ആമസോൺ പ്രൈം ഡേ സെയിൽ: 2 ദിവസത്തെ വിൽപ്പന, സ്മാർട്ട്ഫോണിന് 40%, ടിവിക്ക് 60% വരെ ഡിസ്കൗണ്ട്!
വിലക്കുറവിന്റെ '48 മണിക്കൂർ' വിൽപ്പനയുമായി വീണ്ടും ആമസോൺ എത്തുന്നു. ലാപ്‌ടോപ്പ്, ഇയർഫോണുകൾ, വാച്ചുകൾ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ആക്‌സസറികൾക്ക് 75 ശതമാനം വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത്, ആമസോൺ തങ്ങളുടെ പ്രൈം അംഗങ്ങൾക്കുള്ള വാർഷിക ഷോപ്പിംഗ് ഫെസ്റ്റിവൽ ആയ 'പ്രൈം ഡേ സെയിൽ' വിൽപ്പന തീയതികൾ പ്രഖ്യാപിച്ചു.
രണ്ട് ദിവസമായി നടക്കാറുള്ള ആമസോൺ പ്രൈം ഡേ സെയിൽ ഇത്തവണ ജൂലൈ 15-ന് ആരംഭിച്ച് ജൂലൈ 16-ന് ( രാത്രി 11:59 വരെ ) അവസാനിക്കും. ഈ രണ്ട് ദിവസങ്ങളിലും നിരവധി ഡിസ്കൗണ്ടുകളും വിവിധ ബാങ്ക് ഓഫറുകളും ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മികച്ച വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം.

പ്രൈം ഡേ സെയിലിൽ മൊബൈലുകൾക്ക് 40 ശതമാനം വരെയും സ്മാർട്ട് ടിവികൾക്കും ഗൃഹോപകരണങ്ങൾക്കും 60 ശതമാനം വരെയും ഡിസ്കൗണ്ട് ലഭ്യമാകും എന്നാണ് ആമസോൺ വാഗ്ദാനം. എന്നാൽ, കൃത്യമായ ഡീലുകളും വിലകളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിൽപ്പന ആരംഭിക്കുന്നതിനോട് അടുത്ത ദിവസങ്ങളിൽ പ്രധാന ഡീലുകളുടെ വിവരങ്ങൾ വ്യക്തമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റിയൽമി നാർസോ എൻ53, വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി, വൺപ്ലസ് 11 ആർ 5ജി, ഐഫോൺ 14, റെഡ്മി 12 സി, ഐക്യൂ ഇസഡ് 6 ലൈറ്റ്, തുടങ്ങിയ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാകും എന്ന് പ്രൈം ഡേ സെയിൽ പേജിൽ ആമസോൺ സൂചന നൽകിയിട്ടുണ്ട്.

പ്രൈം ഡേ സെയിലിൽ സ്മാർട്ട്‌ഫോണുകൾ, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, ടിവികൾ എന്നിവ സമാനതകളില്ലാത്ത ഡീലുകളിൽ നൽകുമെന്ന് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ സ്മാർട്ട് സ്പീക്കറുകൾ, സ്മാർട്ട് ഡിസ്പ്ലേകൾ, ഫയർ ടിവി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 55 ശതമാനം വരെ കിഴിവ് ലഭിക്കും.
എക്കോ (അലക്‌സയ്‌ക്കൊപ്പം), ഫയർ ടിവി, കിൻഡിൽ ഉപകരണങ്ങൾ എന്നിവയ്ക്ക് പ്രൈം ഡേയിൽ മികച്ച ഡീലുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ആമസോൺ ഉറപ്പിച്ച് പറയുന്നു. വിലക്കുറവ് കൂടാതെ ബാങ്ക് ഡിസ്കൗണ്ടുകളും ആമസോൺ ലഭ്യമാക്കുന്നുണ്ട്. ഐസിഐസിഐ ബാങ്ക് കാർഡുകൾ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ചുള്ള പേയ്‌മെന്റിന് 10 ശതമാനം കിഴിവ് നൽകുമെന്ന് കമ്പനി വെളിപ്പെടുത്തി.
ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് , ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ഇതിന് പുറമേ യാത്രാ ബുക്കിംഗുകൾ, ബിൽ പേയ്‌മെന്റുകൾ എന്നിവയിലും മറ്റും അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ഈ കാർഡ് നൽകുന്നു.
2,500 രൂപ വരെ റിവാർഡുകളും 300 രൂപ ക്യാഷ്ബാക്കും(പ്രൈമിന് മാത്രം) 2200 രൂപ വരെ മൂല്യമുള്ള റിവാർഡുകളും ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന പ്രൈം അംഗങ്ങൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി വിശദീകരിക്കുന്നു. പ്രൈം അംഗങ്ങൾ അല്ലാത്തവർക്കും സൈൻ അപ്പ് ചെയ്ത് 200 രൂപ ക്യാഷ്ബാക്കും 1,800 രൂപയുടെ റിവാർഡും ഉൾപ്പെടെ നേടാം.
ഏറ്റവും വേഗത്തിൽ ഓഡറുകൾ വീട്ടിലെത്തും എന്നതാണ് ഇത്തവണത്തെ പ്രൈം ഡേ സെയിലിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായി ആമസോൺ എടുത്തുകാട്ടുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ഓർഡറുകൾ അതേ ദിവസം തന്നെയോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ ഓഡർ ഡെലിവറി ചെയ്യാനാകും എന്നാണ് ആമസോൺ പറയുന്നത്. എന്നാൽ ഇന്ത്യയിലെ 25 നഗരങ്ങളിൽ മാത്രമാണ് ഈ സൗകര്യം ലഭിക്കുക.

കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, മുംബൈ, നാഗ്പൂർ, നോയിഡ, പട്ന, പൂനെ, താനെ, ഹൈദരാബാദ്, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഫരീദാബാദ്, ഗാന്ധി നഗർ, ഗുണ്ടൂർ, ഗുഡ്ഗാവ്, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, ലഖ്നൗ, വിജയവാഡ, വിശാഖപട്ടണം എന്നീ നഗരങ്ങളിലെ പ്രൈം ഉപയോക്താക്കൾക്കാണ് അതിവേഗ ഡെലിവറി സൗകര്യം ലഭ്യമാകുക.
അതേസമയം ആമസോൺ പ്രൈം ഡേ വിൽപ്പനയ്‌ക്കായി ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ഒരുപക്ഷേ യഥാർഥ ഡിസ്കൗണ്ടുകൾ ആയിരിക്കില്ല ലഭ്യമാകുക എന്നത് ശ്രദ്ധിക്കണം. അതിനാൽ പർച്ചേസ് നടത്തും മുമ്പ് പ്രൈസ് ട്രാക്കർ വെബ്സൈറ്റുകൾ ഉപയോഗിച്ച് വാങ്ങാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നത്തിന്റെ യഥാർഥ വില പരിശോധിക്കുന്നത് നല്ലതാണ്.


Click it and Unblock the Notifications