ക്രിപ്‌റ്റോ കറന്‍സിയിലും വിശ്വാസമില്ല: ഫേസ്ബുക്കിനെതിരെ വീണ്ടും അമേരിക്കന്‍ സെനറ്റര്‍മാര്‍

|

ക്രിപ്‌റ്റോ കറന്‍സി രംഗത്ത് വന്‍ കുതിപ്പിന് തയ്യാറെടുക്കുന്ന ഫേസ്ബുക്കിനെ കുഴപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം അമേരിക്കന്‍ സെനറ്റര്‍മാര്‍. ക്രിപ്‌റ്റോകറന്‍സി പോലൊരു സാമ്പത്തിക മേഖല നിയന്ത്രിക്കുന്നതില്‍ ഫേസ്ബുക്കിനെ വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് വിമര്‍ശനം. ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഫേസ്ബുക്ക് പിന്മാറണമെന്നും സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ക്രിപ്‌റ്റോ കറന്‍സി വാലറ്റായ 'നോവി' പുറത്തിറക്കിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഡെമോക്രാറ്റിക് ജനപ്രതിനിധികളായ ബ്രയാന്‍ ഷാറ്റ്‌സ്, ഷെറോഡ് ബ്രൗണ്‍, റിച്ചാര്‍ഡ് ബ്ലൂമന്താല്‍, എലിസബത്ത് വാറന്‍, ടിനാ സ്മിത്ത് എന്നിവര്‍ രംഗത്തെത്തിയത്.

ഫേസ്ബുക്കിനെതിരെ വീണ്ടും അമേരിക്കന്‍ സെനറ്റര്‍മാര്‍

'ഫേസ്ബുക്ക് വീണ്ടും ഡിജിറ്റല്‍ കറന്‍സി പദ്ധതികളുമായി അതിവേഗം മുന്നേറുകയും പേയ്‌മെന്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പൈലറ്റ് പ്രോജക്ടുകള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ ഫേസ്ബുക്കിന്റെ പദ്ധതികള്‍ നിലവിലെ സാമ്പത്തിക നിയന്ത്രണ വ്യവസ്ഥകളുമായി യാതൊരു തരത്തിലും പൊരുത്തപ്പെടുന്നില്ല. ഇപ്പോഴുള്ള കസ്റ്റമേഴ്‌സിന്റെ സുരക്ഷ പോലും ഉറപ്പാക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ട ഫെയ്്‌സ്ബുക്കിനെ പേയ്‌മെന്റ് സിസ്റ്റമോ ഡിജിറ്റല്‍ കറന്‍സിയോ പോലെയുള്ള രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിശ്വസിക്കാനാകില്ല.' ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനയച്ച കത്തില്‍ സെനറ്റര്‍മാര്‍ വിമര്‍ശനമുയര്‍ത്തുന്നു.

ഫേസ്ബുക്ക് ആരംഭിച്ച ക്രിപ്‌റ്റോ വാലറ്റ് 'നോവി'യുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും വലിയ പരിശോധനകള്‍ നേരിടുമെന്നാണ് സെനറ്റര്‍മാരുടെ കത്ത് നല്‍കുന്ന സൂചന. കത്തിന് മറുപടി നല്‍കുമെന്ന് നോവിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചിട്ടുണ്ട്. 2019 ജൂണിലാണ് 2.85 ബില്ല്യണിലധികം യൂസേഴ്‌സുള്ള സോഷ്യല്‍ മീഡിയാ ഭീമന്‍ ക്രിപ്‌റ്റോ കറന്‍സി പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ എതിര്‍പ്പാണ് ലോകത്താകമാനം നേരിട്ടത്. വിവിധ രാജ്യങ്ങളിലെ ഉന്നത രാഷ്ട്രീയ നേതാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ക്രിപ്‌റ്റോ കറന്‍സി രംഗത്ത് ഫേസ്ബുക്ക് പിടിമുറുക്കിയാല്‍ സാമ്പത്തിക മേഖലയിലെ തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നലാണ് എതിര്‍പ്പിന് പിന്നില്‍. സാമ്പത്തിക കുറ്റകൃത്യങ്ങളും സ്വകാര്യത ലംഘനങ്ങളും പതിവാകുമെന്നും പ്രതിഷേധമുയര്‍ത്തുന്നവര്‍ പറയുന്നു.

അമേരിക്കയില്‍ ഫേസ്ബുക്കിനെതിരായ നടപടികളും പരിശോധനകളും വര്‍ധിച്ച് വരുന്നതിന് പിന്നാലെ കമ്പനി ഒരു പേര് മാറ്റാൻ ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അമേരിക്കന്‍ ടെക്‌നോളജി ബ്ലോഗായ വെര്‍ജ് ആണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വിട്ടത്. ഒക്ടോബര്‍ 28ന് നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പേരുമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പേരുമാറ്റത്തോടെ സ്വപ്‌നപദ്ധതിയായ മെറ്റാവേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനാണ് ഫെയ്‌സ്ബുക്കിന്റെ ശ്രമം. ജൂലൈയില്‍ ഫേസ്ബുക്കിന്റെ ഭാവി മെറ്റാവേഴ്‌സിലാണെന്ന്് മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു.

കോടിക്കണക്കിനാള്‍ക്കാര്‍ക്ക് ഒരേസമയം ആക്‌സസ് ചെയ്യാന്‍ കഴിയുന്നതരത്തിലുള്ള വെര്‍ച്ച്വല്‍ ലോകമാണ് ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്പരം പങ്ക് വയ്ക്കപ്പെടുന്ന വെര്‍ച്ച്വല്‍ റൂമുകളിലൂടെ എല്ലാത്തരം ഇന്ററാക്ഷനുകള്‍ക്കും വഴിയൊരുങ്ങുമെന്നും കരുതപ്പെടുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍, നവമാധ്യമ രംഗത്തെ കുത്തക, തുടങ്ങി ഡിജിറ്റല്‍ കറന്‍സി വരെയുള്ള കാര്യങ്ങളില്‍ ഫേയ്‌സ്ബുക്കിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിവിധ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ സമാന്തര ഡിജിറ്റല്‍ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിക്ക് എന്തെല്ലാം എതിര്‍പ്പുകള്‍ ഉയര്‍ത്തുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

Best Mobiles in India

English summary
Facebook is again coming under fire from American senators. this time representatives targets face book's ambitious cryptocurrency plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X