എയർടെലിന്റെ ഏറ്റവും വില കുറഞ്ഞ റീചാർജ് പ്ലാൻ എതാണെന്ന് അറിയാമോ?
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സ്വകാര്യ ടെലിക്കോം കമ്പനിയാണ് എയർടെൽ. എയർടെൽ തന്നെയാണ് ജിയോ കഴിഞ്ഞാൽ ഏറ്റവും അധികം കണക്ഷനുകളും യൂസേഴ്സുമുള്ള ടെലിക്കോം കമ്പനിയും . ജിയോയുടെ അപ്രമാദിത്തം നില നിൽക്കുന്ന കാലത്തും തങ്ങളുടെ യൂസർ ബേസ് നിലനിർത്താനും കൂട്ടാനും എയർടെലിനെ സഹായിക്കുന്നത് മികച്ച പ്ലാനുകളും അവയ്ക്കൊപ്പമെത്തുന്ന ആനുകൂല്യങ്ങളുമാണ്. അടുത്തിടെ എയർടെൽ 25 ശതമാനം നിരക്ക് വർധനവ് തങ്ങളുടെ പ്രീപെയ്ഡ് പ്ലാനിൽ കൊണ്ട് വന്നിരുന്നു. എങ്കിലും പണത്തിന് മൂല്യം നൽകുന്ന ഡാറ്റ ഓഫറുകളും ഇന്റർനെറ്റ് സ്പീഡും ഒക്കെയായി എയർടെൽ ഉപയോക്താക്കളുടെ പ്രിയപ്പെട്ട കമ്പനികളിൽ ഒന്നായി തന്നെ നില നിൽക്കുന്നു. എയർടെലിന്റെ പല വിധ പ്ലാനുകളെക്കുറിച്ച് നാം പലപ്പോഴും മനസിലാക്കിയിട്ടുണ്ട്. എയർടെൽ നൽകുന്ന എറ്റവും വില കുറഞ്ഞ റീചാർജ് പ്ലാനിനേക്കുറിച്ചാണ് ഇന്ന് വിശദീകരിക്കുന്നത്.

എയർടെലിന്റെ എറ്റവും വില കുറഞ്ഞ റീചാർജ് പ്ലാൻ 99 രൂപയ്ക്കാണ് ലഭിക്കുന്നത്. 2021 അവസാനം നടന്ന പ്രീപെയ്ഡ് നിരക്ക് വർധനവോടെയാണ് 79 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് 99 രൂപയായത്. 99 രൂപ വില വരുന്ന പ്ലാനിന് ഒപ്പം 200 എംബി ഡാറ്റയാണ് കമ്പനി നൽകുന്നത്. 99 രൂപ ടോക്ക്ടൈമും പ്ലാനിന് ഒപ്പം ലഭിക്കുന്നു. സെക്കൻഡിന് ഒരു പൈസ എന്ന നിരക്കിലാണ് കോൾ താരിഫ് ഈടാക്കുന്നത്. ലോക്കൽ മെസേജുകൾക്ക് 1 രൂപയും എസ്.റ്റി.ഡി മെസേജുകൾക്ക് 1.5 രൂപയും നൽകണം. ആകെ 28 ദിവസത്തെ വാലിഡിറ്റിയാണ് 99 രൂപയുടെ പ്ലാൻ നൽകുന്നത്. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണിത്. അതും വോയ്‌സ് കോളിങും ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നത്.

എയർടെലിൽ 50 രൂപയ്ക്ക് റീചാർജ് ചെയ്യാൻ കഴിയുമോ?
ഇല്ല, എയർടെലിൽ 50 രൂപയ്ക്ക് റീചാർജ് ചെയ്യാൻ കഴിയില്ല. പക്ഷെ എയർടെലിൽ 100 രൂപയിൽ താഴെയുള്ള ഡാറ്റ വൗച്ചറുകൾ ലഭിക്കും. നിങ്ങളുടെ സിം കാർഡിലെ ബേസ് പ്രീപെയ്ഡ് പ്ലാൻ സജീവം ആയിരിക്കുമ്പോൾ മാത്രമേ ഈ ഡാറ്റ വൗച്ചറുകൾ പ്രവർത്തിക്കുകയുള്ളു എന്നും യൂസേഴ്സ് മനസിലാക്കണം. എയർടെൽ ഡാറ്റ വൗച്ചറുകൾ 58 രൂപ മുതലാണ് തുടങ്ങുന്നത്. 58 രൂപയുടെ ഡാറ്റ വൗച്ചർ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു.

98 രൂപയ്ക്കും എയർടെൽ ഡാറ്റ വൌച്ചർ നൽകുന്നുണ്ട്. 5 ജിബി ഡാറ്റയാണ് 98 രൂപയുടെ ഡാറ്റ വൌച്ചർ ഓഫർ ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് വിങ്ക് മ്യൂസിക് പ്രീമിയം ആനുകൂല്യവും 98 രൂപയുടെ വൌച്ചറിൽ ലഭ്യമാണ്. രണ്ട് വൌച്ചറുകളുടെയും വാലിഡിറ്റി നിലവിലുള്ള പ്രീപെയ്ഡ് പ്ലാൻ വാലിഡിറ്റി വരെ ആയിരിക്കും. ഡാറ്റ വൗച്ചറുകളും കൂടി പരിഗണിച്ചാൽ എയർടെലിൽ നിന്നും ഇപ്പോൾ ലഭ്യമായ ഏറ്റവും വില കുറഞ്ഞ റീചാർജ് പ്ലാൻ 58 രൂപയുടെ വൌച്ചർ ആയിരിക്കും.

എയർടെൽ 49 രൂപ പായ്ക്ക് ഇപ്പോൾ ലഭ്യമാണോ?
അല്ല, എയർടെലിന്റെ 49 രൂപയുടെ പായ്ക്ക് 2021 ൽ തന്നെ കമ്പനി അവസാനിപ്പിച്ചതാണ്. എയർടെൽ 49 രൂപയുടെ പ്ലാൻ പിൻവലിച്ചതോടെ 79 രൂപ പ്ലാനായിരുന്നു എയർടെൽ ഓഫർ ചെയ്യുന്നവയിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ. പഴയ 49 രൂപ അടിസ്ഥാന പ്ലാൻ ഉപയോഗിച്ചിരുന്നവർ 79 രൂപയുടെ പുതിയ ബേസ് പ്ലാനിലേക്ക് മാറേണ്ടിയും വന്നു. പിന്നീടാണ് എആർപിയു വരുമാനം കൂട്ടാനായി എയർടെൽ നിരക്ക് വർധിപ്പിച്ചത്. ഇതോടെ 79 രൂപ പ്ലാൻ യൂസ് ചെയ്ത് കൊണ്ടിരുന്നവർ 99 രൂപ പ്ലാൻ തിരഞ്ഞെടുക്കേണ്ടി വന്നു. അതിനാൽ തന്നെ നേരത്തെ എയർടെൽ ഓഫർ ചെയ്തിരുന്ന, 49 രൂപയുടെ വില കുറഞ്ഞ റീചാർജ് പ്ലാൻ മാസങ്ങളായി കമ്പനി ഓഫർ ചെയ്യുന്നില്ല.

എയർടെൽ ഒടിടി പ്ലാനുകൾ
എയർടെലിന്റെ വില കുറഞ്ഞ പ്ലാനുകളെക്കുറിച്ച് മനസിലാക്കിയ സ്ഥിതിയ്ക്ക് ഇനി എയർടെലിന്റെ കുറച്ച് ഒടിടി പ്ലാനുകൾ നോക്കാം. അതും ആയിരം രൂപയിൽ താഴെ വില വരുന്നവ. ഉപയോക്താക്കൾക്ക് ഓവർ ദി ടോപ്പ് (ഒടിടി) ആനുകൂല്യങ്ങൾ നൽകുന്ന ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ ഓഫർ ചെയ്യുന്നുണ്ട്. അവയിൽ 1,000 രൂപയിൽ താഴെ വില വരുന്ന മൂന്ന് മികച്ച ഒടിടി പ്ലാനുകളെക്കുറിച്ച് വിശദമായി മനസിലാക്കാം. 599 രൂപ, 699 രൂപ, 838 രൂപ നിരക്കിലാണ് ഈ പ്ലാനുകൾ വരുന്നത്. ഇവയിൽ രണ്ടെണ്ണം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ഓഫർ ചെയ്യുന്നു. ഒരു പ്ലാനിൽ ആമസോൺ പ്രൈം അംഗത്വവും ലഭിക്കുന്നു. ഈ പ്ലാനുകളെക്കുറിച്ചും അവ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും മനസിലാക്കാൻ താഴേക്ക് വായിക്കുക.

എയർടെൽ നൽകുന്ന 599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റ വാലിഡിറ്റി 28 ദിവസമാണ്. 3 ജിബി പ്രതിദിന ഡാറ്റയും 599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും. പ്ലാനിന്റെ വാലിഡിറ്റി കുറവാണെങ്കിലും 599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ ഓഫർ ചെയ്യുന്നു. എയർടെലിന്റെ 699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 3 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. 56 ദിവസത്തെ ആമസോൺ പ്രൈം അംഗത്വവും കമ്പനി ഓഫർ ചെയ്യുന്നു.

എയർടെലിന്റെ 838 രൂപ വിലയുള്ള പ്ലാനും 56 ദിവസത്തെ സർവീസ് വാലിഡിറ്റിയാണ് നൽകുന്നത്. 2 ജിബി പ്രതിദിന ഡാറ്റയും പ്ലാനിൽ ലഭ്യമാണ്. ഉപയോക്താക്കൾക്ക് സൗജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ഫ്രീ ട്രയലും ലഭിക്കും. ഈ മൂന്ന് പ്ലാനുകൾക്കൊപ്പവും ( 599 രൂപ, 699 രൂപ, 838 രൂപ പ്ലാനുകൾ ) പ്രതിദിനം 100 എസ്എംഎസുകളും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങും ലഭിക്കും. പ്ലാനുകൾക്ക് ഒപ്പം എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്.


Click it and Unblock the Notifications








