫ്രാസ്ട്രക്ചർ ആണ് എയർടെൽ ഉപയോഗിക്കുന്നത്. ഇതിന് ചെലവ് കുറഞ്ഞതാണ്, കൂടാതെ ഡിവൈസുകൾ 4G-യ്ക്കും 5Gയ്ക്കും ഇടയിൽ തടസ്സമില്ലാതെ മാറാൻ സാധിക്കുകയും ചെയ്യും. അതിനാൽ തൽക്കാലം ഈ രീതിയിൽ മുന്നോട്ട് പോകാമെന്ന് എയർടെൽ കരുതുന്നു.
വരുംവർഷങ്ങളിൽ ആളുകൾ 4ജിയിൽ നിന്ന് കൂടുതലായി 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. ഈ ഘട്ടത്തിൽ 5ജി SAയിലേക്ക് മാറിയാൽ മതി എന്ന് എയർടെൽ ആലോചിക്കുന്നു. ഉപയോക്താക്കൾ കുറവാണ് എന്നതിനാൽ നിലവിൽ 5G സേവനങ്ങളിൽ നിന്ന് പരിമിതമായ ധനസമ്പാദന അവസരങ്ങൾ മാത്രമേയുള്ളൂ. 4G ഉപയോക്താക്കളെ 5G സേവനങ്ങളിലേക്ക് മാറ്റുന്നതിനാണ് ഇപ്പോൾ എയർടെൽ മുൻഗണന നൽകുന്നത്. തുടർന്ന് ഭാവിയിൽ 5ജിയിൽ നിന്ന് കൂടുതൽ വരുമാനം ലക്ഷ്യമിടുന്നു.


Click it and Unblock the Notifications








