സാധനങ്ങൾ വാങ്ങാൻ നിരവധി ഓഫറുകൾ, ഒപ്പം വീഡിയോകളും കാണാം; പ്രൈം ലൈറ്റ് പ്ലാൻ അവതരിപ്പിച്ച് ആമസോൺ
ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ആമസോൺ പുതിയ പ്രൈം ലൈറ്റ് പ്ലാൻ അവതരിപ്പിച്ചു. നിലവിലുള്ള പ്രൈം പ്ലാനിന്റെ അൽപ്പം നിരക്ക് കുറഞ്ഞ ഒരു രൂപമാണ് ആമസോൺ പ്രൈം ലൈറ്റ് പ്ലാൻ. ഈ പ്ലാൻ ഇതിനോടകം തന്നെ നിലവിലുണ്ടായിരുന്നു, എങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാക്കിയിരുന്നത്.
എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുന്ന വിധത്തിൽ ഇപ്പോഴാണ് ആമസോൺ പ്രൈം ലൈറ്റ് പ്ലാൻ അവതരിപ്പിക്കുന്നത്. പ്രൈം പ്ലാനിന്റെ നിരക്കും പ്രൈം ലൈറ്റിന്റെ പ്ലാൻ നിരക്കും തമ്മിൽ കാര്യമായ വ്യത്യാസം ഉള്ളതുപോലെ അവയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾക്കും ചെറിയ വ്യത്യാസങ്ങളുണ്ട്. പ്രൈം ലൈറ്റ് പ്ലാനിന് 999 രൂപയാണ് നിരക്ക്.

ഒരു വർഷ വാലിഡിറ്റിയോടെ ആണ് 999 രൂപയുടെ പ്രൈം ലൈറ്റ് പ്ലാൻ എത്തുന്നത്. യഥാർഥ പ്രൈം പ്ലാൻ മൂന്ന് വ്യത്യസ്ത കാലയളവുകളിലേക്ക് തെരഞ്ഞെടുക്കാം. ഒരു മാസത്തേക്കുള്ള പ്രൈം പ്ലാനിന് 299 രൂപയും, മൂന്നു മാസത്തേക്കുള്ള പ്രൈം പ്ലാനിന് 599 രൂപയും ഒരു വർഷത്തേക്കുള്ള പ്രൈം പ്ലാനിന് 1499 രൂപയുമാണ് ചെലവാകുക.
ഒരു വർഷത്തേക്കുള്ള യഥാർഥ പ്രൈം പ്ലാൻ സ്വന്തമാക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ അനുയോജ്യമായ വിധത്തിലാണ് പ്രൈം ലൈറ്റ് പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻപുണ്ടായിരുന്ന പ്രൈം വാർഷിക പ്ലാനിന്റെ നിരക്ക് ആണ് ഇപ്പോൾ പ്രൈം ലൈറ്റ് പ്ലാനിന് നൽകിയിരിക്കുന്നത് എന്നതാണ് ഈ പ്ലാനുകളുടെ നിരക്ക് സംബന്ധിച്ചുള്ള രസകരമായ ഒരു വസ്തുത.

ആനുകൂല്യങ്ങളുടെ കാര്യത്തിൽ യഥാർഥ പ്രൈം പ്ലാനും പ്രൈം ലൈറ്റ് പ്ലാനും തമ്മിൽ ചെറിയ ചില വ്യത്യാസങ്ങളുണ്ട്. പ്രൈം ലൈറ്റ് അംഗങ്ങൾക്ക് സൗജന്യ 2 ഡേ ഡെലിവറിയും സ്റ്റാൻഡേർഡ് ഡെലിവറിയും ആണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത മാനദണ്ഡങ്ങൾക്കുള്ളിൽ വരുന്ന വിലാസങ്ങളിലേക്ക് തിരക്കില്ലാത്ത സമയങ്ങളിൽ സൗജന്യ ഷിപ്പങ് സൗകര്യവും ലഭിക്കും.
25 ശതമാനം ക്യാഷ്ബാക്ക് ആണ് ആമസോൺ പ്രൈം ലൈറ്റ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ആനുകൂല്യം. യോഗ്യരായ വിലാസങ്ങളിലേക്ക് 175 രൂപ നിരക്കിൽ ആമസോൺ മോർണിംഗ് ഡെലിവറിയും ലൈറ്റ് പ്ലാൻ ഓഫർ ചെയ്യുന്നു. സൗജന്യ സ്റ്റാൻഡേർഡ് ഡെലിവറിക്ക് മിനിമം ഓർഡർ വാല്യൂ പരിധിയില്ല എന്നതും നേട്ടമാണ്.
ആമസോണിൽ നിന്നുള്ള പർച്ചേസുകൾക്ക് നൽകുന്ന ആനുകൂല്യങ്ങൾക്ക് പുറമേ, പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനത്തിലേക്ക് അൺലിമിറ്റഡ് ആക്‌സസും പ്രൈം ലൈറ്റ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. രണ്ട് ഉപകരണങ്ങളിൽ വരെ ഉപയോക്താക്കൾക്ക് പ്രൈം വീഡിയോ സ്ട്രീം ചെയ്യാം. പ്രിയപ്പെട്ട സിനിമകൾ, ടിവി ഷോകൾ, തത്സമയ സ്‌പോർട്‌സ് എന്നിവ ഹൈ ഡെഫനിഷൻ(എച്ച്‌ഡി) കാണാം എന്നതാണ് നേട്ടം.
ആമസോൺ പേ അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ എല്ലാ വാങ്ങലുകൾക്കും 5% ക്യാഷ്ബാക്ക് ലഭിക്കും. എങ്കിലും, ഡിജിറ്റൽ, ഗിഫ്റ്റ് കാർഡ് വാങ്ങലുകൾക്ക് ഈ ക്യാഷ്ബാക്ക് ഒഴിവാക്കിയിട്ടുണ്ട്. ഷോപ്പർമാർക്ക് ലൈറ്റ്‌നിംഗ് ഡീലുകൾ, എക്‌സ്‌ക്ലൂസീവ് ലൈറ്റ്‌നിംഗ് ഡീലുകൾ, പ്രൈം അംഗങ്ങൾക്കുള്ള ഡീൽ ഓഫ് ദി ഡേ എന്നിവ പ്രൈം ലൈറ്റ് അംഗങ്ങൾക്കും ലഭ്യമാകും.
അതേസമയം യഥാർഥ പ്രൈം പ്ലാനിനെ അപേക്ഷിച്ച്, വിലക്കുറവിന്റേതായ ചില വെട്ടിക്കുറയ്ക്കലുകൾ ആമസോൺ പ്രൈം ലൈറ്റ് പ്ലാനിൽ വരുത്തിയിട്ടുണ്ട്. ആമസോൺ പ്രൈം പ്ലാനിൽ വൺ ഡേ ഡെലിവറി, ഷെഡ്യൂൾ ഡെലിവറി, സെയിം ഡേ ഡെലിവറി എന്നിങ്ങനെ കുറച്ചുകൂടി വേഗത്തിലുള്ള ഡെലിവറി ആനുകൂല്യങ്ങൾ ലഭ്യമാണ്.

പ്രൈം പ്ലാനിൽ, 50 രൂപയിൽ താഴെ വിലയുള്ളവയ്ക്കും മോർണിംഗ് ഡെലിവറി സൗകര്യം ലഭിക്കും. പ്രൈം റീഡിംഗിലേക്കും ആമസോൺ മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങളിലേക്കും പ്രൈം ആക്സസ് നൽകുന്നു. എന്നാൽ ലൈറ്റിൽ ഈ സൗകര്യങ്ങളില്ല. വീഡിയോ ആനുകൂല്യങ്ങളിലേക്ക് വന്നാൽ, പ്രൈം അംഗങ്ങൾക്ക് ഒരേസമയം ആറ് ഉപകരണങ്ങളിൽ വരെ 4K സ്ട്രീമിംഗ് ലഭ്യമാണ്.
പ്രൈം അംഗങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐ, അധിക ചിലവില്ലാതെ അക്കോയുടെ 6 മാസത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ്, പ്രത്യേക ഗെയിമിംഗ് ഓഫറുകൾ, പ്രത്യേക ഫാമിലി ഓഫറുകൾ എന്നിവയിലേക്ക് ആക്‌സസ് ലഭിക്കും.എന്നാൽ ലൈറ്റ് പ്ലാനിൽ ഈ ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കുറഞ്ഞ നിരക്കിലുള്ള ലൈറ്റ് പ്ലാനിലൂടെ ഇന്ത്യയിലെ വരിക്കാരുടെ എണ്ണം വിപുലീകരിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








