പ്രളയത്തിന് മുൻപേ പുരപ്പുറത്ത് കയറാം! എയർടെൽ വരിക്കാർ ഭയന്ന ആ ദിവസം എത്തുന്നു...
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്ന ഒന്നാണ് ഭാരതി എയർടെൽ (Bharti Airtel). രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയും എയർടെലാണ്. വരിക്കാർക്കായി മികച്ച ഒരുപാട് റീച്ചാർജ് പ്ലാനുകളും എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി എയർടെൽ വരിക്കാർ ഒരു ഭീതിയിലൂടെയാണ് കടന്നുപോകുന്നത്.
പുതിയ വർഷം ആരംഭിച്ചതിന് പിന്നാലെ മാർച്ചിന് ശേഷം എയർടെലിന്റെ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കും എന്ന് മുൻപ് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഈ നിരക്കുവർധന നടപ്പാക്കുന്ന ദിവസത്തെയാണ് കഴിഞ്ഞ കുറച്ചുനാളായി സാധാരണക്കാരായ എയർടെൽ വരിക്കാർ ഭയന്നിരുന്നത്. ആ ദിവസം ഇപ്പോൾ എത്താൻ പോകുന്നു.

2024 ലോക്സഭാ ഇലക്ഷന് ശേഷം എയർടെലിന്റെ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധന ഉണ്ടാകും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. 18-ാം ലോക്സഭയിലെ അംഗങ്ങൾക്കായുള്ള ഇലക്ഷൻ ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് നിശ്ചിച്ചിരിക്കുന്നത്. ജൂൺ 4ന് ആണ് ഫലപ്രഖ്യാപനം.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇലക്ഷന് ശേഷം എയർടെലിന്റെ നിരക്ക് വർധന നടപ്പാകും. അതിനാൽ ജൂണിൽ തന്നെ എയർടെലിന്റെ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് കൂടും എന്നാണ് കരുതപ്പെടുന്നത്. നിരക്ക് വർധനയുടെ അനിവാര്യതയെപ്പറ്റി എയർടെൽ അധികൃതർ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ഒരു നിരക്ക് വർധന ഉണ്ടാകും എന്നത് ഉറപ്പാണ്.

മറ്റ് ടെലിക്കോം കമ്പനികളായ ജിയോ, വിഐ, ബിഎസ്എൻഎൽ എന്നിവരുടെ നിരക്ക് വർധന സംബന്ധിച്ച നയം എയർടെലിന്റെ നിരക്കുകളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. 5ജി വ്യാപിപ്പിക്കാനായി എയർടെലിനും ജിയോയ്ക്കും വൻ രീതിയിൽ പണം നിക്ഷേപിക്കേണ്ടി വന്നിരുന്നു. അതിനാൽത്തന്നെ വരുമാനം വർധിപ്പിക്കാൻ നിരക്ക് വർധന ഉണ്ടായേ പറ്റൂ എന്ന നിലപാടിലാണ് എയർടെൽ എന്നാണ് വിവരം.
നിരക്കുവർധനയുടെ ആഘാതം പ്രതിമാസ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന സാധാരണക്കാരെയാകും കൂടുതൽ ബാധിക്കുക. ഈ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ ഇപ്പോൾ എയർടെൽ വരിക്കാർക്ക് മുന്നിൽ ഒരേയൊരു മാർഗം മാത്രമാണ് ഉള്ളത്. നിരക്ക് വർധനയ്ക്ക് മുൻപ് അനുയോജ്യമായ വാർഷിക പ്ലാൻ തെരഞ്ഞെടുക്കുക എന്നതാണ് അത്. നിലവിൽ മൂന്ന് വാർഷിക പ്ലാനുകളാണ് എയർടെലിന് ഉള്ളത്.
3359 രൂപ, 2999 രൂപ, 1799 രൂപ നിരക്കുകളിലാണ് എയർടെലിന്റെ വാർഷിക പ്ലാനുകൾ ലഭ്യമാകുക. 365 ദിവസ വാലിഡിറ്റിയിൽ വിവിധ ആനുകൂല്യങ്ങൾ ഈ മൂന്ന് വാർഷിക പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. നിരക്ക് വർധനയുടെ ഭാരം ചുമക്കാതെ സിമ്മുകളുടെ വാലിഡിറ്റി നിലനിർത്തി മികച്ച ആനുകൂല്യങ്ങളുമായി ടെൻഷനൊന്നുമില്ലാതെ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇതിലൊരു പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.

3359 രൂപയുടെ എയർടെൽ വാർഷിക പ്ലാൻ: എയർടെൽ നൽകുന്ന ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ എന്നാണ് ഈ പ്ലാൻ അറിയപ്പെടുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുക.
ഒരു വർഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, മൂന്ന് മാസത്തേക്ക് അപ്പോളോ 24|7 സർക്കിൾ, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവ അധിക ആനുകൂല്യമായി 3359 രൂപയുടെ എയർടെൽ വാർഷിക പ്ലാനിൽ ലഭ്യമാക്കിയിരിക്കുന്നു. എയർടെലിന്റെ നിലവിലെ ഏറ്റവും നിരക്ക് കൂടിയ റീച്ചാർജ് പ്ലാൻ ഇതാണ്.
2999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 365 ദിവസ വാലിഡിറ്റി, പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നീ അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.
1799 രൂപയുടെ എയർടെൽ പ്ലാൻ: ഏറ്റവും നിരക്ക് കുറഞ്ഞ എയർടെൽ വാർഷിക പ്ലാൻ ആണിത്. 24 ജിബി ഡാറ്റ, വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനും എത്തുന്നത്.


Click it and Unblock the Notifications








