ഓഫറുകളുടെ ഏറ്റവും വലിയ കെട്ടഴിക്കാൻ ആമസോൺ! പ്രൈം ഡേ സെയിൽ തിയതി പ്രഖ്യാപിച്ചു; ഇത്തവണ 3 ദിവസം സെയിൽ
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവങ്ങളിൽ ഒന്ന് ആരംഭിക്കാൻ ഇനി രണ്ട് ആഴ്ചകൂടി മാത്രം. ആമസോൺ തങ്ങളുടെ പ്രൈം അംഗങ്ങൾക്കായി നടത്തുന്ന ആമസോൺ പ്രൈം ഡേ സെയിൽ (Amazon Prime Day 2025 sale) ജൂലൈ 12 മുതൽ 14 വരെ നടക്കുമെന്ന് ഇ-കൊമേഴ്സ് ഭീമൻ ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നു. ആമസോണിന്റെ ഏറ്റവും വലിയ വാർഷിക വിൽപ്പനയാണ് ഈ പ്രൈം ഡേ സെയിൽ. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രൈം അംഗങ്ങൾക്കായി മാത്രം മൂന്ന് ദിവസത്തെ സെയിൽ നടത്തുന്നു എന്ന പ്രത്യേകതയുണ്ട്.
ജൂലൈ 12 ന് പുലർച്ചെ 12:00 മുതൽ ജൂലൈ 14 ന് രാത്രി 11:59 വരെ 72 മണിക്കൂർ ആണ് പ്രൈം ഡേ സെയിൽ ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്. ഈ ഓഫർ കാലയളവിൽ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഡിവൈസുകളും ഗൃഹോപകരണങ്ങളും സൗന്ദര്യവർധക വസ്തുക്കളും തുടങ്ങി എന്തും വൻ വിലക്കുറവിൽ വാങ്ങാൻ അവസരം ഉണ്ടാകും.

വിവിധ മേഖലകളിലായി 1,600-ലധികം പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചുകൾ ആണ് ആമസോൺ പ്രൈം ഡേ സെയിലുമായി ബന്ധപ്പെടുത്തി സജ്ജമാക്കിയിരിക്കുന്നത്. സാംസങ്, ഹാർലി ഡേവിഡ്‌സൺ, വൺപ്ലസ്, എച്ച്പി, അസൂസ്, ബോട്ട്, ലെനോവോ, പ്യൂമ, അലൻ സോളി തുടങ്ങി നിരവധി ഇന്ത്യൻ, ആഗോള ബ്രാൻഡുകളിൽ നിന്നുള്ള പുതിയ ലോഞ്ചുകളുടെ വിശാലമായ ശേഖരം ഈ ഓഫർ സെയിൽ വാഗ്ദാനം ചെയ്യുന്നു.
ആമസോൺ പ്രൈം ഡേ സെയിൽ നേട്ടങ്ങൾ
ജൂലൈ 12 മുതൽ 14 വരെയുള്ള പ്രൈം ഡേ സെയിലിന്റെ ഭാഗമായി, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് & ഡെബിറ്റ് കാർഡുകൾ, എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ എന്നിവയിലുള്ള ഇഎംഐ പേയ്‌മെന്റുകളിൽ ഉപഭോക്താക്കൾക്ക് 10% വരെ ഡിസ്കൗണ്ട് ലഭിക്കും.

ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, പ്രൈം അംഗങ്ങൾക്ക് 5% ക്യാഷ്ബാക്കും 5% ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും. ആമസോൺ പേ ഉപഭോക്താക്കൾക്ക് ഫ്ലൈറ്റ് ടിക്കറ്റുകളിൽ 25% വരെയും ഹോട്ടൽ ബുക്കിംഗുകളിൽ 50% വരെയും ഡിസ്കൗണ്ട് കിട്ടും. സിനിമാ ടിക്കറ്റുകളിൽ 100 രൂപ ക്യാഷ്ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
10 ലക്ഷത്തിലധികം ഉത്പന്നങ്ങളുടെ ഓർഡറുകൾക്ക് അന്നുതന്നെ ഡെലിവറി ലഭ്യമാകും. 40 ലക്ഷത്തിലധികം ഉത്പന്നങ്ങൾക്ക് ഓഡറിന്റെ തൊട്ടടുത്ത ദിവസം ഡെലിവറി ലഭ്യമാകും. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, വീട്ടുപകരണങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾക്ക് 80% വരെ ഡിസ്കൗണ്ട് നേടാം എന്നതാണ് ആമസോൺ പ്രൈം ഡേ സെയിലിനെ ശ്രദ്ധേയമാക്കുന്നത്.
ഇത്തവണ എഐ പിന്തുണയുള്ള ഷോപ്പിങ് സൗകര്യവും ആമസോൺ ഒരുക്കിയിട്ടുണ്ട്. പ്രോഡക്ടുകളുടെ വിവരങ്ങൾ, താരതമ്യങ്ങൾ, ശുപാർശകൾ എന്നിവയിൽ ഉപഭോക്താക്കളെ സഹായിക്കുന്നതിന് ജനറേറ്റീവ് AI- പിന്തുണയുള്ള ഷോപ്പിംഗ് അസിസ്റ്റന്റ്, റൂഫസ് ലഭ്യമാകും. കൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ ഷോപ്പിംഗ് കാർട്ടിലേക്ക് ഇനങ്ങൾ ചേർക്കാനും ഓർഡറുകൾ ട്രാക്ക് ചെയ്യാനും Echo സ്മാർട്ട് സ്പീക്കറുകളിൽ Alexa ഉപയോഗിക്കാം.

കൂടാതെ പ്രൈം വീഡിയോ ഒന്നിലധികം ഭാഷകളിൽ 17 പുതിയ പരമ്പരകളും സിനിമകളും പ്രീമിയർ ചെയ്യുന്നു. ജനപ്രിയ ഇന്ത്യൻ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി "ബെയ്‌ലിസ്റ്റ്" എന്ന പേരിൽ ഒരു ബഹുഭാഷാ പ്ലേലിസ്റ്റും ആമസോൺ മ്യൂസിക് അവതരിപ്പിക്കുന്നു. ആമസോൺ പ്രൈം ഷോപ്പിംഗ് എഡിഷൻ സബ്സ്ക്രിപ്ഷൻ 399 രൂപ മുതൽ ലഭ്യമാണ്. പ്രൈം ലൈറ്റിന് 799 രൂപയാണ് വില, സകല ഫീച്ചറുകളുമുള്ള പ്രൈം മെമ്പർഷിപ്പ് 1,499 രൂപ മുതൽ വിലയിൽ ലഭ്യമാണ്.


Click it and Unblock the Notifications








