ഫ്ലിപ്പ്കാർട്ടിനോട് മത്സരിച്ച് ആമസോൺ; ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ തീയതി പ്രഖ്യാപിച്ചു
ഇന്ത്യയിൽ ആരംഭിക്കാൻ പോകുന്ന ഉത്സവ സീസണോട് അനുബന്ധിച്ച് ആമസോൺ തങ്ങളുടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2023 തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 8ന് ആണ് ആമസോൺ ഫെസ്റ്റിവൽ ഓഫർ സെയിൽ ആരംഭിക്കുക. ഫ്ലിപ്പ്കാർട്ട് തങ്ങളുടെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ പ്രഖ്യാപിച്ചിരിക്കുന്നതും ഇതേ തീയതി മുതലാണ്.
ഒക്ടോബർ 8 മുതൽ 15 വരെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ നടക്കുക. എന്നാൽ ഫ്ലിപ്പ്കാർട്ട് സെയിൽ തുടങ്ങുന്ന അതേ ദിവസം തന്നെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ആരംഭിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചെങ്കിലും എന്നുവരെയാണ് ഓഫർ സെയിൽ നടക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല.

സാധാരണക്കാരായ ഉപയോക്താക്കൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഓഫറുകൾ ലഭ്യമാകുക ഒക്ടോബർ 8 മുതൽ ആണെങ്കിലും ആമസോൺ പ്രൈം അംഗങ്ങൾക്ക് പതിവ് പോലെ ഒക്‌ടോബർ 7 ന് അർദ്ധരാത്രി മുതൽ തന്നെ സെയിൽ ഓഫറുകളും ഡിസ്കൗണ്ടുകളും ലഭ്യമായിത്തുടങ്ങും. ഫ്ലിപ്പ്കാർട്ടിലും പ്ലസ് അംഗങ്ങൾക്ക് 24 മണിക്കൂർ മുൻപ് സെയിൽ ഓഫറുകൾ ലഭ്യമായിത്തുടങ്ങും.
ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വിൽപ്പന ഏറ്റവുമധികം നടക്കുന്നത് ഈ ഉത്സവ സീസണിലാണ്. എല്ലാ ബ്രാൻഡുകളും ഇ-കൊമേഴ്സ് സ്ഥാപനങ്ങളും ഈ സമയത്ത് തങ്ങളുടെ സ്വന്തം നിലയ്ക്ക് ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. അതിനാൽത്തന്നെ ആളുകൾ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാന ഇ- കൊമേഴ്സ് വമ്പന്മാരാണ് ഫ്ലിപ്പ്കാർട്ടും ആമസോണും.
ഫ്ലിപ്പ്കാർട്ടിനോട് മത്സരിക്കുന്നതിനായി മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളും ആമസോൺ തങ്ങളുടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ പ്രഖ്യാപിക്കും. അതിന്റെ ചില സൂചനകൾ ഇപ്പോൾ തന്നെ ആമസോൺ പുറത്തുവിട്ടിട്ടുണ്ട്. മൊബൈലുകൾക്കും ആക്‌സസറുകൾക്കും 40 ശതമാനം വരെയും ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയ്‌ക്കും മറ്റും 75 ശതമാനം വരെയും ഡിസ്കൗണ്ടാണ് ആമസോൺ ഓഫർ ചെയ്യുക.
ഓഫർ സെയിലിൽ പർച്ചേസ് നടത്തുന്ന എസ്ബിഐ കാർഡ് ഉടമകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. മൊബൈൽ ഫോണുകൾ, ആക്‌സസറികൾ, സ്‌മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങൾ, സ്‌മാർട്ട് ടിവികൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയ്‌ക്ക് ലഭ്യമാകുന്ന ഡിസ്കൗണ്ടുകൾ സൂചിപ്പിക്കുന്ന ഒരു വെബ്‌പേജ് ആമസോണിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ആപ്പിൾ, അസ്യൂസ്, ലെനോവോ, വൺപ്ലസ്, ഐക്യൂ, റിയൽമി, സാംസങ്, ബോട്ട്ം സോണി എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ, ആഗോള ബ്രാൻഡുകളിൽ നിന്നുള്ള ഡിവൈസുകൾക്ക് വിലക്കുറവ് ലഭിക്കും. ഇത് കൂടാതെ, ആമസോൺ ഓഫർ സെയിൽ ആമസോൺ എക്കോ, ഫയർ ടിവി, കിൻഡിൽ ഉപകരണങ്ങൾ എന്നിവയും കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യും.

ആമസോൺ അതിന്റെ ഇ-കൊമേഴ്‌സ് സൈറ്റിൽ നിരവധി കിക്ക്‌സ്റ്റാർട്ടർ ഡീലുകൾ ലൈവ് ആക്കിയിട്ടുണ്ട്. സാംസങ്ങിന്റെ ഗാലക്സി എസ്23, നോക്കിയ ജി42, മോട്ടേറോള റേസർ 40, ടെക്നോ പോവ 5 പ്രോ, റെഡ്മി 10 പവർ, ലാവ അഗ്നി 2 എന്നിവ നിലവിൽ ഓഫർ സഹിതം ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വൺപ്ലസ് നോർഡ് 3, സാംസങ് ഗാലക്സി എം34 5ജി, റെഡ്മി 12 5ജി എന്നിവ ഇവന്റ് സമയത്ത് ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകും. ആമസോൺ പേ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ഓഫറുകളും കൂപ്പൺ ഡിസ്‌കൗണ്ടുകളും ഓഫർ സെയിലിൽ ഉണ്ടാകും. ആമസോൺ പ്രൈം അംഗത്വമുള്ളവർക്ക് നേരത്തെ പ്രവേശനം ലഭിക്കും എന്നതിനൊപ്പം പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും.


Click it and Unblock the Notifications








