ഒടിഞ്ഞതും പൊട്ടിയതുമൊന്നും ഇനി ആമസോൺ നൽകില്ല, പാഴ്സൽ പരിശോധിക്കാൻ എഐ എത്തുന്നു
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ആമസോൺ. എന്തുവാങ്ങണമെങ്കിലും ആദ്യം ആമസോണിലേക്ക് പോയി നോക്കുന്നവർ ധാരാളമുണ്ട്. മികച്ച ഓഫറുകൾ ഉൾപ്പെടെ നൽകി ഇഷ്ടമുള്ളതെന്തും വീട്ടുവാതിലിൽ എത്തിച്ച് നൽകുന്ന ആമസോണിനെ ഇഷ്ടപ്പെട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ. എന്നാൽ, ലക്ഷക്കണക്കിന് പേർ ദിവസവും ആശ്രയിക്കുന്ന ആമസോണിന് ചില പോരായ്മകളും ഉണ്ട്.
ചില ഘട്ടങ്ങളിൽ ആമസോണിൽ ഓഡർ ചെയ്ത് എത്തുന്ന പലതും ഉപയോഗിക്കാനാകാത്ത നിലയിൽ കേടുപാട് സംഭവിച്ചാണ് എത്തുന്നത്. അതിനാൽ ഉപയോക്താക്കളുടെ വിലപ്പെട്ട സമയം നഷ്ടമാകുകയും ആമസോണിന്റെ സേവനങ്ങൾക്ക് ചീത്തപ്പേരുണ്ടാകുകയും ചെയ്യാറുണ്ട്. ഇതിന് പരിഹാരമെന്ന നിലയിൽ പുതിയൊരു പരീക്ഷണത്തിന് ആമസോൺ തയാറെടുക്കുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ഉപയോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ ഏറ്റവും മികച്ച നിലയിൽ എത്തിക്കാൻ ആമസോൺ തങ്ങളുടെ വെയർഹൗസുകളിൽ ചില മാറ്റത്തിന് തയാറെടുക്കുന്നു എന്നാണ് റിപ്പോർട്ട്. സാധനങ്ങൾ അയയ്‌ക്കുന്നതിന് മുമ്പ് നേരത്തെ ജീവനക്കാർ പരിശോധിച്ചശേഷമാണ് അയച്ചിരുന്നത്. എന്നാൽ ഇതിന് ഒട്ടേറെ പരിമിതികളുണ്ട്. അതിനാൽ പരിശോധനയ്ക്കായി എഐയെ നിയോഗിക്കാനാണ് ആമസോൺ തീരുമാനം.
ഇനിമുതൽ എഐ പരിശോധനയ്ക്ക് ശേഷമായിരിക്കും ആമസോൺ ഓഡറുകൾ ഷിപ്പിങ്ങിനായി പുറപ്പെടുക. നാശം സംഭവിച്ച ഉപകരണങ്ങൾ ആളുകളിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പാക്കുന്നതിനൊപ്പം ആമസോണിന്റെ വെയർഹൗസുകളിൽ കൂടുതൽ ഓട്ടോമേഷൻ ലഭ്യമാക്കുന്നതിനുള്ള ഒരു ചുവടുവെപ്പ് കൂടിയാണിത്. ഈ എഐ പരിശോധന നിലവിൽ വരുന്നതോടെ, കേടുപാട് സംഭവിച്ച സാധനമാണ് ആമസോണിൽനിന്ന് എത്തിയത് എന്നതരത്തിലുള്ള പരാതികൾക്ക് പരിഹാരമാകും എന്നാണ് കരുതപ്പെടുന്നു.

നിലവിൽ ആമസോണിന്റെ വെയർഹൗസുകളിലെ തൊഴിലാളികൾ ഓരോ ഇനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതുണ്ട്. ഉൽപന്നത്തിന്റെ ഭാരം വളരെ കൂടുതലായതിനാൽ മിക്കപ്പോഴും തൊഴിലാളികൾക്ക് ചെറിയ കേടുപാടുകൾ ശ്രദ്ധിക്കാൻ കഴിയുന്നില്ല. എഐ ഉപയോഗിക്കുന്നതിലൂടെ, ഈ പരിമിതി മറികടക്കാമെന്ന് ആമസോൺ പ്രതീക്ഷിക്കുന്നു. നൽകുന്ന പ്രോഡക്ടുകൾ നിലവാരമുള്ളതാണ് എന്ന് ഉറപ്പാക്കുന്നതിലൂടെ ആളുകളിൽ വിശ്വാസം വർധിപ്പിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നു.
വെയർഹൗസുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ എഐ ഫലപ്രദമായി ഉപയോഗിക്കാനാകും എന്ന് ആമസോൺ വിശ്വസിക്കുന്നു. ഓർഡറുകൾ എടുക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള പ്രക്രിയ വേഗത്തിലാക്കാനും നിലവിലുള്ളതിനെക്കാൾ വേഗത്തിൽ ഡെലിവറികൾ സാധ്യമാക്കാനും എഐയുടെ വരവ് സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. ലോജിസ്റ്റിക്സിൽ എഐ ഉപയോഗിക്കുന്ന പ്രവണത ശക്തമാകുന്നതിനിടെയാണ് ആമസോണും ഈവഴി തെരഞ്ഞെടുത്തിരിക്കുന്നത്.
അനന്തമായ സാധ്യതകളുള്ള സാങ്കേതികവിദ്യയാണ് എഐ എന്ന് ഇതിനോടകം ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. വൻകിട കമ്പനികളെല്ലാം തങ്ങളുടെ ആവശ്യങ്ങൾക്കായി എഐയെ എങ്ങനെ ഉപയോഗിക്കാം എന്നുള്ള ഗവേഷണത്തിലാണ്. പല കമ്പനികളും തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും കാര്യക്ഷമവുമാക്കാനുള്ള വഴികൾ തേടുകയാണ്. അവരിൽ ഭൂരിഭാഗവും പ്രതീക്ഷവച്ചിരിക്കുന്നത് എഐയുടെ സാധ്യതകളിലാണ്.
മറ്റ് വൻകിട കമ്പനികളിൽ കണ്ടതുപോലുള്ള വലിയ കൂട്ടപ്പിരിച്ചുവിടലുകൾ ആമസോണിലും നടന്നിരുന്നു. പതിനായിരക്കണക്കിന് ജീവനക്കാരാണ് പുറത്താക്കപ്പെട്ടത്. ഇവരിൽ പലരുടെയും ജോലികൾ എഐ ഉപയോഗിച്ച് പുനക്രമീകരിക്കാനും ആമസോൺ പദ്ധതിയിടുന്നുണ്ട്. അതിന്റെ ഭാഗമായിക്കൂടിയാകാം ഉൽപ്പന്നങ്ങളുടെ പരിശോധനയ്ക്കായി എഐ ടെക്നോളജി കൊണ്ടുവരുന്നത്. മനുഷ്യ തൊഴിലാളികളുടെ ശാരീരിക ആയാസം കുറയ്ക്കാനും തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനും എഐയുടെ വരവ് ആമസോണിനെ സഹായിക്കും.
ഉപയോഗിക്കാനാകാത്ത നിലയിൽ ഓഡറുകൾ ആളുകളിലേക്ക് എത്തുന്നത് കുറയ്ക്കേണ്ടത് ആമസോണിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ആമസോണിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ അത് കാര്യമായി ബാധിക്കുകയും സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. നിലവിൽ രണ്ട് വെയർഹൗസുകളിൽ ആമസോൺ എഐ സേവനം ഉപയോഗിക്കുന്നുണ്ട്. 10 സ്ഥലങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനാണ് നീക്കം നടക്കുന്നത്.

സാധനങ്ങൾ തിരഞ്ഞെടുക്കൽ, ഓർഡറുകൾ പാക്ക് ചെയ്യൽ, കേടുപാടുകൾ പരിശോധിക്കൽ തുടങ്ങിയ മനുഷ്യർ സാധാരണയായി ചെയ്യുന്ന ജോലികൾ നിർവഹിക്കാൻ കഴിയുന്ന എഐ സാങ്കേതികവിദ്യ വികസിപ്പിച്ചാണ് ലോജിസ്റ്റിക്സിൽ ഉപയോഗിക്കുക. കേടായ വസ്തുക്കളെ തിരിച്ചറിയുന്നതിൽ എഐ സിസ്റ്റം ഒരു മനുഷ്യ തൊഴിലാളിയേക്കാൾ മൂന്നിരട്ടി മികച്ചതാണ് എന്നാണ് ആമസോണിലെ സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് മാനേജർ ക്രിസ്‌റ്റോഫ് ഷ്വേർഡ്‌ഫെഗർ പറയുന്നത്.
വെയർഹൗസ് പ്രക്രിയയുടെ പിക്കിംഗ്, പാക്കിംഗ് ഘട്ടങ്ങളിലാണ് എഐ പരിശോധന നടക്കുന്നത്. ഇനങ്ങൾ തിരഞ്ഞെടുത്ത് ഓർഡറുകൾക്കായി ബിന്നുകളിൽ ഇടുമ്പോൾ, അവ ഒരു ഇമേജിംഗ് സ്റ്റേഷനിലൂടെ കടന്നുപോകുന്നു, അവിടെ അവയുടെ കൃത്യത പരിശോധിക്കുന്നു. അതോടൊപ്പം എഐ ഉപയോഗിച്ച് എന്തെങ്കിലും കേടുപാടുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നു. എന്തെങ്കിലും കേടുപാട് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഒരു ജീവനക്കാരൻ അത് സൂക്ഷ്മമായി പരിശോധിക്കുന്നു.
കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിൽ, അടുത്തഘട്ടമായി ഈ സാധനങ്ങൾ പാക്കിംഗ് ഘട്ടത്തിലേക്ക് നീങ്ങുകയും തുടർന്ന് ഉപഭോക്താവിന് ഷിപ്പ് ചെയ്യുകയും ചെയ്യും. കേടുപാടുള്ളതും കേടുപാട് ഇല്ലാത്തതുമായ വസ്തുക്കളുടെ ചിത്രങ്ങളുടെ ഒരു ശേഖരം ഉപയോഗിച്ചാണ് ആമസോൺ എഐയെ പരിശീലിപ്പിച്ചത്. ചിത്രങ്ങൾ താരതമ്യപ്പെടുത്തി എഐ കുറവുകൾ കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്.


Click it and Unblock the Notifications








