ഇനി ആകാശം മുഴുവന്‍ ആമസോണ്‍ ഹെലികോപ്റ്ററുകള്‍?...

Posted By:

മറ്റുള്ളവര്‍ മരത്തില്‍ കാണുമ്പോള്‍ മാനത്തുകാണുന്ന വ്യക്തിയാണ് ആമസോണ്‍ എന്ന ഇ- കൊമേഴ്‌സ് സൈറ്റ് സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബിസോസ്. കഴിഞ്ഞ ദിവസം പുതിയൊരു സംവിധാനം അദ്ദേഹം മാധ്യമ പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ഓര്‍ഡര്‍ ചെയ്താല്‍ 30 മിനിറ്റിനകം ഉത്പന്നം ഉപഭോക്താവിന്റെ അടുത്തെത്തിക്കുന്ന സംവിധാനം.

ഇത് മായാജാലമൊന്നുമല്ല. ചെറിയ ഹെലികോപ്റ്ററുകള്‍(ഡ്രോണ്‍) ഉപയോഗിച്ചാണ് വേഗത്തിലുള്ള ഡെലിവറി സാധ്യമാക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ എത്ര ദൂരെയാണെങ്കിലും ഓര്‍ഡര്‍ ചെയ്ത ദിവസം തന്നെ ഉത്പന്നം കൈയിലെത്തും. ആമസോണ്‍ പ്രൈം എയര്‍ എന്നാണ് ഇതിനെ വിളിക്കുന്നത്.

നിലവില്‍ ഹെലികോപ്റ്ററിന്റെ മാതൃകയാണ് അവതരിപ്പിച്ചത്. ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച വീഡിയോയും യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് ചുവടെ കൊടുക്കുന്നു.

<center><iframe width="100%" height="360" src="//www.youtube.com/embed/98BIu9dpwHU?feature=player_embedded" frameborder="0" allowfullscreen></iframe></center>

ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ഡ്രോണുകള്‍ പ്രവര്‍ത്തിക്കുന്നത്.
രണ്ടര കിലോ വരെ ഭാരം താങ്ങാന്‍ കഴിയുന്ന ഡ്രോണിന് 16 കിലോമീറ്റര്‍ റേഡിയസില്‍ പറക്കാനും കഴിയും. ഗോഡൗണില്‍ നിന്ന് ഉത്പന്നവുമായി ഡ്രോണുകള്‍ പറക്കുകയും ജി.പി.എസിന്റെയും മാപിന്റെയും സഹായത്തോടെ നിശ്ചിത സ്ഥലത്ത് കൊണ്ടിറക്കുകയുമാണ് ചെയ്യുക.

ഉപഭോക്താവ് ആമസോണ്‍ വെബ്‌സൈറ്റില്‍ ഓര്‍ഡര്‍ എന്നു ക്ലിക് ചെയ്താല്‍ ഉടന്‍ ഡ്രോണ്‍ പറക്കാന്‍ തയാറാവും. എന്തായാലും ആമസോണ്‍ പ്രൈം എയര്‍ പ്രാവര്‍ത്തികമായാല്‍ ആകാശത്തു നിറയെ ഡ്രോണുകളായിരിക്കും ഉണ്ടാവുക.

യു.എസിലെ ഫെഡറല്‍ അപ്രൂവലിനായി പദ്ധതി സമര്‍പ്പിച്ചു കഴിഞ്ഞു. എങ്കിലും ഇത് വ്യാവസായികാടിസ്ഥാനത്തില്‍ നടപ്പില്‍ വരുമ്പോഴേക്കും വര്‍ഷങ്ങള്‍ എടുക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot