ടിക്കറ്റെടുക്കാം, ട്രെയിൻ ട്രാക്ക് ചെയ്യാം; എല്ലാ റെയിൽവേ സേവനങ്ങൾക്കുമായി ഇനി ഈ ഒരു സൂപ്പർ ആപ്പ് മതി
ഇന്ത്യയിലെ ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമായ ഇന്ത്യൻ റെയിൽവേ പുതിയകാലത്തിനൊത്ത് മാറുന്നതിന്റെ ഭാഗമായി എല്ലാ റെയിൽവേ സേവനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സൂപ്പർ ആപ്പ് പുറത്തിറക്കാൻ പോകുന്നു. റെയിൽവേ അധികൃതരെ ഉദ്ധരിച്ചുകൊണ്ട് എക്കണോമിക് ടൈംസ് (ET) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ റെയിൽവേയുടെ സേവനങ്ങൾക്കായി വിവിധ ആപ്പുകൾ ലഭ്യമാണ്. എന്നാൽ പല സേവനങ്ങൾക്കുമായി പല ആപ്പുകളെ ആശ്രയിക്കേണ്ടിവരുന്നു. ഇത് ഒഴിവാക്കിക്കൊണ്ട് ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ടുള്ള ആപ്പുകളെല്ലാം ഒറ്റ കുടക്കീഴിൽ കൊണ്ടുവരാനാണ് നീക്കം. ഈ പുതിയ സൂപ്പർ ആപ്പ് തയാറാക്കുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

റെയിൽവേ സേവനങ്ങളുടെ മെച്ചപ്പെടുത്തലിനും റെയിൽവേ സേവനങ്ങൾക്കായി ഒന്നിലധികം ആപ്പുകളെ ആശ്രയിക്കേണ്ടിവരുമ്പോൾ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഒഴിവാക്കാൻ പുതിയ സൂപ്പർ ആപ്പ് സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിൻ എവിടെയെത്തി എന്ന് ട്രാക്ക് ചെയ്യാനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇനി ഈ ഒരു ഒറ്റ ആപ്പ് മതിയാകും.
ഇൻഫർമേഷൻ ടെക്നോളജി (ഐടി) സംവിധാനങ്ങളുടെ ഉത്തരവാദിത്തമുള്ള റെയിൽവേ മന്ത്രാലയത്തിന്റെ വിഭാഗമായ CRIS- ആണ് ഈ സൂപ്പർ ആപ്പ് വികസിപ്പിക്കുക. റെയിൽവേയുടെ പ്രാഥമിക ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (IRCTC) സഹകരിച്ചുകൊണ്ടാണ് പുതിയ റെയിൽവേ ആപ്പ് നിർമിക്കുന്നത്.

നിലവിൽ ലഭ്യമാകുന്ന വിവിധ റെയിൽവേ സേവനങ്ങളെ പുതിയ സൂപ്പർ ആപ്പ് സംയോജിപ്പിച്ച് ഒരു കുടക്കീഴിലാക്കും. റെയിൽ മദാദ് (പരാതികൾക്കും നിർദ്ദേശങ്ങൾക്കും), യുടിഎസ് ( അൺ റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്), ട്രെയിൻ സ്റ്റാറ്റസ് ( യാത്രക്കാർക്കുള്ള ദേശീയ ട്രെയിൻ അന്വേഷണ സംവിധാനം ) തുടങ്ങിയ സേവനങ്ങൾ ഇതിൽപ്പെടും.
ഇത് കൂടാതെ, പോർട്ട് റീഡ്, സതാർക്ക് (പരിശോധനാ റിപ്പോർട്ടുകൾ), ടിഎംഎസ് നിരീക്ഷൻ (ജിയോ-ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ട്രാക്ക് അസറ്റുകൾ പരിശോധിക്കുന്നു) എന്നിവയും ഐആർസിടിസി റെയിൽ കണക്ട് (ട്രെയിൻ ടിക്കറ്റ് ബുക്കിംഗും റദ്ദാക്കലും), ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക് (ട്രെയിൻ സീറ്റിലേക്ക് ഭക്ഷണം എത്തിക്കുന്നു) ഐആർസിടിസി എയർ (ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ്) എന്നിവയും പുതിയ ആപ്പിനുകീഴിൽ കൊണ്ടുവരും.
യാത്രക്കാരിൽ നിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ ആപ്പുകളും ഒരു ഒറ്റആപ്പിനുള്ളിൽ കൊണ്ടുവരുന്ന സൂപ്പർ ആപ്പ് തയാറാക്കുന്നത് എന്ന് അധികൃതർ വിശദീകരിച്ചു. ആപ്പ് വികസിപ്പിക്കുന്നതിനും മൂന്ന് വർഷത്തേക്ക് ഇത് പ്രവർത്തിപ്പിക്കുന്നതിനും റെയിൽവേയ്ക്ക് ഏകദേശം 90 കോടി രൂപ ചെലവ് വരുമെന്ന് അധികൃതർ പറഞ്ഞു.

ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട നിലവിലുള്ള ആപ്പുകളിൽ ഏറ്റവും ജനപ്രീതി ഐആർസിടിസി റെയിൽ കണക്ട് ആപ്പിനാണ്. ഇതിനകം 100 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ഈ ആപ്പ് പിന്നിട്ടു. റിസർവ്ഡ് വിഭാഗത്തിൽ റെയിൽവേ ടിക്കറ്റ് ബുക്കിംഗിനുള്ള ഏക പ്ലാറ്റ്ഫോം ഇതാണ്. ഇതുകഴിഞ്ഞാൽ തൊട്ടടുത്ത ജനപ്രിയ റെയിൽവേ ആപ്പ് യുടിഎസ് ആണ്.
യുടിഎസ് 10 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ പിന്നിട്ടു. പ്ലാറ്റ്ഫോം ടിക്കറ്റുകളും സീസൺ പാസുകളും വാഗ്ദാനം ചെയ്യുന്നതിലാണ് ഈ ആപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2023 സാമ്പത്തിക വർഷത്തിൽ റെയിൽ കണക്ട് വഴി 560,000 ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളാണ് രജിസ്റ്റർ ചെയ്തത്. ഇത് ഐആർസിടിസി വിറ്റ മൊത്ത ടിക്കറ്റിന്റെ പകുതിയോളം വരും. ബാക്കിയുള്ളവ ഐആർസിടിസി വെബ്സൈറ്റ് വഴിയാണ് ബുക്കായത്.
ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിൻ എവിടെയെത്തി എന്ന് അറിയാനും ട്രെയിനിൽ ഭക്ഷണം ബുക്ക് ചെയ്യാനും ട്രെയിൻ വിവരങ്ങൾ അന്വേഷിക്കാനും ടിക്കറ്റ് ക്യാൻസൽ ചെയ്യാനുമെല്ലാം ഒരൊറ്റ ആപ്പ് മതി എന്നുള്ളത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകും. ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് ഇന്തൻ റെയിൽവേ, ആ റെയിൽവേയുടെ നട്ടെല്ലാകാൻ പുതിയ സൂപ്പർ ആപ്പിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








