ഇനി ഡാറ്റ സുലഭം! കേരളത്തിലും ഇപ്പോൾ എല്ലാ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിലും അൺലിമിറ്റഡ് 4G ഡാറ്റ കിട്ടും
എയർടെൽ കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ ചില തെരഞ്ഞെടുത്ത ടെലിക്കോം സർക്കിളുകളിൽ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്ക് ഒപ്പവും അൺലിമിറ്റഡ് 4ജി, 5ജി ഡാറ്റ ആനുകൂല്യം ഉൾപ്പെടുത്തിയിരുന്നു. അന്ന് കേരളം അതിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ദിവസങ്ങൾക്കിപ്പുറം, ഇന്ത്യയിലെ തങ്ങളുടെ എല്ലാ ടെലിക്കോം സർക്കിളുകളിലേക്കും എയർടെൽ ഈ പോസ്റ്റ്പെയ്ഡ് അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോൾ കേരളത്തിലെ എയർടെലിന്റെ പോസ്റ്റ്പെയ്ഡ് വരിക്കാർക്കും ഏത് പ്ലാനിനൊപ്പവും അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. പ്രീപെയ്ഡ് വിഭാഗത്തെക്കാൾ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് പ്രാധാന്യം നൽകാനും അതുവഴി പരമാവധി വരുമാനം വർധിപ്പിക്കാനുമാണ് ഈ നീക്കത്തിലൂടെ എയർടെൽ ലക്ഷ്യമിടുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.
എന്തായാലും കേരളത്തിലെ എയർടെൽ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഇത് വളരെ വലിയ നേട്ടമാണ്. കൂടുതൽ നിരക്ക് ഒന്നും നൽകാതെ തന്നെ ഇപ്പോൾ കൂടുതൽ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ അൺലിമിറ്റഡ് ഡാറ്റ എന്നാണ് പറയുന്നത് എങ്കിലും ഇവിടെ ചില ഡാറ്റ പരിധികൾ എയർടെൽ നിശ്ചയിച്ചിട്ടുണ്ട്.

28 ദിവസത്തേക്ക് 300GB ഹൈസ്പീഡ് ഡാറ്റയാണ് ലഭ്യമാകുക. അതിനുള്ളിൽ ഈ 300ജിബി ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത കുറയും. പിന്നീട് 28 ദിവസം കഴിയുമ്പോൾ വീണ്ടും 300ജിബി ഡാറ്റ അനുവദിക്കപ്പെടും. എയർടെല്ലിന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ പ്രതിമാസം 449 രൂപ മുതൽ വിലയിൽ ലഭ്യമാണ് (നികുതികളില്ലാതെ). അന്തിമ ബില്ലിംഗിൽ വിലയിൽ 18% ജിഎസ്ടിയും ഉൾപ്പെടും.
വരിക്കാർ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്നതാണ് ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം കൂടുതൽ ലാഭകരം. ഇത് കൃത്യമായതും മികച്ചതുമായ വരുമാനം ഉറപ്പാക്കുന്നു. ഇന്ത്യയിൽ നിലവിൽ ഏറ്റവുമധികം പോസ്റ്റ്പെയ്ഡ് വരിക്കാരുള്ള ടെലിക്കോം കമ്പനി എയർടെൽ ആണ്. തൊട്ടുപിന്നിൽ വൊഡാഫോൺ ഐഡിയയും (VI). ജിയോ മൂന്നാം സ്ഥാനത്താണ് ഉള്ളത്.

ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾ കൂടുതൽ വിശ്വസ്തരാണ്, മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും അവരുടെ പ്ലാനുകളിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഇത് കമ്പനികൾക്ക് ഉയർന്ന ARPU- ലഭ്യമാക്കുന്നു. പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കുക വഴി മികച്ച വരുമാനം ഉറപ്പിക്കാൻ കഴിയും. അതിനാൽത്തന്നെ മത്സരവും ശക്തമാണ്.
എയർടെലിന്റെ കേരളത്തിലെ ഏറ്റവും വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ 449 രൂപ വിലയിലെത്തുന്നു. ഇതിൽ അൺലിമിറ്റഡ് കോൾ, അൺലിമിറ്റഡ് ഡാറ്റ (4G, 5G), ദിവസം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു. കൂടാതെ മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇതിലുണ്ട്.
100ജിബി ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജ്, എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷൻ, ഫ്രോഡ് ഡിറ്റക്ഷൻ ആൻഡ് സ്പാം അലാറം, 12 മാസത്തേക്ക് അഡോബ് എക്സ്പ്രസ് പ്രീമിയം സബ്സ്ക്രിപ്ഷൻ, ബ്ലൂ റിബൺ ബാഗ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സൗജന്യ ഹലോ ട്യൂൺസും ഉണ്ട്.

എയർടെൽ മാത്രമല്ല, വിഐയും ചില സർക്കിളുകളിൽ എല്ലാ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും അൺലിമിറ്റഡ് ഡാറ്റ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ വിഐയുടെ കേരളത്തിലെ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഈ ആനുകൂല്യം ലഭ്യമായിട്ടില്ല. എയർടെൽ എല്ലാ സർക്കിളുകളിലേക്കും അൺലിമിറ്റഡ് ഡാറ്റ വ്യാപിപ്പിച്ചതിനാൽ വിഐക്കും വൈകാതെ അത് നടപ്പിലാക്കേണ്ടിവരും. അതല്ലെങ്കിൽ വിഐയുടെ വരിക്കാർ എയർടെലിന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലേക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ ഭീഷണി മറികടക്കാൻ വിഐ അൺലിമിറ്റഡ് ഡാറ്റ നൽകാൻ തയാറായേക്കും.


Click it and Unblock the Notifications





